6500 എംഎഎച്ച് ബാറ്ററി, 50 എംപി ക്യാമറ, 16 ജിബി വരെ റാം, സ്‌നാപ്ഡ്രാഗൺ പ്രോസസർ എന്നിവയുമായി വിവോ എസ്50, വിവോ എസ്50 പ്രോ മിനി സ്‍മാർട്ട്ഫോണുകൾ പുറത്തിറങ്ങി
ബെയ്‌ജിങ്: വിവോ എസ് സീരീസിന് കീഴിൽ ചൈനയിൽ വിവോ എസ്50, വിവോ എസ്50 പ്രോ മിനി എന്നീ രണ്ട് പുതിയ സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കി. രണ്ട് ഫോണുകളും പ്രീമിയം സെഗ്‌മെന്‍റ് ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ളതാണ്. അമോലെഡ് ഡിസ്‌പ്ലേ, ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ പ്രോസസർ, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, വലിയ ബാറ്ററി തുടങ്ങിയ സവിശേഷതകൾ ഈ സ്‍മാർട്ട്ഫോണുകൾക്ക് ലഭിക്കുന്നു. വിവോ എസ്50 സ്റ്റാൻഡേർഡ് വലുപ്പത്തിലുള്ള ഡിസ്‌പ്ലേയുമായി വരുമ്പോൾ, പ്രോ മിനി വേരിയന്‍റ് കൂടുതൽ ഒതുക്കമുള്ള ഫോം ഫാക്‌ടറിലാണ് വാഗ്‌ദാനം ചെയ്യുന്നത്.
വിവോ എസ്50
വിവോ എസ്50-ന്‍റെ അടിസ്ഥാന 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന് ചൈനയിൽ 2,999 യുവാൻ ആണ് വില. 12 ജിബി + 512 ജിബി, 16 ജിബി + 256 ജിബി വേരിയന്‍റുകൾക്ക് യഥാക്രമം 3,299 യുവാനും 3,399 യുവാനും ആണ് വില, അതേസമയം 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ടോപ്പ് വേരിയന്‍റിന് 3,599 യുവാൻ ആണ് വില.
വിവോ എസ്50 പ്രോ മിനിയുടെ 12 ജിബി + 256 ജിബി വേരിയന്‍റിന് 3,699 യുവാൻ വില ആരംഭിക്കുന്നു. 12 ജിബി + 512 ജിബി മോഡലിന് 3,999 യുവാനും, 16 ജിബി + 512 ജിബി മോഡലിന് 4,299 യുവാനും വിലയുണ്ട്. രണ്ട് ഫോണുകളും വിവോയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ വഴി ചൈനയിൽ വിൽപ്പനയ്ക്ക് ലഭ്യമാകും.
സ്പെസിഫിക്കേഷനുകളുടെ കാര്യത്തിൽ, വിവോ എസ്50-ന് 1260x2750 പിക്സൽ റെസല്യൂഷനും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഉള്ള 6.59 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുണ്ട്. അതേസമയം, വിവോ എസ്50 പ്രോ മിനിക്ക് 1216x2640 പിക്സൽ റെസല്യൂഷനും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഉള്ള 6.31 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ഉണ്ട്. രണ്ട് സ്‍മാർട്ട്ഫോണുകളും ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6-ൽ പ്രവർത്തിക്കുന്നു.
ബാറ്ററിയുടെ കാര്യത്തിൽ, വിവോ എസ്50, എസ്50 പ്രോ മിനി എന്നിവ 90 വാട്‌സ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 6,500 എംഎഎച്ച് ബാറ്ററിയാണ് നൽകുന്നത്. എങ്കിലും കമ്പനി പറയുന്നതനുസരിച്ച്, 40 വാട്‌സ് വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന പ്രോ മിനി വേരിയന്‍റിൽ മാത്രമേ വയർലെസ് ചാർജിംഗ് പിന്തുണ ലഭ്യമാകൂ.
വിവോ എസ്50 പ്രോ മിനി
പെർഫോമൻസിനായി വിവോ എസ്50 പ്രോ മിനിയിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റ് ലഭിക്കുന്നു. 16 ജിബി വരെ LPDDR5x റാമും 512 ജിബി വരെ യുഎഫ്‌എസ് 4.1 സ്റ്റോറേജും ഉണ്ട്. സ്റ്റാൻഡേർഡ് വിവോ എസ്50 സ്‌നാപ്ഡ്രാഗൺ 8 എസ് ജെൻ 3 പ്രോസസറുമായാണ് വരുന്നത്. രണ്ട് ഫോണുകളിലും ക്യാമറ സജ്ജീകരണം ഒന്നുതന്നെയാണ്. അതായത് 50 എംപി പ്രൈമറി സോണി സെൻസർ, 50 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, അൾട്രാവൈഡ് ലെൻസ് എന്നിവ. മുൻവശത്ത് 50 എംപി സെൽഫി ക്യാമറയും ലഭിക്കുന്നു.


