മൊബൈല്‍ സ്ക്രീനുകള്‍ കൊലപ്പെടുത്തുന്ന നിങ്ങളുടെ ഉറക്കം

Published : Jan 31, 2018, 10:04 AM ISTUpdated : Oct 04, 2018, 11:37 PM IST
മൊബൈല്‍ സ്ക്രീനുകള്‍ കൊലപ്പെടുത്തുന്ന നിങ്ങളുടെ ഉറക്കം

Synopsis

സെബര്‍ ലോകത്ത് ജീവിക്കുന്നവരാണ് ഇന്ന് ലോകത്തുള്ളത് അവര്‍ പോലും അറിയാതെ വരുന്ന ചിലരോഗങ്ങള്‍ 
എഴുതുന്ന പരമ്പര . മൊബൈല്‍ കയ്യിലില്ലാത്ത ഒരു ദിനത്തെക്കുറിച്ച് ഇന്ന് ആലോചിക്കാന്‍ വയ്യ, പക്ഷെ മൊബൈല്‍ നിങ്ങളുടെ ഉറക്കം കളയുന്നുണ്ടോ, എങ്കില്‍ ഒര്‍ക്കുക ഇത് വലിയ പ്രശ്നമാണ്

നല്ല ഉറക്കം മരണം പോലെയാണ് . ഒന്നിനെക്കുറിച്ചും ബോധവാനല്ലാത്ത അവസ്ഥ. പക്ഷെ മരണവും ഉറക്കവും തമ്മിൽ ഒരു വലിയ വ്യത്യാസമുണ്ട്. ഉറക്കത്തിന് ശേഷം ജീവിതം ബാക്കി നിൽക്കുന്നുവെന്ന വ്യത്യാസം. ഉറക്കത്തിൽ നിന്നുള്ള ഓരോ ഉണർവും  പുനർജന്മമാണ്. ഒരുപാടുകാര്യങ്ങൾ ചെയ്തു തീർക്കാനുള്ള ഉൻമേഷത്തോടെയുള്ള ഉണർന്നെണിക്കല്‍. ഓരോ പ്രഭാതവും ജീവിതത്തിന്‍റെ പുതിയ തുടക്കവും. 

സ്വയം മറന്നുള്ള ഉറക്കത്തിനും ഉന്മേഷത്തോടെയുള്ള ഉണർന്നെണീക്കലിനും പിന്നിൽ മനുഷ്യ ശരീരത്തിനുള്ളിൽ തിരിയുന്നൊരു ക്ലോക്കിന്‍റെ സൂചിമുനയുണ്ട്.  തലച്ചോറിൽ ഊറുന്ന ചില രാസവസ്തുക്കളുണ്ട്. സന്തോഷത്തോടെ ഉണർന്നെണീറ്റ് ജോലികൾ ആവേശത്തോടെ ചെയ്തു തീർക്കുന്ന കാലം വരെയും ഈ ക്ലോക്കിനെക്കുറിച്ചും തലച്ചോറിലൂറുന്ന രാസവസ്തുക്കളെക്കുറിച്ചും നമ്മളറിഞ്ഞെന്ന് വരില്ല. 

പക്ഷെ താളപ്പിഴകൾ തുടങ്ങുമ്പോള്‍  അറിഞ്ഞുതുടങ്ങും. ശരിക്കുള്ള കാരണങ്ങൾ അറിഞ്ഞുവരുമ്പോള്‍ സമയം ഏറെ വൈകിയെന്നുംവരാം.  അങ്ങനെ വൈകാതിരിക്കാനാണ് ഇത്തിരി ഘടികാരവിവരവും തലച്ചോർ രസതന്ത്രവും ഇപ്പോൾത്തന്നെ പഠിക്കേണ്ടത്.  പ്രഭാതം ഉന്മേഷമാണ് , അത് പ്രകൃതിക്കും മനുഷ്യനും ഒരുപോലെയാണ്. കിഴക്കുവെള്ളകീറുന്നതിനൊപ്പം മനുഷ്യശരീരവും പൂർണഊർജത്തിലങ്ങനെ ജ്വലിച്ചുനിൽക്കും. സൂര്യൻ പടിഞ്ഞാറ് നോക്കി പോകുന്നതോടെ ശരീരവും ആലസ്യത്തിലേക്ക് നീങ്ങുകയായി. 

ഒടുവിൽ ഞായർ പടിയുന്പോൾ ശരീരം ഒരു കട്ടിലന്വേഷിച്ചു തുടങ്ങും. പ്രകൃതിയിൽ രാവും പകലുമുള്ളതുപോലെ മനുഷ്യശരീരത്തിനുമുണ്ട് രാവും പകലും.  മനുഷ്യന് മാത്രമല്ല, എല്ലാ ജീവികൾക്കും ചെടികൾക്കുമുണ്ട് ഈ താളക്രമം. പ്രകൃതിയും ശരീരവും തമ്മിലുള്ള താളം.  പ്രകൃതിയുടെ സമയതാളത്തിനനുസരിച്ച് ശരീരത്തെ ക്രമീകരിക്കുന്നത് ശരീരത്തിലുള്ളൊരു  ജൈവഘടികാരമാണ്.  ഈ ജൈവഘടികാരത്തിന് ശാസ്ത്രലോകം നൽകിയ പേരാണ് സർക്കേഡിയൻ റിഥം.  ഈ ദിനതാളത്തെ സംബന്ധിച്ച പഠനങ്ങൾക്കാണ് ജെഫ്രി സി ഹാൾ, മൈക്കിൾ റോസ്ബാഷ്, മൈക്കിൾ ഡബ്ല്യു യംഗ് എന്നീ ശാസ്ത്രജ്ഞർക്ക് 2017ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്. 

സെർക്കേഡിയൻ റിഥത്തിന്‍റെ പ്രധാന സൂചിമുന പ്രകാശമാണ്. ആദ്യസൂര്യവെളിച്ചം തട്ടുമ്പോള്‍ ഘടികാരം ശരീരത്തെ പ്രഭാതമായെന്ന്  ഓർമ്മപ്പെടുത്തും. അതോടെ ഉൻമേഷത്തോടെ ചെയ്യേണ്ട പ്രവർത്തികൾക്കായി ശരീരം പാകപ്പെടുകയായി . സൂര്യൻ പടിഞ്ഞാറുമറഞ്ഞ് ഇരുട്ട് വ്യാപിക്കുന്നതോടെ സെർക്കേഡിയൻ റിഥം രാത്രിയെ അറിഞ്ഞു തുടങ്ങും.  ഉറങ്ങാനുള്ള സമയമായെന്ന് ശരീരവും അറിയുകയായി.  ഒരു ടൈം സോണിൽ നിന്ന്  മറ്റൊന്നിലേക്ക് സഞ്ചരിക്കുന്പോൾ ശരീരത്തിന്‍റെ താളം തെറ്റുന്നത് മനുഷ്യന് തിരിച്ചറിയാൻ കഴിയും. ജെറ്റ് ലാഗ് എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. പുതിയ സ്ഥലത്തിന് അനുസരിച്ച് ശരീരം താളപ്പെടാൻ കുറച്ചധികം ദിവസങ്ങൾ തന്നെ വേണ്ടിവരും. 

 മറ്റൊരു ടൈംസോണിലേക്ക് സഞ്ചരിക്കാതെയും പലപ്പോവും സെർക്കേഡിയൻ റിഥം  സ്വാഭാവികതാളം വെടിയാറുണ്ട്. സെർക്കേഡിയൻ റിഥത്തിന്‍റെ താളപ്പിഴകൾ ജീവിതത്തിന്റെ താളം തെറ്റിച്ച ഒരുപാട് മനുഷ്യർ നമുക്ക് ചുറ്റും നടന്നുനീങ്ങുന്നുണ്ട്. ദൗർഭാഗ്യം കൊണ്ട് അവരുടെ ജീവതാളം തെറ്റിച്ച യഥാർത്ഥ കാരണം അവർക്ക് തിരിച്ചറിയാൻ കഴിയാതെ പോകുന്നു.  

ഈ വെളിച്ചത്തിനെന്തൊരു വെളിച്ചമെന്ന് പറഞ്ഞത് ബഷീറാണ്. വെളിച്ചം മനുഷ്യനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. വെളിച്ചം എല്ലാവർക്കും ഇഷ്ടവുമാണ്. പകൽ ഉന്മേഷത്തോടെ ഇരിക്കാൻ ശരീരത്തെ പാകപ്പെടുത്തുന്ന പലഘടകങ്ങളിൽ ഒന്ന് വെളിച്ചമാണ്. പ്രത്യേകിച്ച് ദൃശ്യപ്രകാശത്തിലെ നീല വെളിച്ചം.  പക്ഷെ ഇതേ നീലവെളിച്ചം രാത്രി നേരെ വിപരീതഫലമാണ് ചെയ്യുന്നതെന്ന് പഠനങ്ങൾ പറയുന്നു. നീലവെളിച്ചം മനുഷ്യശരീരത്തിലെ സെർക്കേഡിയൻ റിഥത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നത് സംബന്ധിച്ച് ഇതിനോടകം പല പഠനങ്ങൾ നടന്നിട്ടുണ്ട്. 

ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം ഇതിൽ ശ്രദ്ധേയമാണ്.  ആളുകളെ ആറര മണിക്കൂർ നേരം നീലവെളിച്ചത്തിലും പച്ചവെളിച്ചത്തിലും ഇരുത്തി ശരീരത്തിൽ ഉണ്ടായ മാറ്റങ്ങൾ വിലയിരുത്തുകയാണ് ഗവേഷകർ ചെയ്തത്. ഈ പഠനത്തിൽ അവർക്ക് കിട്ടിയ ഫലം ഞെട്ടിക്കുന്നതായിരുന്നു. മനുഷ്യനെ ഉറക്കത്തിന് തയ്യാറാക്കുന്ന തലച്ചോറിലെ രാസവസ്തുവായ മെലറ്റോണിന്റെ ഉൽപ്പാദനം ഇരുകൂട്ടരിലും കുറഞ്ഞുവെന്നായിരുന്നു കണ്ടെത്തൽ . ഇതിന്റെ ഫലമായി ഇരുകൂട്ടരുടെയും സെർക്കെഡിയൻ റിഥത്തിലും വ്യത്യാസം വന്നു. പച്ചവെളിച്ചത്തിൽ ഇരുന്നവരുടെ സെർക്കേഡിയൻ റിഥത്തിൽ ഒന്നര മണിക്കൂർ വ്യത്യാസമാണ് വന്നതെങ്കിൽ നീലവെളിച്ചത്തിൽ ഇരുന്ന മനുഷ്യരുടെ സെർക്കേഡിയൻ റിഥത്തിൽ വന്ന വ്യത്യാസം മൂന്ന് മണിക്കൂറാണ്.  അതായത്  ഇരട്ടി. 

ഉറങ്ങുന്നതിന് തൊട്ടുമുൻപ് മൊബൈലിലെ അവസാന സ്റ്റാറ്റസ് വരെ നോക്കിയ ശേഷമാണോ നിങ്ങൾ കിടക്കുന്നത്. എങ്കിൽ നിങ്ങൾക്ക് ഉറക്കം വരില്ല. കാരണം നിങ്ങളുടെ തലച്ചോറും ശരീരവും ഉറങ്ങാൻ പാകപ്പെട്ടിട്ടില്ല. ഉറങ്ങാൻ കിടക്കുന്നതിന് തൊട്ടുമുൻപുവരെ നിങ്ങളുടെ കണ്ണിന് നീലവെളിച്ചം കിട്ടിയിരുന്നു.  ഈ നീലവെളിച്ചം ഉറക്കം വരുത്തുന്ന രാസവസ്തുവായ മെലട്ടോണിന്റെ ഉത്പാദനത്തെ തടുത്തുനിർത്തിയിരിക്കുകയാണ്. പിന്നെ നിങ്ങളുടെ ശരീരത്തിന് എങ്ങനെ ഉറങ്ങാൻ കഴിയും.  തിരിഞ്ഞും മറിഞ്ഞും കുറേനേരം കിടന്ന ശേഷം പിന്നീട് എപ്പോഴെങ്കിലുമാകും നിങ്ങളെ ഉറക്കം കടാക്ഷിക്കുക.  ഉറക്കത്തിന്റെ സമയം മാത്രമല്ല, ഉറക്കത്തിന്റെ ഗുണനിലവാരവും കുറയുന്നു. നല്ല ഭക്ഷണവും വ്യായാമവും പോലെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കാര്യമാണ് നല്ല ഉറക്കവും. അതില്ലാതെ നിങ്ങൾക്ക് ആരോഗ്യത്തോടെ മുന്നോട്ടുപോകാൻ കഴിയില്ല, 

മൊബൈൽ ഫോണുകൾ മാത്രമല്ല കംപ്യൂട്ടർ സ്ക്രീനുകൾ നമ്മൾ ഇന്ന് ഉപയോഗിക്കുന്ന സിഎഫ്എൽ,എൽഇഡി ലൈറ്റുകൾ എന്നിവയിൽ നിന്നൊക്കെ വരുന്ന പ്രകാശത്തിലെ പ്രധാനഘടകം നീലവെളിച്ചമാണ്. അധികമായി ഈ നിലവെളിച്ചം ഏൽക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്.  സാങ്കേതിക യുഗത്തിൽ വായനയും ഇലക്ട്രോണിക് മീഡയത്തിലേക്ക് മാറ്റിയ ഒരുപാട് പേരുണ്ട്.  സാധാരണ വായനയിൽ വേറൊരു സ്രോതസിൽ നിന്ന് വരുന്ന പ്രകാശം പുസ്കത്തിൽ തട്ടി പ്രതിഫലിച്ചാണ് നമ്മുടെ കണ്ണിലേക്കെത്തുന്നത്. 

എന്നാൽ ഇലക്ട്രോണിക് വായനയിൽ അക്ഷരങ്ങൾ തന്നെ പ്രകാശസ്രോതസാവുകയാണ്. ഹാർവാർഡ് സർവകലാശാലയിലെ ന്യൂറോ സയന്റിസ്റ്റായ ആൻ മേരി ചാംഗ് 2014ൽ നടത്തിയ പഠനപ്രകാരം ലൈറ്റ് എമിറ്റിംഗ് ഉപകരണങ്ങളിൽ നിന്നുള്ള നീലപ്രകാശം ഉറക്കത്തെ മാത്രമല്ല അടുത്ത പ്രഭാതത്തെ തന്നെ മോശമായി ബാധിക്കുന്നുണ്ട്.  പ്രകാശവും മനുഷ്യശരീരത്തിനുണ്ടാകുന്ന മാറ്റവും സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തിയ മറ്റൊരു സ്ഥാപനം നാസയാണ്. അന്താരാഷ്ട്രബഹിരാകാശ നിലയത്തിലെ  ആസ്ട്രനോട്ടുകൾ  ഒരുദിവസം ഒരുപാട് സൂര്യാസ്തമനങ്ങളും സൂര്യോദയങ്ങളും കാണുന്നവരാണ്. ഇത് ഇവരുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്.  

സെർക്കേഡിയൻ റിഥം തെറ്റുന്നതും ഇതിന്‍റെ ഫലമായി ഉറക്കം നഷ്ടപ്പെടുന്നതും ഉണ്ടാക്കുന്നത് ചെറിയ പ്രശ്നങ്ങളൊന്നുമല്ല. വിഷാദരോഗം, അമിത ഉത്കണ്ഠ പോലുള്ള ഗുരുതര മാനസിക പ്രശ്നങ്ങൾ. ഹൃദ്രോഗം , അമിത വണ്ണം തുടങ്ങി  ചിലതരം ക്യാൻസർ വരെയുള്ള ഭീഷണികൾ , അങ്ങനെ പോകുകയാണ് പഠനങ്ങൾ.  ഒക്കെ പ്രശ്നമാണെന്ന് പറഞ്ഞൊഴിയുകയല്ല ഗവേഷകർ ചെയ്യുന്നത്. നല്ല ഭക്ഷണശീലം , വ്യായാമം എന്നൊക്കെ പറയുന്നത് പോലെ ചില പ്രകാശശീലങ്ങളും സൈബർ ശീലങ്ങളും ഒക്കെ ഉണ്ടാകണമെന്ന് പഠനങ്ങൾ മനുഷ്യരെ ഓർമ്മപ്പടുത്തുകയാണ്.  

ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും കംപൂട്ടറും മൊബൈലും ഒക്കെ ഒഴിവാക്കുന്നതാണ് നല്ലതെന്ന് പഠനങ്ങൾ പറയുന്നു. ഇനി അതിനും കഴിഞ്ഞില്ലെങ്കിൽ മൊബൈലിന്റെ ബ്രൈറ്റ്നസെങ്കിലും കുറയ്ക്കുക.  ഉറക്കത്തിനും മണിക്കൂറുകൾക്ക് മുൻപേ നീലവെളിച്ചം അരിച്ചുമാറ്റുന്ന പ്രത്യേക കണ്ണടകൾ ധരിക്കുന്ന ശീലം വിദേശരാജ്യങ്ങളിൽ വന്ന് തുടങ്ങിയിട്ടുണ്ട്.  രാത്രി പുസ്തകം വായിക്കുന്നെങ്കിൽ നീല വെളിച്ചം പരത്തുന്ന സിഎഫ്എല്ലുകൾക്കും എൽഇഡികൾക്കും പകരം മഞ്ഞവെളിച്ചം നൽകുന്ന ബൾബുകൾ ഉപയോഗിക്കാവുന്നതാണ്. നീലവെളിച്ചത്തെ തടയുന്ന ചില പ്രത്യേക പ്രോഗ്രാമുകൾ കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുന്ന രീതിയും ഇന്നുണ്ട്.  

ഇപ്പറയുന്നതൊക്കെ സത്യമാണോയെന്ന് ചിലർക്കെങ്കിലും സംശയം തോന്നാം.  സ്വയം പരീക്ഷിച്ച് നോക്കാവുന്നതാണ്. കുറച്ചുദിവസത്തേക്കെങ്കിലും ഉറങ്ങുന്നതിന്  രണ്ട് മണിക്കൂർ മുൻപേ മൊബൈലും കംപ്യൂട്ടറുമൊക്കെ ഒഴിവാക്കി നോക്കൂ. നിങ്ങളുടെ ശരീരതാളം തിരികെ ലഭിക്കുന്നുണ്ടോയെന്ന് സ്വയം വിലയിരുത്താം.  

രാത്രിയെന്നാൽ ഇരുട്ടാണ്. ഇരുട്ടിനും  സൗന്ദര്യമുണ്ട്. ഇരുട്ടാണ് ഉറക്കത്തിന്റെ സൗന്ദര്യം. മരിച്ചുറങ്ങിയെന്ന് പറയാൻ ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടോ? ഒരല്ലലുമറിയാതുള്ള ആ ഉറക്കത്തിന്റെ സൗന്ദര്യമാണ്  ഇരുട്ട്.  മനോഹരമായ രാത്രികളെ  ഭയം വിതയ്ക്കുന്ന നീലവെളിച്ചം കൊണ്ട് നമുക്ക് അലങ്കോലമാക്കാതിരിക്കാം . അക്കിത്തത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ  ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ . 

ഈ പരമ്പരയിലെ മറ്റ് ലേഖനങ്ങള്‍


 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ടാബ്‌ലെറ്റ് പോലൊരു ഫോണ്‍; 'വൈഡ് ഫോള്‍ഡ്' മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്
ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍