
ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഐക്യു അവരുടെ ഏറ്റവും പുതിയ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണായ ഐക്യു 15 നവംബര്‍ 26ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ത്യന്‍ ലോഞ്ചിന് മുന്നോടിയായി ഐക്യു 15-ന്‍റെ പ്രധാന സ്പെസിഫിക്കേഷനുകള്‍ ആമസോണ്‍ മൈക്രോസൈറ്റിലൂടെ കമ്പനി പങ്കുവെച്ചു. ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റ് മുതല്‍ ഐക്യു 15 ഇന്ത്യന്‍ വേരിയന്‍റിന്‍റെ ഡിസ്‌പ്ലെ, ബാറ്ററി, ക്യാമറ തുടങ്ങി ഏറെ വിശദാംശങ്ങള്‍ ഇതിനകം സ്ഥിരീകരിക്കപ്പെട്ടു. 50എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഐക്യു 15 സ്‌മാര്‍ട്ട്‌ഫോണിലുള്ളത്.
ക്വാല്‍കോമിന്‍റെ കരുത്തുറ്റ പുത്തന്‍ ഫ്ലാഗ്‌ഷിപ്പ് പ്രൊസ്സസറായ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റിലാണ് ഐക്യു 15 നിര്‍മ്മിച്ചിരിക്കുന്നത്. ഗെയിമിംഗിനായി ഒരു ക്യു3 കമ്പ്യൂട്ടിംഗ് ചിപ്പ് സംയോജിപ്പിച്ചിരിക്കുന്നു. ഗെയിമിംഗ് പ്രകടനം ഈ ചിപ്പ് മെച്ചപ്പെടുത്തുമെന്നാണ് ഐക്യു അധികൃതര്‍ പറയുന്നത്. ഐക്യു 15 ഇന്ത്യന്‍ വേരിയന്‍റില്‍ സാംസങ് 2കെ എം14 ലീഡ് ഓഎല്‍ഇഡി ഡിസ്‌പ്ലെയാണ് ഉണ്ടാവുക. ഈ സ്‌ക്രീന്‍ 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 2,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും പ്രദാനം ചെയ്യും. ഡോള്‍ബി വിഷന്‍ എച്ച്‌ഡിആര്‍ സിസ്റ്റം ഈ ഡിസ്‌പ്ലെ പിന്തുണയ്‌ക്കും. 100 വാട്‌സ് വയേര്‍ഡ് ചാര്‍ജിംഗും 40 വാട്‌സ് വയര്‍ലെസ് ചാര്‍ജിംഗും സഹിതം 7,000 എംഎഎച്ചിന്‍റെ കരുത്തുറ്റ ബാറ്ററി ഐക്യു 15 സ്‌മാര്‍ട്ട്‌ഫോണിലുണ്ടാകും.
ഐക്യു 15-ന്‍റെ ക്യാമറ സ്പെസിഫിക്കേഷനുകളും പ്രതീക്ഷ നല്‍കുന്നതാണ്. 50-മെഗാപിക്‌സലിന്‍റെ പ്രധാന ക്യാമറയ്‌ക്കൊപ്പം 50എംപി പെരിസ്‌കോപ് ടെലിഫോട്ടോ ക്യാമറ, 50എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ക്യാമറ എന്നിവ ഇന്ത്യയിലെത്തുന്ന ഐക്യു 15-ലുണ്ടാകും. സെല്‍ഫിക്കായി ഐക്യു 15-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് 32എംപിയുടെ ക്യാമറയാണ്. 8,000 mm2 സിംഗിള്‍-ലെയര്‍ വേപ്പര്‍ കൂളിംഗ് ചേമ്പറും ഐക്യു 15-ലുണ്ടാകും. പൊടിക്കും ജലത്തിനുമെതിരെ ഐപി68, ഐപി69 റേറ്റിംഗുകളാണ് ഐക്യു 15-ന് ലഭിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്‌ഡ് 16 അടിസ്ഥാനത്തിലുള്ള ഒറിജിന്‍ഒഎസ് 6 ഇന്‍റര്‍ഫേസാണ് ഐക്യു 15-ന്‍റെ മറ്റൊരു ആകര്‍ഷണം. അഞ്ച് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റും ഏഴ് വര്‍ഷത്തെ സുരക്ഷാ പാച്ചുകളും ഐക്യു 15 വാഗ്‌ദാനം ചെയ്യുന്നു.