വൺപ്ലസ് 6T ഇന്ത്യന്‍ വിപണിയിലെത്തി; അത്ഭുതപ്പെടുത്തുന്ന വിലയും പ്രത്യേകതയും

By Vipin PanappuzhaFirst Published Oct 30, 2018, 10:42 PM IST
Highlights

മൂന്ന് വേരിയെന്റുകളിലാണ് ഫോൺ ഇന്ത്യയിൽ എത്തുന്നത്. ഇതിൽ 6ജിബി റാം, 128 ജിബി ഇന്റേണൽ മെമ്മറി പതിപ്പിന്റെ വില 37,999 രൂപയായിരിക്കും. 8ജിബി റാം 128 ജിബി ഇന്റേണൽ മെമ്മറി പതിപ്പിന്റെ വില 41,999 രൂപയായിരിക്കും. ഇത് 8ജിബി റാം 256ജിബി ഇന്റേണൽ മെമ്മറി പതിപ്പിന് വില 45,999 രൂപയായിരിക്കും.

ദില്ലി: ചൈനീസ് മൊബൈൽ ബ്രാന്റ് വൺപ്ലസിന്റെ ഏറ്റവും പുതിയ മോഡൽ വൺപ്ലസ് 6T ഇന്ത്യയിൽ ഇറങ്ങി. ദില്ലിയിലെ ഇന്ദിരാഗാന്ധി സ്പോർട്സ് കോംപ്ലക്സിൽ നടന്ന ചടങ്ങിലാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ മെയിൽ ഇന്ത്യയിൽ എത്തിയ വൺപ്ലസ് 6ന്റെ പിൻഗാമിയായി എത്തുന്ന ഫോൺ ആണെങ്കിലും ഡിസൈനിൽ അടക്കം വലിയ മാറ്റങ്ങൾ വരുത്തിയാണ് ഫോൺ എത്തുന്നത്. മൂന്ന് വേരിയെന്റുകളിലാണ് ഫോൺ ഇന്ത്യയിൽ എത്തുന്നത്. ഇതിൽ 6ജിബി റാം, 128 ജിബി ഇന്റേണൽ മെമ്മറി പതിപ്പിന്റെ വില 37,999 രൂപയായിരിക്കും. 8ജിബി റാം 128 ജിബി ഇന്റേണൽ മെമ്മറി പതിപ്പിന്റെ വില 41,999 രൂപയായിരിക്കും. ഇത് 8ജിബി റാം 256ജിബി ഇന്റേണൽ മെമ്മറി പതിപ്പിന് വില 45,999 രൂപയായിരിക്കും.

ഈ ഫോണിന്റെ പ്രത്യേകതകളിലേക്ക് വന്നാൽ 6.41 ഇഞ്ച് ഫുൾ എച്ച്ഡി എഎംഒഎൽഇഡി ഡിസ്പ്ലേയാണ് വൺപ്ലസ് 6Tക്ക് ഉള്ളത്. 19:5:9 ഫുൾ ഒപ്ടിക് സ്ക്രീനിൽ നൽകിയിരിക്കുന്ന നോച്ച് വാട്ടർ ഡ്രോപ്പ് നോച്ചാണ്. ഗോറില്ല ഗ്ലാസ് 6 സംരക്ഷണം സ്ക്രീനിന് ലഭിക്കും. 2380x1028പിക്സലാണ് ആണ് സ്ക്രീൻ റെസല്യൂഷൻ. പിന്നിലെ ഫിംഗർപ്രിന്റ് ഒഴിവാക്കി അത് സ്ക്രീൻ ബിൽഡായി ചേർത്തിരിക്കുന്നു എന്നതാണ് വൺപ്ലസ് 6Tയുടെ വലിയ പ്രത്യേകത.

ക്യൂവൽകോം ഒക്ടാകോർ സ്നാപ്ഡ്രാഗൺ 845 പ്രോസസ്സറാണ് വൺപ്ലസ് 6T യുടെ വേഗത നിർണ്ണയിക്കുന്നത്. 2.8ജിഗാഹെർട്സ് വരെയാണ് ഇതിന്റെ ശേഷി. ആർട്ടിഫിഷൽ ഇന്റലിജൻസിനായി പ്രത്യേക ആർട്ടികെസ്റ്റ് തന്നെ ആവിഷ്കരിച്ചിട്ടുണ്ട് 6T ചിപ്പിൽ എന്നാണ് വൺപ്ലസ് ആവകാശവാദം. ഗ്രാഫിക് പ്രോസസ്സർ ആഡ്രിനോ 630 ആണ്. തീർത്തും സ്ഥിരതയായ അനുഭവം ഗെയിംമിങ്ങിലും മറ്റും ഇത് നൽകും എന്നാണ് വൺപ്ലസ് പറയുന്നത്. ഒപ്പം മുൻമോഡലിനെ അപേക്ഷിച്ച് 20 മടങ്ങ് അധികം പ്രകടനം ഗ്രാഫിക്സിന്റെ കാര്യത്തിൽ വൺപ്ലസ് 6T വാഗ്ദാനം ചെയ്യുന്നു.

ക്യാമറയുടെ മെഗാപിക്സൽ കാര്യത്തിൽ എത്തുമ്പോൾ വലിയ മാറ്റങ്ങൾ വൺപ്ലസ് 6നെ താരതമ്യം ചെയ്യുമ്പോൾ വരുത്തിയിട്ടില്ലെന്ന് കാണാൻ കഴിയും. പിന്നിൽ ഇരട്ട ക്യാമറ സംവിധാനമാണ് ഉള്ളത് ഇരുക്യാമറകളുടെയും അപ്പാച്ചർ എഫ് 1.7ആണ്. സെൻസറുകൾ 16എംപി+20 എംപി എന്ന കണക്കിലാണ്. ഒഐഎസ്, ഇഐഎസ് സ്റ്റെബിലൈസേഷൻ ലഭിക്കുന്ന ഈ ക്യാമറകളിൽ. സെക്കന്റിൽ 480 ഫ്രെയ്മുകൾ എന്ന കണക്കിൽ സ്ലോമോഷൻ ഷൂട്ട് സാധ്യമാണ്. സെൽഫി ക്യാമറയുടെ അപ്പാച്ചർ എഫ്2.0ആണ്. 16എംപിയാണ് സെൻസർ. രാത്രിയിൽ എടുക്കുന്ന ചിത്രങ്ങളുടെ ഭംഗി വർദ്ധിപ്പിക്കാൻ നൈറ്റ് സ്കേപ്പ് എന്ന സംവിധാനം വൺപ്ലസ് നൽകുന്നു. ഈ ഫീച്ചർ വൺപ്ലസ് 6 ഉപയോക്താക്കൾക്കും ലഭിക്കും. സാധാരണ പോട്രിയേറ്റ് ചിത്രങ്ങളുടെ ഭംഗിവർദ്ധിപ്പിക്കാൻ സ്റ്റുഡിയോ ലൈറ്റ് എന്ന സംവിധാനം പുതിയ ഫോണിലുണ്ട്. പ്രധാനക്യാമറയ്ക്ക് ഗൂഗിൾ ലെൻസ് സപ്പോർട്ടും വൺപ്ലസ് 6Tക്ക് ലഭിക്കും.

പുതിയ ചില മാറ്റങ്ങളോടെ എത്തുന്ന ആൻഡ്രോയ്ഡ് 9 അധിഷ്ഠിതമായ ഒക്സിജൻ ഒഎസ് ആണ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 500ൽ അധികം പുതിയ ഒപ്റ്റമൈസേഷൻ ഒഎസിൽ മാറ്റം വരുത്തിയെന്നാണ് വൺപ്ലസ് പറയുന്നത്. വൺപ്ലസ് ഫാസ്റ്റ് ചാർജിങ്ങോടെയുള്ള 3700 എംഎഎച്ച് ബാറ്ററിയാണ് വൺപ്ലസ് 6Tയുടെ ഊർജ്ജ കേന്ദ്രം. കഴിഞ്ഞ ഫോണിനെക്കാൾ 23 ശതമാനം കൂടിയ ചാർജ് 6Tയുടെ ബാറ്ററി നൽകും. ഇന്ത്യയിൽ ആമസോൺ എക്സ്ക്യുസീവായി വിൽപ്പനയ്ക്ക് എത്തുന്ന ഫോൺ നവംബർ ആറുമുതൽ ലഭിച്ച് തുടങ്ങും. വൺപ്ലസ് 6Tയുടെ പ്രീബുക്കിംഗ് ഒക്ടോബർ 27 മുതൽ ആരംഭിച്ചിരുന്നു .

click me!