
കഴിഞ്ഞ ഒൻപത് മാസത്തിൽ എഐ എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യപ്പെട്ടു എന്ന് വ്യക്തമാക്കുന്ന അവലോകന റിപ്പോർട്ട് ആന്ത്രോപിക് പുറത്തുവിട്ടിരിക്കുകയാണ്. 2025 ഡിസംബർ മുതൽ 2026 ഓഗസ്റ്റ് വരെയുള്ള ഒമ്പത് മാസത്തെ 154 പേജുള്ള അവലോകന റിപ്പോർട്ട് സെപ്റ്റംബർ 10-നാണ് പുറത്തുവിട്ടത്. പിന്നാലെ എഐ വികസനത്തിന്‍റെ വേഗത കുറയ്ക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ആന്ത്രോപിക് സിഇഒ ദാരിയോ അമോദെ രംഗത്തെത്തുകയും ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ സാം ആൾട്ട്മാനും ഇലോൺ മസ്കും ഇതിനോട് യോജിച്ചു. ഇതെല്ലാം കൂട്ടിച്ചേർത്ത് വായിക്കുമ്പോൾ, എഐ ഗവേണൻസ് ഇനി ഏതു വഴിക്കാണ് പോകേണ്ടതെന്ന് വ്യക്തമാകുന്നു.
ഭരണകൂട സ്പോണ്‍സേർഡ് ഓപ്പറേഷനുകളും വ്യക്തികൾ സ്വന്തം നിലയിൽ നടത്തുന്നതും അടക്കം ഏഴ് തരം ദോഷകരമായ പ്രവർത്തനങ്ങളെ കുറിച്ചാണ് ആന്ത്രോപിക് റിപ്പോർട്ടിലുള്ളത്. എഐ എന്നാൽ ദോഷകരമായ വിവരങ്ങൾ മാത്രം നിർമ്മിക്കുന്ന ഒന്നല്ല. മറ്റ് സോഫ്റ്റ്‌വെയറുകളുമായി ബന്ധിപ്പിച്ച്, ഒരേസമയം ഒരു പ്രവർത്തനത്തിന്റെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്ന ഒന്നായി അത് മാറിയിരിക്കുന്നു. ഇത് കുറച്ച് ആളുകളെയും കുറച്ച് വൈദഗ്ധ്യത്തെയും ഉപയോഗിച്ച് സങ്കീർണ്ണമായ ആക്രമണങ്ങൾ നടത്താൻ വരെ ഉപയോഗിക്കപ്പെടുന്നു. ആന്ത്രോപിക് ഇതിനെയാണ് അപ്‌ലിഫ്റ്റ് എന്ന് വിളിക്കുന്നത്. വേഗതയിലും വ്യാപ്തിയിലും ആഘാതത്തിലും എഐ യുടെ ശേഷി വർദ്ധിച്ചിരിക്കുന്നു. ബംഗ്ലാദേശിൽ കണ്ടെത്തിയ ഒരു വ്യാജപ്രചാരണ പ്രവർത്തനം പൂർണ്ണമായും ഓട്ടോമേറ്റഡായിരുന്നു — എഐ ഉള്ളടക്കം നിർമ്മിച്ചു, മറ്റ് സോഫ്റ്റ്‌വെയറുകൾ അവയെ വീഡിയോകളാക്കി മാറ്റുകയും ഷെഡ്യൂളിംഗ് അൽഗോരിതങ്ങൾ കൃത്യസമയത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരാളും 29 അക്കൗണ്ടുകളും 1500 നിർമ്മിത കഥകളും. ഇതാണ് 'അപ്‌ലിഫ്റ്റ്'.
ആന്ത്രോപിക് കണ്ടെത്തിയത് യഥാർത്ഥത്തിൽ നടന്നതിന്‍റെ ഒരു ചെറിയ ഭാഗം മാത്രമായിരിക്കാം. തങ്ങളുടെ ഏറ്റവും മികച്ച എഐ മോഡലുകൾ ഉപയോഗിച്ച് ജൈവായുധ ഗവേഷണങ്ങൾക്ക് സഹായം ലഭിക്കില്ലെന്ന് ഉറപ്പു നൽകാൻ കഴിയില്ലെന്ന് ആന്ത്രോപിക് തന്നെ സമ്മതിക്കുന്നുണ്ട്. ഇത് ആശ്വാസകരമല്ല, മറിച്ച് എഐയുടെ വളർച്ചയ്ക്കൊപ്പം നിയന്ത്രണങ്ങൾ എത്തിയിട്ടില്ലെന്നതിന്‍റെ തെളിവാണ്. അമോദെയുടെ മുന്നറിയിപ്പ് വ്യക്തമാണ്. എഐ വളരെ വേഗത്തിൽ വികസിക്കുകയാണ്. 6 മുതൽ 12 മാസത്തിനുള്ളിൽ വ്യാജ എഐ ഏജന്റുകൾക്ക് ഇന്റർനെറ്റ് കയ്യടക്കാൻ കഴിയും. ലോകത്തിലെ ഏറ്റവും ശക്തമായ എഐ വികസിപ്പിക്കുന്ന, കോടിക്കണക്കിന് ഡോളർ മുടക്കി പരസ്പരം മത്സരിക്കുന്ന മൂന്ന് പേർ ഇതിനോട് യോജിച്ചു. ഇത് വെറുമൊരു പിആർ തന്ത്രമല്ല, മറിച്ച് ഇതൊരു അപായ സൂചനയാണ്.
എഐയുടെ കാര്യത്തിൽ സ്വമേധയാ മന്ദഗതി സാധ്യമാണോ എന്ന ലളിതമായ ചോദ്യം ഞാൻ എക്സിൽ ചോദിച്ചിരുന്നു. മത്സര സമ്മർദ്ദങ്ങളും മൂലധനവും ചൈന ഇതിന് പുറത്ത് നിൽക്കുന്നു എന്ന വസ്തുതയും കാരണം സ്വന്തം ഇഷ്ടപ്രകാരം വേഗത കുറയ്ക്കുന്നത് പ്രായോഗികമല്ല. വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് ചാമത്ത് പലിഹാപിതിയ ചൂണ്ടിക്കാണിച്ചതുപോലെ, വിപണിയിൽ മുന്നിട്ടുനിൽക്കുന്ന ഒരു കമ്പനി വേഗത കുറയ്ക്കാൻ ആവശ്യപ്പെടുന്നത് തങ്ങളുടെ മുൻതൂക്കം നിലനിർത്താൻ കൂടി വേണ്ടിയാണ്. സ്വമേധയാ ഉള്ള വേഗത കുറയ്ക്കൽ എന്ന ചർച്ച തെറ്റാണ്. വികസനം എങ്ങനെ പതുക്കെയാക്കാം എന്നതല്ല, മറിച്ച് ഗവേണൻസ് എങ്ങനെ വേഗത്തിലാക്കാം എന്നതാണ് ശരിയായ ചോദ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രിയായി ഞാൻ സേവനമനുഷ്ഠിച്ചപ്പോൾ സുരക്ഷിതം, വിശ്വസനീയം, ഉത്തരവാദിത്വം എന്നീ തത്വങ്ങളിൽ അധിഷ്ഠിതമായാണ് ഞങ്ങൾ പ്ലാറ്റ്ഫോം ചട്ടക്കൂട് നിർമ്മിച്ചത്. 2021-ലെ ഐടി നിയമങ്ങൾ പ്ലാറ്റ്‌ഫോമുകൾക്ക് നിയമപരമായ ബാധ്യതകൾ ഏർപ്പെടുത്തി. ആ ചട്ടക്കൂട് ഭാവിയെ മുൻകൂട്ടി കണ്ടാണ് രൂപപ്പെടുത്തിയത്. ആന്ത്രോപിക് റിപ്പോർട്ട് അത് ശരിവയ്ക്കുന്നു.
ബംഗ്ലാദേശിലെ സംഭവം ഇന്ത്യയ്ക്കും ബാധകമാണ്. വൻതോതിലുള്ള എഐ ഉള്ളടക്ക ഉൽപ്പാദനം എന്നിവ ഗ്രാമീണ മേഖലകളിലെ വോട്ടർമാരെ സ്വാധീനിക്കാൻ ഉപയോഗിച്ചേക്കാം. ഇന്ത്യയിൽ 95 കോടിയിലേറെ വോട്ടർമാരുണ്ട് ഇവിടെ. വിവിധ ഭാഷകളിൽ എഐ വ്യാജപ്രചരണങ്ങൾ ഉണ്ടാക്കാൻ എളുപ്പവും കണ്ടെത്താൻ ബുദ്ധിമുട്ടുമാണ്. ഇത്തരം പ്രവർത്തനങ്ങൾ തടയാൻ വേണ്ടത് ജനാധിപത്യപരമായ പ്രതിരോധമാണ്. ഇന്ത്യയിൽ ചില സുരക്ഷാ മുൻകരുതലുകൾ ഉണ്ടാകണം. എഐ പ്ലാറ്റ്‌ഫോമുകളിൽ ദുരുപയോഗങ്ങൾ കണ്ടെത്തുകയാണെങ്കിൽ അത് സേർട്ട്-ഇന്നിലും (CERT-In) എഐ സേഫ്റ്റി അതോറിറ്റിയിലും റിപ്പോർട്ട് ചെയ്യണം. ബംഗ്ലാദേശിൽ നടന്നതു പോലുള്ള സംഭവം ഒഴിവാക്കാൻ, രാഷ്ട്രീയ-പൊതുതാൽപ്പര്യ കാര്യങ്ങളിൽ എഐ നിർമ്മിത ഉള്ളടക്കങ്ങൾക്ക് വാട്ടർമാർക്കിംഗ് നിർബന്ധമാക്കണം.
എഐ ഇപ്പോൾ പലതരം സോഫ്റ്റ്‌വെയർ സിസ്റ്റങ്ങളിലായി ഒന്നിലധികം ഘട്ടങ്ങളുള്ള പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു. ടെക്സ്റ്റ് നിർമ്മിക്കുക മാത്രമല്ല, സ്വയം പ്രവർത്തിക്കാൻ കഴിവുള്ള എഐ ഏജന്റുകളെയും പ്ലാറ്റ്‌ഫോം ഉത്തരവാദിത്ത നിയമങ്ങളിൽ ഉൾപ്പെടുത്തണം.പുതിയ നിയമ നിർമ്മാണത്തിലൂടെ വ്യാജ എപിഐ ആക്‌സസ് അടക്കം നിരോധിക്കുകയും കുറ്റകരമാക്കുകയും വേണം. വിവരങ്ങൾ ശേഖരിക്കാനും പരിശോധിക്കാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും അധികാരമുള്ള ഒരു നിയമപരമായ സംവിധാനം നമുക്ക് ആവശ്യമാണ്.
ഇത് നടപ്പിലാക്കാൻ ഇന്ത്യയ്ക്ക് അനുകൂലമായ സാഹചര്യമുണ്ട്. നമ്മൾ നിയന്ത്രണങ്ങളില്ലാത്ത അമേരിക്ക അല്ല, സാങ്കേതിക ധാരണയേക്കാൾ ലക്ഷ്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന യൂറോപ്യൻ യൂണിയനുമല്ല. ഡിപിഐ, യുപിഐ, ആധാർ, ഐടി നിയമങ്ങൾ എന്നിവയിലൂടെ വലിയ സാങ്കേതിക നയങ്ങൾ ഉണ്ടാക്കി വിജയിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. സിലിക്കൺ വാലിയിലെ പ്രമുഖരുടെ ആഹ്വാനം ഭരണകൂടങ്ങൾക്ക് നടപടികൾ സ്വീകരിക്കാനുള്ള ക്ഷണമാണ്. സുരക്ഷയും ഉത്തരവാദിത്തവും ഉറപ്പാക്കുന്ന നിയമ നിർമ്മാണത്തിലൂടെ ഇന്ത്യയ്ക്ക് ഇതിന് നേതൃത്വം നൽകാൻ കഴിയും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam