സ്മാര്‍ട്ട്ഫോണുകളുടെ ഭാവിയില്‍ ആശങ്കയുമായി പഠനം

By Web DeskFirst Published Sep 7, 2016, 4:35 AM IST
Highlights

സ്മാര്‍ട്ട്ഫോണുകളുടെ ഭാവി തന്നെ ആശങ്കയിലാക്കുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. സ്മാര്‍ട്ട് ഫോണുകളിലും ടാബ്‌ലെറ്റുകളിലും മാല്‍വെയറുകള്‍ ബാധിക്കുന്നത് ആറുമാസത്തിനിടെ 96 ശതമാനം വര്‍ധിച്ചതായി പഠന റിപ്പോര്‍ട്ട്. പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ നോക്കിയ ആണ് ഇത്തരം പഠനം നടത്തിയത്.

മാല്‍വെയറുകള്‍ ഡിവൈസുകളിലുള്ള വിവരങ്ങള്‍ ചോര്‍ത്തുകയും പ്രവര്‍ത്തനം മന്ദഗതിയിലാക്കുകയും ചെയ്യും. ഉപയോക്താവിന്റെ ഒരുവിധ സമ്മതവും കൂടാതെ ഇ-മെയില്‍ ഉള്‍പ്പെടെയുള്ളവയിലേക്ക് കടന്നുകയറാന്‍ ഈ മാല്‍വെയറിനു കഴിയും. 100 മില്യണ്‍ സ്മാര്‍ട്ട് ഫോണുകളെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇതില്‍ 78 ശതമാനം ഫോണുകളെയും മാല്‍വെയറുകള്‍ ബാധിച്ചിരുന്നു. 

മാല്‍വെയര്‍ ബാധിച്ചതില്‍ കൂടുതലും ആന്‍ഡ്രോയിഡ് ഫോണുകളാണെന്നാണ് നോക്കിയ നടത്തിയ പഠനത്തില്‍ പറയുന്നത്. 74 ശതമാനം ആന്‍ഡ്രോയിഡ് ഫോണുകളെയും നാലു ശതമാനം ഐഫോണുകളെയും മാല്‍വെയര്‍ ബാധിച്ചെന്നാണ് കണെ്ടത്തല്‍. 

വാട്‌സ്ആപ്പ് അടുത്തയിടെ അവതരിപ്പിച്ചതും വ്യാപകമാക്കുന്നതുമായ വോയ്‌സ്‌കോളിംഗ് സംവിധാനത്തിന്‍റെ മറവില്‍ മാല്‍വെയറുകള്‍ പ്രചരിച്ചിരുന്നു. വ്യാജ ആപ്ലിക്കേഷനുകളിലൂടെയാണ് മാല്‍വെയറുകള്‍ കൂടുതലും ഫോണുകളില്‍ കയറുന്നത്. 

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കേ ഇടയ്ക്കു കയറിവരുന്ന ഡയലോഗ് ബോക്‌സുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക, തേഡ്പാര്‍ട്ടി ആപ്പ് സ്‌റ്റോറുകള്‍ ഉപയോഗിക്കാതിരിക്കുക, ആപ്പ് പെര്‍മിഷനുകള്‍ വെരിഫൈ ചെയ്യുക എന്നിവയാണ് ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കാനുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു. 

മാത്രമല്ല പബ്ലിക് വൈ-ഫൈ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുകയും വേണം. വ്യക്തിപരമായ വിവരങ്ങള്‍ മുതല്‍ ബാങ്കുകളുടെ പാസ്‌വേര്‍ഡുകള്‍ അടക്കം എല്ലാ വിവരങ്ങളും സ്മാര്‍ട്ട് ഫോണില്‍ സൂക്ഷിക്കുന്നത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് നോക്കിയ നടത്തിയ പഠനം പറയുന്നത്.

click me!