
രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ചൈനീസ് കമ്പനികളുടെ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ വിലക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഓപ്പോ, വിവോ, ഷവോമി, ലെനോവോ തുടങ്ങി മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ ഇന്ത്യയിൽ തന്നെ പ്ലാന്റ് തുടങ്ങിയ ചൈനീസ് കമ്പനികള്‍ക്കെതിരെയായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ വ്യപകമായി പ്രചരിച്ച ഈ വാര്‍ത്തകള്‍ വ്യാജമാണെന്നാണ് ഈ കമ്പനികള്‍ പറയുന്നത്. പുതുതായി തുടങ്ങിയ ഒരു സ്മാർട്ട്ഫോൺ കമ്പനിയും കച്ചവടം കുറഞ്ഞ മറ്റു കമ്പനികളുമാണ് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിന് പിന്നിലെന്നാണ് ഈ കമ്പനികളുടെ വാദം. വ്യാജ വാർത്തകള്‍ക്കെതിരെ കമ്പനികൾ നിയമനടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് മാസത്തിൽ ഏകദേശം 70 ലക്ഷം സ്മാർട്ടഫോണുകളാണ് വിൽക്കപ്പെടുന്നത്. ഇതിൽ 60 ശതമാനവും ഈ നാല് കമ്പനികളുടെ ഫോണുകളാണ്. രാജ്യസുരക്ഷയെ മുൻനിർത്തിയാണ് ഇവർക്കെതിരെ ആരോപണം. വിഷയത്തില്‍ ഇന്ത്യയിൽ സ്മാർട്ട്ഫോൺ വിൽപനയിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന ഓപ്പോയാണ് ആദ്യം പ്രതികരിച്ചത്. ഓപ്പോയുടെ ഇന്ത്യൻ ഉപഭോക്താക്കളുടെ ഡേറ്റകളെല്ലാം സുരക്ഷിതമാണെന്ന് കമ്പനി വക്താവ് ഔദ്യേഗികമായി അറിയിച്ചു. ഇന്ത്യയിലെ നിയമങ്ങൾ അനുസരിച്ചാണ് ഓപ്പോ പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളിൽ നിന്ന് അനുമതി വാങ്ങിയതിനു ശേഷമാണ് ഡേറ്റ ഉപയോഗിക്കുന്നത്. സിംഗപ്പൂരിലാണ് ഓപ്പോയുടെ സെർവറുകൾ സ്ഥാപിച്ചിരിക്കുന്നത്. സെർവറുകൾ പൂർണ സുരക്ഷിതമാണെന്നും ഓപ്പോ വക്താവ് അറിയിച്ചു.
ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങൾ ചോർത്തുന്നുവെന്ന സംശയത്തെ തുടർന്ന് ചൈനീസ് കമ്പനികൾ ഉൾപ്പെടെയുള്ള 30 മൊബൈൽ ഫോൺ കമ്പനികൾക്ക് കേന്ദ്രസർക്കാർ നേരത്തെ നോട്ടിസ് അയച്ചിരുന്നു. ചൈനീസ് കമ്പനികളായ വിവോ, ഒപ്പോ, ഷവോമി, ജിയോണി എന്നിങ്ങനെ നിരവധി കമ്പനികൾ ഈ ലിസ്റ്റിലുണ്ട്. ചൈനീസ് കമ്പനികൾക്കു പുറമെ ആപ്പിൾ, സാംസങ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾക്കും മൈക്രോമാക്സ് ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾക്കും കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു. നോട്ടിസിനു മറുപടി നൽകാൻ കമ്പനികൾക്ക് ഓഗസ്റ്റ് 28 വരെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാൽ ഇതു സംബന്ധിച്ച് മിക്ക സ്മാർട്ട്ഫോണ്‍ കമ്പനികളും കേന്ദ്രസർക്കാരിന് വ്യക്തമായ മറുപടി നൽകിയെന്നാണ് അറിയുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam