
ചെന്നൈ: ഐഎസ്ആർഒയുടെ ഗതിനിർണയ ഉപഗ്രഹമായ IRNSS-1H ന്‍റെ വിക്ഷേപണം പരാജയപ്പെട്ടു. ഐഎസ്ആർഒയുടെ മേൽനോട്ടത്തിൽ ബംഗലുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൽഫാ ഡിസൈൻ ടെക്നോളജീസ് എന്ന സ്വകാര്യ കമ്പനിയാണ് ഉപഗ്രഹം നിർമിച്ചത്. ഇന്ത്യയുടെ ആദ്യ സ്വകാര്യനിർമ്മിത ഉപഗ്രഹം കൂടിയായിരുന്നു IRNSS-1H.
ഉപഗ്രഹം പറന്നുയരുമ്പോൾ അന്തരീക്ഷവുമായുള്ള ഘർഷണം തടയാനുള്ള ഹീറ്റ് ഷീൽഡ് ഭ്രമണപഥത്തിലെത്തിയിട്ടും വിച്ഛേദിയ്ക്കാനാകാത്തതാണ് വിക്ഷേപണം പരാജയപ്പെടാൻ കാരണമെന്ന് ഐഎസ്ആർഒ അറിയിച്ചു. വൈകിട്ട് 6.59 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലായിരുന്നു ഉപഗ്രഹം വിക്ഷേപിച്ചത്. I R N S S സീരീസിലെ ഏഴാമത്തെ ഉപഗ്രഹമാണിത്.
2013 ൽ വിക്ഷേപിച്ച IRNSS-1A തകരാറിലായതിനെത്തുടർന്നാണ് പുതിയ ഉപഗ്രഹം വിക്ഷേപിയ്ക്കുന്നത്. നാവിക് - അഥവാ - നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ - എന്ന ആഭ്യന്തര ഗതിനിർണയ സാങ്കേതികവിദ്യയ്ക്ക് പുതിയ ഉപഗ്രഹം ഏറെ സഹായകരമാകും എന്നാണ് കരുതപ്പെട്ടിരുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam