കൊച്ചുണ്ടാപ്രി- അവനാണ് എന്‍റെ ആദ്യത്തെ ഫോണ്‍

By Web TeamFirst Published Sep 24, 2018, 4:03 PM IST
Highlights

നിദ്രാദേവി എങ്ങോട്ടെന്നില്ലാതെ ടൂറിനു പോയ ചില നിശബ്ദ രാത്രികളിൽ ഇവൻ മാത്രം എനിക്കു വേണ്ടി പാടിക്കൊണ്ടിരുന്നു.. എന്റെ പ്രിയപ്പെട്ട കൊച്ചുണ്ടാപ്രി ഫോണേ നിറച്ചും ഉമ്മകൾ..നിന്റെ സ്ഥാനം ഖൽബിലാണ്ടാ...️  ജീനു രത്ന MyG എന്‍റെ ആദ്യഫോണ്‍ പരമ്പരയില്‍ എഴുതുന്നു

ചിന്തയും പ്രവൃത്തിയും കീഴ്മേൽ മറിഞ്ഞു കൊണ്ടിരുന്ന 6 വർഷങ്ങൾ. മധുരപ്പതിനേഴു മുതൽ 22 ഫീമെയില്‍ കോഴിക്കോടും കഴിഞ്ഞ് ഇപ്പൊ ഈ 23-മത്തെ വയസ് വരെ എന്‍റെ എല്ലാ തണുത്ത ഒറ്റപ്പെടലുകളിലും സന്തോഷങ്ങളിലും ഭ്രാന്തുകളിലും യാത്രകളിലും വാട്ട്സ്ആപ്പിന്‍റെയും യൂട്യൂബിന്‍റെയും പിൻബലമില്ലാതെ കഷ്ടപ്പെട്ട് കുത്താൻ പറ്റിയ ഒരു ഫേസ്ബുക്ക് ആപ്പ് മാത്രം വെച്ച് കൂടെ നിന്നവൻ.

പാത്തുമ്മയുടെ ആടിൽ ന്‍റെപ്പൂപ്പ കുപ്പിഗ്ലാസ് വലിച്ചെറിയും പോലെ ഒരുപാട് തവണ എറിഞ്ഞു നോക്കിയിട്ടും ചോരയൊലിക്കാത്ത മുറിവുകളോടെ കൂടെ തന്നെ നിന്നവൻ. നിദ്രാദേവി എങ്ങോട്ടെന്നില്ലാതെ ടൂറിനു പോയ ചില നിശബ്ദ രാത്രികളിൽ ഇവൻ മാത്രം എനിക്കു വേണ്ടി പാടിക്കൊണ്ടിരുന്നു.. എന്റെ പ്രിയപ്പെട്ട കൊച്ചുണ്ടാപ്രി ഫോണേ നിറച്ചും ഉമ്മകൾ..നിന്റെ സ്ഥാനം ഖൽബിലാണ്ടാ...️  എന്‍റെത് മാത്രമായി എല്ലാ സമയങ്ങളിലും കൂടെ ഉണ്ടായിരുന്നത് നീ മാത്രമായിരുന്നല്ലോ..

പ്രളയം വന്നപ്പോൾ എനിക്ക് ചുറ്റും എന്തൊക്കെയോ സംഭവിക്കുന്നുവെന്ന പരിമിതമായ അറിവുകളോടെ നാലു ചുവരുകളെയും നോക്കിയിരുന്നപ്പോഴാണ് സ്മാർട് ഫോൺ ഉണ്ടായിരുന്നെങ്കിൽ എന്ന് ഏറ്റവും ആഗ്രഹിച്ചത്. ഫോണിൽ കുത്തൽ ഏറ്റവും വലിയ പാപമാണെന്ന് വിശ്വസിക്കുന്ന ഒരു പാവം അച്ഛന്‍റെ മോൾ ഇപ്പൊ ഇതാ പണിക്ക് പോയി പൈസയുണ്ടാക്കി തോണ്ടുന്ന ഫോൺ വാങ്ങിയിരിക്കുന്നു.

ഇക്കാലത്തെ കൗമാരത്തിന്‍റെ പ്രിയപ്പെട്ട അച്ഛൻമാരോടും അമ്മമാരോടും എന്‍റെ അനുഭവമാണ് എന്‍റെ പാഠം എന്ന ചെറിയ ചിന്തയിൽ പറഞ്ഞു വെക്കട്ടെ, ഫോണിൽ കുത്തുന്ന മക്കളെ മുൻപും പിൻപും നോക്കാതെ പ്രാകാതിരിക്കൂ. പറ്റുമെങ്കിൽ അവർക്കൊപ്പമിരുന്ന്ഫോണിൽ കുത്തൂ.. കാരണം നിങ്ങൾ മക്കളിൽ നിന്ന് മൂടി വെക്കുന്നതെന്തും പുതിയ വഴിയിലൂടെ നുഴഞ്ഞ് ചെന്ന് അവർ കണ്ടെത്തിയിരിക്കും. പുതിയവഴി ചീത്തയാവതിരിക്കാൻ, ബന്ധങ്ങൾ നിലനിർത്താൻ, എല്ലാത്തിനെക്കുറിച്ചും അറിയാൻ, സാമൂഹ്യ ജീവിയാവാൻ അവർക്കൊപ്പമിരുന്ന് ഫോണിൽ കുത്തൂ.

click me!