'വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടാന്‍ ചൈന ചാറ്റ്ജിപിടി ദുരുപയോഗം ചെയ്യുന്നു'; കടുത്ത ആരോപണവുമായി ഓപ്പണ്‍എഐ

Published : Jun 09, 2025, 12:19 PM ISTUpdated : Jun 09, 2025, 12:25 PM IST
ChatGPT

Synopsis

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ചൈനീസ് ബന്ധമുള്ള ഗ്രൂപ്പുകളുടെ ഇത്തരത്തിലുള്ള നിരവധി ക്യാപെയിനുകള്‍ കണ്ടെത്തി തകര്‍ത്തതായി വെളിപ്പെടുത്തി ഓപ്പണ്‍എഐ

കാലിഫോര്‍ണിയ: ലോകമെമ്പാടും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും രഹസ്യ പ്രചാരണങ്ങൾക്കുമായി ചൈനീസ് സർക്കാരുമായി ബന്ധമുള്ള ഗ്രൂപ്പുകൾ ചാറ്റ്‍ജിപിടി പോലുള്ള എഐ ടൂളുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ആരോപണവുമായി ഓപ്പൺ എഐ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത്തരത്തിലുള്ള നിരവധി ക്യാപെയിനുകള്‍ കണ്ടെത്തി തകര്‍ത്തതായും ഇതുമായി ബന്ധപ്പെട്ട നിരവധി വ്യാജ അക്കൗണ്ടുകൾ നിരോധിച്ചതായും ഓപ്പൺഎഐ ഒരു റിപ്പോർട്ടിൽ വ്യക്തമാക്കി.

ചൈനയിൽ നിന്നുള്ള രഹസ്യ പ്രവർത്തനങ്ങളുടെ രീതികളും പുതിയ തന്ത്രങ്ങളും വർധിച്ചുവരുന്നതായി ഓപ്പൺഎഐയുടെ ഇന്‍റലിജൻസ് വിഭാഗം തലവനായ ബെൻ നിമ്മോ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ചൈനയുടെ പിന്തുണയുള്ള നാല് വ്യത്യസ്‍ത ക്യാംപയിനുകള്‍ തിരിച്ചറിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. കമ്പനി നയങ്ങൾ ലംഘിച്ച് ചൈന ചാറ്റ്ജിപിടി ദുരുപയോഗം ചെയ്യുന്നതായിരുന്നു ഈ പ്രചാരണങ്ങളെല്ലാം എന്നാണ് ചാറ്റ്‌ജിപിടിയുടെ നിര്‍മ്മാതാക്കളായ ഓപ്പണ്‍എഐയുടെ വാദം.

'സ്‍നീർ റിവ്യൂ' എന്ന് വിളിപ്പേരുള്ള ഒരു ക്യാംപയിനില്‍ ചാറ്റ്ജിപിടി ഉപയോഗിച്ച് ടിക് ടോക്ക്, എക്സ്, റെഡ്ഡിറ്റ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുകയും വ്യാജ ചർച്ചകൾ സൃഷ്ടിക്കുകയും ചെയ്തതായി ആരോപിക്കുന്നു. തായ്‌വാൻ ആസ്ഥാനമായുള്ള ഒരു വീഡിയോ ഗെയിമിനെ വിമർശിക്കുകയും, യുഎസ് ഏജൻസിയായ യുഎസ്എഐഡി അടച്ചുപൂട്ടുന്നതിനെക്കുറിച്ചുള്ള സമ്മിശ്ര അഭിപ്രായങ്ങൾ ഉൾപ്പെടെയുള്ള വ്യാജ ഓർഗാനിക് ചർച്ചകൾ സൃഷ്‍ടിക്കുകയുമായിരുന്നു ഈ ക്യാംപയിനുകളുടെ ലക്ഷ്യം. യഥാർഥ ആളുകൾ ചർച്ച നടത്തുന്നുണ്ടെന്ന് വരുത്തിത്തീർക്കാൻ പ്രധാന പോസ്റ്റിന് പ്രതികരണങ്ങളും ഈ ക്യാംപയിന്‍ കൃത്രിമമായി സൃഷ്‍ടിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു.

മറ്റൊരു ഞെട്ടിക്കുന്ന കാര്യം ഈ വ്യാജ പ്രചാരണങ്ങളുടെയെല്ലാം ആഭ്യന്തര റിപ്പോർട്ടുകളും പ്രകടന അവലോകനങ്ങളും തയ്യാറാക്കിയത് ചാറ്റ്ജിപിടി ആണ് എന്നതാണ്. അതായത്, കാമ്പെയ്‌ൻ എങ്ങനെ നടത്തിയെന്ന് എഐ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വ്യാപാര താരിഫുകളെ വിമർശിക്കുന്നത് ഉൾപ്പെടെ യുഎസ് രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ സൃഷ്‍ടിക്കുന്നതിനും എഐ ടൂൾ ഉപയോഗിച്ചു എന്നും ഓപ്പൺ എഐ അധികൃതര്‍ വ്യക്തമാക്കി.

എഐയുടെ ദുരുപയോഗം സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങിനിന്നില്ല. സ്ക്രിപ്റ്റുകൾ മാറ്റുക, സിസ്റ്റങ്ങൾ കോൺഫിഗർ ചെയ്യുക, പാസ്‌വേഡുകൾ നിർമ്മിക്കുന്നതിനുള്ള ടൂളുകൾ ഉണ്ടാക്കുക തുടങ്ങിയ സൈബർ പ്രചാരണങ്ങള്‍ക്കും ചാറ്റ്ജിപിടി ഉപയോഗിച്ചതായി റിപ്പോർട്ട് പറയുന്നു. ഇതിനുപുറമെ വ്യാജ മാധ്യമപ്രവർത്തകരോ വിശകലന വിദഗ്ധരോ ആയി ചമഞ്ഞ് യഥാർഥ ഉപയോക്താക്കളുമായി ഇടപഴകി വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങളും നടന്നതായി പറയപ്പെടുന്നു.

ഒരു യുഎസ് സെനറ്ററുടെ സംഭാഷണവുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളിൽ എഐ ജനറേറ്റഡ് ഉള്ളടക്കം ഉപയോഗിച്ചതായി ഓപ്പൺ എഐ കണ്ടെത്തി. എന്നാൽ ഈ സന്ദേശം യഥാർഥത്തിൽ അയച്ചതാണോ എന്ന് ഓപ്പൺ എഐയ്ക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. അത്തരം പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നും എഐ ടൂളുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാൻ സുരക്ഷാ നടപടികൾ നിരന്തരം നിരീക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും ഓപ്പൺഎഐ വ്യക്തമാക്കി.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ഐപിഎല്‍ തന്നെ തലപ്പത്ത്, തൊട്ടുപിന്നില്‍ ജെമിനി; ഗൂഗിളില്‍ 2025ല്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞത് ഇവ