പാൻ കാർഡിന്‍റെ പേരിൽ വൻ തട്ടിപ്പ്, മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ, ആ ലിങ്കുകളില്‍ ആരും ക്ലിക്ക് ചെയ്യരുത്

Published : Jul 22, 2025, 09:28 AM ISTUpdated : Jul 22, 2025, 09:32 AM IST
Pan Card

Synopsis

പാന്‍ കാര്‍ഡ് അപ്‌ഡേഷന്‍ എന്ന പേരില്‍ ഇമെയിലുകള്‍ വഴി പ്രചരിക്കുന്ന ലിങ്കുകളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്

ദില്ലി: പാൻ കാർഡിന്‍റെ പേരിൽ നടക്കുന്ന പുതിയ ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആദായനികുതി വകുപ്പ്. നവീകരിച്ച "പാൻ 2.0" കാർഡുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ഫിഷിംഗ് ഇമെയിലുകളെക്കുറിച്ചാണ് കേന്ദ്ര സർക്കാർ നികുതിദായകർക്ക് മുന്നറിയിപ്പ് നൽകിയത്. പുതിയ പാൻ കാർഡ് പുറത്തിറക്കിയിട്ടില്ലെന്നും അത്തരം ഇമെയിലുകൾ പൂർണ്ണമായും വ്യാജമാണെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങൾ വഞ്ചനാപരമാണെന്നും സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ആദായനികുതി വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

പാന്‍ കാര്‍ഡ് അപ്‌ഡേഷനെ കുറിച്ച് വ്യാജ ഇമെയിലുകൾ തുടർച്ചയായി ആളുകൾക്ക് ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പാൻ 2.0 കാർഡുകൾ എന്ന പേരിൽ വരുന്ന ഒരു ഇമെയിൽ info@smt.plusoasis.com പോലുള്ള ഇമെയിൽ വിലാസങ്ങളിൽ നിന്നാണ് അയയ്ക്കുന്നത്. ഈ മെയിലിൽ, ആദായനികുതി വകുപ്പ് ക്യുആർ കോഡുള്ള ഒരു പുതിയ പാൻ കാർഡ് പുറത്തിറക്കിയിട്ടുണ്ടെന്നും ഉപയോക്താക്കളോട് ഒരു ലിങ്കിൽ ക്ലിക്കുചെയ്‌ത് 'ഇ-പാൻ' സൗജന്യമായി ഡൗൺലോഡ് ചെയ്യാനും ആവശ്യപ്പെടുന്നു.

എന്നാൽ ഈ ഇമെയിലുകൾ വ്യാജം ആണെന്ന് പിഐബി ഫാക്‌ട് ചെക്ക് യൂണിറ്റ് വ്യക്തമാക്കി. അത്തരം മെയിലുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, ഏതെങ്കിലും ലിങ്ക് അല്ലെങ്കിൽ അറ്റാച്ച്മെന്‍റ് തുറക്കരുതെന്നും, അല്ലെങ്കിൽ അത്തരം മെയിലുകൾക്ക് മറുപടി നൽകരുതെന്നും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

പാസ്‌വേഡ്, ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ് തുടങ്ങിയ സെൻസിറ്റീവ് വിവരങ്ങൾ ഇമെയിൽ വഴി ഒരിക്കലും ഉപയോക്താക്കളോട് ആവശ്യപ്പെടില്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. കൂടാതെ, ഒരു തരത്തിലുള്ള ഡൗൺലോഡ് ലിങ്കും അയയ്ക്കുന്നില്ലെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. അത്തരം ഇമെയിലുകൾ ലഭിക്കുന്ന ഉപയോക്താക്കൾ ഉടൻ തന്നെ webmanager@incometax.gov.in അല്ലെങ്കിൽ incident@cert-in.org.in എന്ന വിലാസത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.

എന്താണ് ഫിഷിംഗ്?

ഫിഷിംഗ് എന്നത് ഒരു സൈബർ കുറ്റകൃത്യ തന്ത്രമാണ്. ഇതിൽ വഞ്ചനാപരമായ ഇമെയിലുകളോ ഔദ്യോഗിക സ്ഥാപനങ്ങളെ അനുകരിക്കുന്ന വെബ്‌സൈറ്റുകളോ ഉൾപ്പെടുന്നു. ഇമെയിലുകളിലോ സന്ദേശങ്ങളിലോ വ്യാജ ലിങ്കുകൾ അയച്ചുകൊണ്ട് ഉപയോക്താക്കളെ കബളിപ്പിക്കുകയാണ് ഫിഷിംഗ് തട്ടിപ്പ് സംഘങ്ങളുടെ പതിവ്. ഇതിൽ നിന്നും രക്ഷപ്പെടാൻ ഏതെങ്കിലും അജ്ഞാത ഇമെയിലിലോ സന്ദേശത്തിലോ നൽകിയിരിക്കുന്ന ഏതെങ്കിലും ലിങ്ക് തുറക്കുന്നത് ഒഴിവാക്കുക. കൂടാതെ നിങ്ങളുടെ ഫോണിന്‍റെയോ കമ്പ്യൂട്ടറിന്‍റെയോ ആന്‍റിവൈറസും ഫയർവാളുകളും അപ്‌ഡേറ്റ് ചെയ്‌ത് സൂക്ഷിക്കുക. ഫിഷിംഗ് തട്ടിപ്പുകൾ തിരിച്ചറിയുന്നതിനെക്കുറിച്ചും സൈബർ സുരക്ഷാ നടപടികളെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങൾ ആദായനികുതി വകുപ്പ് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റായ incometaxindia.gov-ൽ പങ്കുവെച്ചിട്ടുണ്ട്.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ
കുറ്റക്കാർ 'ആപ്പിളെ'ന്ന് കോടതി, ആശ്വാസത്തിൽ ആപ്പിൾ, വഴി തെളിയുന്നത് വൻ കമ്മീഷന്