കേരളത്തിൽ നിന്നുള്ള ആറ് വിത്തിനങ്ങള്‍ ബഹിരാകാശത്തേക്ക്, പ്രമേഹ പഠനത്തിനും മലയാളി ടച്ച്; ശുഭാംശു ശുക്ലയും സംഘവും ഐഎസ്എസില്‍ നടത്തുന്ന പരീക്ഷണങ്ങള്‍

Published : Jun 09, 2025, 11:45 AM ISTUpdated : Jun 09, 2025, 11:54 AM IST
Axiom 4 Crew

Synopsis

പ്രമേഹമുള്ളവർക്ക് ബഹിരാകാശ യാത്ര സാധ്യമാക്കാൻ യുഎഇയിലെ ബുർജീൽ ഹോൾഡിംഗ്സുമായി ചേർന്ന് നടത്തുന്ന സ്വീട്ട് റൈഡ് എന്ന പരീക്ഷണമാണ് ഇതിലൊന്ന്, ഡോ. ഷംസീർ വയലിൽ ആണ് ബുർജീൽ ഹോൾഡിംഗിന്‍റെ ചെയർമാൻ.

തിരുവനന്തപുരം: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ആക്സിയം 4 യാത്രയ്ക്ക് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. എന്താണ് ശുഭാംശു ശുക്ല അടങ്ങുന്ന നാല്‍വര്‍ സംഘം ബഹിരാകാശ നിലയത്തില്‍ ചെയ്യാൻ പോകുന്നത്? ഏതൊക്കെ ശാസ്ത്രീയ പഠനങ്ങളിലാണ് അവർ ഭാഗമാകുക? ആക്സിയം 4 ദൗത്യത്തിന്‍റെ ഭാഗമായുള്ള പരീക്ഷണങ്ങള്‍ക്ക് ഏറെ കേരള ബന്ധമുണ്ട് എന്ന പ്രത്യേകതയുമുണ്ട്.

ഹൂസ്റ്റണ്‍ ആസ്ഥാനമായുള്ള ആക്സിയം സ്പേസ് എന്ന സ്വകാര്യ കമ്പനി, നാസയും സ്പേസ് എക്സുമായി ചേര്‍ന്ന് നടത്തുന്ന ബഹിരാകാശ ദൗത്യമാണ് ആക്സിയം 4 മിഷന്‍. ജൂണ്‍ 10നാണ് ആക്സിയം 4 ദൗത്യ വിക്ഷേപണം. ഇന്ത്യന്‍ ടെസ്റ്റ് പൈലറ്റായ ശുഭാംശു ശുക്ലയ്ക്ക് പുറമെ പെഗ്ഗി വിറ്റ്സൺ (യുഎസ്എ), സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കി (പോളണ്ട്), ടിബോർ കപു (ഹംഗറി) എന്നിവരാണ് ആക്സിയം 4 ക്രൂവിൽ ഉൾപ്പെടുന്നത്. ഇതിഹാസ ബഹിരാകാശ യാത്രികയായ പെഗ്ഗി വിറ്റ്സണാണ് മിഷൻ കമാൻഡർ. ഈ നാലംഗ ആക്സിയം 4 ദൗത്യസംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 14 ദിവസം ചിലവഴിക്കും. 31 രാജ്യങ്ങളിൽ നിന്നായി 60 ശാസ്ത്ര പരീക്ഷണങ്ങൾ ആക്സിയം 4 ദൗത്യത്തിന്‍റെ ഭാഗമാണ്.

പ്രമേഹ പഠനത്തില്‍ നിര്‍ണായകം

പ്രമേഹമുള്ളവർക്ക് ബഹിരാകാശ യാത്ര സാധ്യമാക്കാൻ യുഎഇയിലെ ബുർജീൽ ഹോൾഡിംഗ്സുമായി ചേർന്ന് നടത്തുന്ന സ്വീട്ട് റൈഡ് എന്ന പരീക്ഷണമാണ് ഇതിലൊന്ന്. ബഹിരാകാശത്ത് വച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക, വിവരങ്ങള്‍ ഭൂമിയിലേക്ക് അയക്കുക, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇൻസുലിന്‍റെ പ്രവർത്തന ക്ഷമത പഠിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പഠനം. ആ പരീക്ഷണത്തിലൊരു മലയാളി കണക്ഷനുമുണ്ട്. ഡോ. ഷംസീർ വയലിൽ ആണ് ബുർജീൽ ഹോൾഡിംഗ്സിന്‍റെ ചെയർമാൻ.

സ്റ്റാൻഫോർഡ് സ്റ്റെം സെൽ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നുള്ള കാൻസർ ഗവേഷണമാണ് മറ്റൊരു ശ്രദ്ധേയ പരീക്ഷണം. മൈക്രോഗ്രാവിറ്റിയും ബഹിരാകാശ റേഡിയേഷനും എങ്ങനെ അർബുദ കോശങ്ങളുടെ വളർച്ചയെ ബാധിക്കുന്നുവെന്നാണ് ഈ പഠനം. ഭൂമിയിൽ അ‍ർബുദത്തോട് പോരാടാൻ ഈ വിവരങ്ങൾ സഹായിച്ചേക്കും.

ഇസ്രൊ തെരഞ്ഞെടുത്തത് ഏഴ് പരീക്ഷണങ്ങള്‍

ആക്സിയം 4 ദൗത്യത്തിനായി ഐഎസ്ആർഒ നേരിട്ട് തെരഞ്ഞെടുത്ത് ബഹിരാകാശത്തേക്ക് അയക്കുന്നത് ഏഴ് പരീക്ഷണങ്ങളാണ്. അതിലൊന്ന് കേരളീയത്തനിമയിലുള്ള പരീക്ഷണമാണ്. കേരളത്തിൽ നിന്ന് ആറ് വിത്തിനങ്ങളെ ബഹിരാകാശത്തേക്ക് അയച്ച് തിരിച്ചുകൊണ്ടുവരുന്ന പരീക്ഷണത്തിന് തിരുവനന്തപുരം ഐഐഎസ്‍ടിയും കേരള കാർഷിക സർവകലാശാലയും ചുക്കാന്‍പിടിക്കുന്നു. അതിനുപുറമേ ചില വിത്തുകൾ ബഹിരാകാശത്ത് മുളപ്പിക്കുന്ന പരീക്ഷണവും ആക്സിയം 4 ദൗത്യത്തിനിടെ ഐഎസ്എസില്‍ നടക്കും. ഈ പരീക്ഷണം ധാർവാർഡ് കാർഷിക സർവകലാശാലയുടേതാണ്. മൈക്രോഗ്രാവിറ്റിയിലെ ഇലക്ട്രോണിക് ഡിസ്പ്ലേ ഉപയോഗത്തെക്കുറിച്ച് ഐഐഎസ്‍സിയുടെ പഠനം, ചില സപ്ലിമെന്‍റുകളുപയോഗിച്ച് മനുഷ്യന്‍റെ എല്ലുകൾക്കും പേശികൾക്കും ബഹിരാകാശത്തുണ്ടാകുന്ന മാറ്റങ്ങളെ സ്വാധീനിക്കാനാകുമോയെന്ന് ബെംഗളൂരുവിലെ ഇന്‍റസ്റ്റെം പഠിക്കുന്നതും ആക്സിയം 4-ലെ പ്രധാന പഠനങ്ങളാണ്.

മൈക്രോ ആൽഗയും, സൈനോ ബാക്ടീരിയയും എങ്ങനെ വളരുന്നു, പ്രതികരിക്കുന്നു എന്നൊക്കെ പഠിക്കാനും പ്രത്യേക പരീക്ഷണങ്ങളുണ്ട്. പിന്നൊരു ടാർഡിഗ്രേഡ് പഠനവും ആക്സിയം 4 ദൗത്യത്തില്‍ ഉള്‍പ്പെടുന്നു. വിത്ത് പരീക്ഷണത്തിൽ ഇസ്രൊയ്ക്ക് കൈസഹായവുമായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയും കൂടിയുണ്ട്. ബഹിരാകാശത്തെ ഉറക്കം മുതൽ ബഹിരാകാശ സഞ്ചാരികളുടെ മാനസികാരോഗ്യം വരെ ഈസയും ഈ യാത്രയിലൂടെ പഠനവിധേയമാക്കുന്നു. ഇതിനെല്ലാം പുറമേ, ലോകത്തെ വിവിധ കോണുകളിൽ നിന്നുള്ള ശാസ്ത്രകുതുകികളായ വിദ്യാർഥികളോട് ആക്സിയം 4 സംഘം ബഹിരാകാശത്ത് നിന്ന് സംവദിക്കുകയും ചെയ്യും. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കും ശുഭാംശു ശുക്ലയുമായി സംസാരിക്കാൻ അവസരമൊരുങ്ങും.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും