വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആരുമായി പങ്കിട്ടുവെന്ന് നിങ്ങൾക്ക് കാണാം. സേവ് ചെയ്‌ത എല്ലാ കോൺടാക്‌റ്റുകൾക്കും ഇത് ദൃശ്യമാണെങ്കിൽ, 'മൈ കോൺടാക്‌റ്റ്സ്' എന്ന ലേബൽ കാണാം.

തിരുവനന്തപുരം: സ്റ്റാറ്റസ് ഇന്‍റർഫേസിനുള്ളിൽ വച്ചുതന്നെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളുടെ പ്രൈവസി സെറ്റിംഗ്‍സുകൾ ക്രമീകരിക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് കൊണ്ടുവരുന്നു. ഏറ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റ പതിപ്പില്‍ ഈ സവിശേഷത കണ്ടെത്തിയതായും ഇത് നിലവിൽ ബീറ്റാ ടെസ്റ്റർമാർക്ക് ലഭ്യമാണെന്നുമാണ് വാട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍ പിന്തുടരുന്ന വാബീറ്റഇന്‍ഫോയുടെ റിപ്പോര്‍ട്ട്. സ്റ്റാറ്റസ് പ്രൈവസിക്ക് കൂടുതൽ വ്യക്തത വരുത്തുന്നതിലാണ് ഈ അപ്‌ഡേറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഓഡിയൻസ് സെറ്റിംഗ് പതിവായി മാറ്റുന്ന ഉപയോക്താക്കൾക്ക് ഈ പുതിയ ഫീച്ചർ ഏറെ ഗുണം ചെയ്യും.

ഈ ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

24 മണിക്കൂറിനുള്ളിൽ പങ്കിട്ട സ്റ്റാറ്റസ് അപ്‌ഡേറ്റിന്‍റെ വ്യൂവേഴ്‌സ് മെനുവിനുള്ളിലാണ് പുതിയ ഓപ്ഷൻ ദൃശ്യമാവുക. ഉപയോക്താക്കൾ ഈ സ്‌ക്രീനിൽ നിന്ന് മെനു തുറക്കുമ്പോൾ, അവർക്ക് ഒരു പുതിയ 'ഓഡിയൻസ്' ഓപ്ഷൻ കാണാൻ കഴിയും. അതിൽ ടാപ്പ് ചെയ്യുമ്പോൾ ആ നിർദ്ദിഷ്‌ട സ്റ്റാറ്റസ് അപ്‌ഡേറ്റിനായി ഉപയോഗിച്ച പ്രൈവസി സെറ്റിംഗ്‍സുകൾ വ്യക്തമായി കാണിക്കുന്ന ഒരു സമ്മറി പേജ് തുറക്കും.

ഇതിന് മുകളിൽ, വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആരുമായി പങ്കിട്ടുവെന്ന് നിങ്ങൾക്ക് കാണാം. സേവ് ചെയ്‌ത എല്ലാ കോൺടാക്‌റ്റുകൾക്കും ഇത് ദൃശ്യമാണെങ്കിൽ, 'മൈ കോൺടാക്‌റ്റ്സ്' എന്ന ലേബൽ കാണാം. അപ്‌ഡേറ്റ് പരിമിതികളോടെയാണ് പങ്കിട്ടതെങ്കിൽ, ഉപയോക്താക്കൾക്ക് 'എക്സെപ്റ്റ് മൈ കോണ്ടാക്റ്റ്' അല്ലെങ്കിൽ 'ഒൺലി ഷെയർ വിത്ത്' പോലുള്ള ഓപ്ഷനുകൾ കാണാനാകും. നിയന്ത്രണങ്ങൾ ബാധകമാക്കിയ സന്ദർഭങ്ങളിൽ, തിരഞ്ഞെടുത്ത ലിസ്റ്റിൽ നിന്ന് ഏതൊക്കെ കോൺടാക്‌റ്റുകളെ ഒഴിവാക്കി അല്ലെങ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വാട്ട്‌സ്ആപ്പ് കൃത്യമായി കാണിക്കുന്നു.

ഇനി പേടി കൂടാതെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെക്കാം

സ്റ്റാറ്റസ് പ്രൈവസി സെറ്റിംഗ്‌സ് ഇടയ്ക്കിടെ മാറ്റുന്ന ഉപയോക്താക്കൾക്ക് ഈ സവിശേഷത ഉപയോഗപ്രദമാകുമെന്ന് വാട്‌സ്ആപ്പ് കരുതുന്നു. പലരും കുടുംബം, അടുത്ത സുഹൃത്തുക്കൾ, ജോലിസ്ഥലത്തെ കോൺടാക്റ്റുകൾ തുടങ്ങിയ വ്യത്യസ്‌ത ഗ്രൂപ്പുകളുമായി വ്യത്യസ്‌ത അപ്‌ഡേറ്റുകൾ പങ്കിടുന്നു. പോസ്റ്റ് ചെയ്‌തതിനുശേഷം സ്റ്റാറ്റസിന്‍റെ പ്രേക്ഷകരെ പരിശോധിക്കുന്നതിനുള്ള വ്യക്തമായ മാർഗം ഇത്രകാലവും വാട്‌സ്ആപ്പ് നൽകിയിരുന്നില്ല. അപ്‌ഡേറ്റ് ലൈവ് ആയിക്കഴിഞ്ഞാൽ, ഏത് പ്രൈവസി ഓപ്ഷനാണ് തിരഞ്ഞെടുത്തതെന്ന് ഉപയോക്താക്കൾ സ്വയം ഓർമ്മിക്കേണ്ടിവന്നിരുന്നു. എന്തെങ്കിലും സംശയമുണ്ടെങ്കിൽ സ്റ്റാറ്റസ് ഡിലീറ്റ് ചെയ്‌ത് വീണ്ടും ഷെയർ എന്നതായിരുന്നു മുന്നിലുള്ള സുരക്ഷിതമായ ഏക ഓപ്ഷൻ. എന്നാല്‍ പുതിയ ഫീച്ചർ ലൈവായിക്കഴിഞ്ഞാൽ ഈ വലിയ പ്രശ്‍നത്തിന് ഒരു പരിഹാരമാകും.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്