
പൂനെ: കടലിലെ പ്ലാസ്റ്റിക് നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു കപ്പൽ രൂപകൽപന ചെയ്തിരിക്കുകയാണ് പൂനെ സ്വദേശിയായ ഹാസിക് കാസി എന്ന 12 വയസ്സുകാരൻ. 'ഇർവിസ്' എന്ന് പേരിട്ടിരിക്കുന്ന കപ്പൽ കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്ത് കടൽ വൃത്തിയാക്കുന്നതിനും കടൽ സമ്പത്ത് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
അന്താരാഷ്ട്ര തലത്തിൽ നൂതന കണ്ടുപിടുത്തങ്ങൾ അവതരിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ടെഡ്എക്സ്, ടെഡ് 8 തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ കാസി തന്റെ ആശയം അവതരിപ്പിച്ചിട്ടുണ്ട്. കടലിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ കടൽ ജീവികളെ ഉൾപ്പടെയുള്ളവയെ എങ്ങനെ ബാധിക്കുന്നുവെന്ന് ചില ഡോക്യുമെന്ററികൾ കണ്ടെതിനുശേഷമാണ് മനസിലായത്. പിന്നീട് കടലിനെ സംരക്ഷിക്കുന്നതിനായി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് കാസി പറഞ്ഞു. നമ്മൾ കഴിക്കുന്ന മത്സ്യങ്ങൾ കടലിലെ പ്ലാസ്റ്റിക്കുകളാണ് കഴിക്കുന്നത്. അതുകൊണ്ടുതന്നെ മലീനികരണത്തിന്റെ കാരണക്കാർ നമ്മൾ തന്നെയാണ്. അതിനാലാണ് താൻ ഇർവിസ് രൂപകൽപ്പന ചെയ്തതെന്നും കാസി കൂട്ടിച്ചേർത്തു.
കടലിൽനിന്ന് കടൽ സമ്പത്തും മാലിന്യവും വേർത്തിരിച്ചെടുക്കാൻ ഇർവിസിന് സാധിക്കും. ഇർവിസ് വഴി ശേഖരിക്കുന്ന കടൽ സമ്പത്തും ജലവും തിരിച്ച് കടലിൽ തന്നെ നിക്ഷേപിക്കുകയും മാലിന്യങ്ങൾ അഞ്ച് ഭാഗങ്ങളായി വേർതിരിച്ചെടുക്കുകയുമാണ് ചെയ്യുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിപ്പമനുസരിച്ച് വേർതിരിച്ചെടുക്കുന്നതിന് കപ്പലിൽ ഒരു സെൻസർ ഘടിപ്പിച്ചിട്ടുണ്ട്. ഇതുപോലെ കടൽ സമ്പത്തും ജലവും വേർതിരിച്ചെടുക്കുന്നതിനും സെൽസറുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഒമ്പത് വയസ്സുള്ളപ്പോഴാണ് ഇത്തരത്തിലുള്ളൊരു കപ്പലിന് രൂപം നൽകണമെന്ന ആശയം കാസിയുടെ മനസ്സിലുദിക്കുന്നത്. സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ദോഷവും അതു തടയുന്നതിനുള്ള മാർഗങ്ങളും സംബന്ധിച്ച് വിവിധ സംഘടനകളും ഫോറങ്ങളുമായി കാസി ചർച്ചകൾ നടത്തിയിട്ടുണ്ട്.