വായുമലിനീകരണം: കടുത്ത നടപടിക്ക് ഹരിത ട്രൈബ്യൂണല്‍

By Web DeskFirst Published May 31, 2016, 1:30 PM IST
Highlights

രാജ്യത്തെ ചെറുനഗരങ്ങൾ പോലും വാഹനങ്ങളിൽ നിന്നുൾപ്പടെയുള്ള പുക മൂലം രൂക്ഷമായ വായു മലിനീകരണം നേരിടുന്നുവെന്ന് കാട്ടി ദേശീയ മലിനീകരണനിയന്ത്രണബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഡീസൽ കാർ നിരോധനം വ്യാപിപ്പിയ്ക്കാനാകുമോ എന്ന കാര്യം ദേശീയ ഹരിതട്രൈബ്യൂണൽ പരിഗണിയ്ക്കുന്നത്. 

ബംഗലുരു, ചെന്നൈ, മുംബൈ, കൊൽക്കത്ത എന്നിവയുൾപ്പടെ 11 നഗരങ്ങളിൽക്കൂടി ഡീസൽ കാർ നിരോധനം നടപ്പാക്കുന്നതിനെക്കുറിച്ച് ജസ്റ്റിസ് സ്വതന്തർകുമാർ അദ്ധ്യക്ഷനായ ബെഞ്ചിൽ വിശദമായ വാദം നടന്നു. ഡീസൽ കാർ നിരോധനം വ്യാപിപ്പിച്ചാൽ രാജ്യത്തെ ഓട്ടോമൊബൈൽ വ്യവസായ മേഖല രൂക്ഷമായ പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്ന് കാട്ടി കേന്ദ്രസർക്കാർ ഹരിതട്രൈബ്യൂണലിൽ അപ്പീൽ നൽകിയിരുന്നു. 

കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഡീസൽ കാർ നിരോധനം ഏർപ്പെടുത്തിയ ഹരിതട്രൈബ്യൂണൽ വിധി പുനഃപരിശോധിയ്ക്കണമെന്നും അപ്പീലിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തെ നഗരങ്ങളിലെ മലിനീകരണത്തോത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിമാരോട് ഹരിതട്രൈബ്യൂണൽ നിർദേശിച്ചിരിയ്ക്കുന്നത്. 

വാഹനങ്ങളും മാലിന്യങ്ങൾ കത്തിയ്ക്കുന്നതുമുൾപ്പടെയുള്ള മലിനീകരണസ്രോതസ്സുകൾ പട്ടിക തിരിച്ച് മലിനീകരണത്തിന്‍റെ തോത് വ്യക്തമാക്കണമെന്നും ഹരിതട്രൈബ്യൂണൽ നിർദേശിച്ചു. ഈ റിപ്പോർട്ടുകൾ കൂടി പരിഗണിച്ച ശേഷം ഹരിതട്രൈബ്യൂണലിൽ ജൂലൈ 11 ന് കേസിൽ വാദം തുടരും.

click me!