
തിരുവനന്തപുരം: ഇന്നു വൈകിട്ട് ആകാശത്ത് അരങ്ങേറുന്ന ചാന്ദ്രവിസ്മയം കണ്ടില്ലെങ്കിൽ ഈ ജന്മത്തിൽ പിന്നെ കാണാൻ കഴിയില്ല.ബ്ലൂമൂൺ, സൂപ്പർമൂൺ, ബ്ലഡ് മൂൺ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങൾ ഒരുമിച്ച് ഇന്നത്തെ സന്ധ്യാമാനത്തു കാണാം. ഇവ മൂന്നും അപൂർവ പ്രതിഭാസങ്ങളല്ല. പക്ഷേ, ഒരുമിച്ചു സംഭവിക്കുന്നത് അത്യപൂർവം. ഇപ്പോൾ ജീവിച്ചിരിക്കുന്ന ആരും ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടുമില്ല ഇനിയൊട്ടു കാണാനും സാധിക്കില്ല. ചന്ദ്രന്റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസമാണിത്. വലുപ്പം ഏഴു ശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വർധിക്കും.
ആകാശത്തെ മഹാവിസ്മയങ്ങളില്‍ അത്യപൂർവമായ ഒരു കാഴ്ചയാണിത്. ഇത് നഗ്നനേത്രങ്ങൾ കൊണ്ടു കാണാനാകുമെന്നതും ഒരു പ്രത്യേകതയാണ്. ഇന്നു സന്ധ്യയ്ക്ക് 6.21ന് ചന്ദ്രൻ ഉദിക്കുന്നതു മുതൽ 7.37 വരെ കേരളത്തിൽ പൂർണചന്ദ്രഗ്രഹണം (ബ്ലഡ്മൂൺ) അനുഭവപ്പെടും. ആകാശം മേഘാവൃതമാണെങ്കിൽ ഈ അത്ഭുത പ്രതിഭാസം കാണാൻ കഴിയില്ല.ഇതിനു മുൻപ് ഇവ മൂന്നും ഒരുമിച്ചു വന്നത് 152 വർഷം മുൻപാണ് – 1866 മാർച്ച് 31ന്. ഇനി ഒരു നൂറ്റാണ്ടു കഴിയാതെ ഇവ ഒരുമിച്ചു വരികയുമില്ല.
ബ്ലഡ് മൂണ്‍
പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്‍ ചുവപ്പ് നിറത്തില്‍ കാണുന്നതിനാല്‍ അതിനെ ബ്ലഡ് മൂണ്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്.
ബ്ലുമൂണ്‍
ഒരു മാസത്തില്‍ തന്നെ രണ്ടാം തവണ കാണുന്ന പൂര്‍ണചന്ദ്രനെയാണ് ബ്ലുമൂണ്‍ എന്നു വിളിക്കുന്നത്. ഒരു മാസം രണ്ടു പൂർണചന്ദ്രൻ സാന്നിധ്യമറിയിക്കുന്നതിനാൽ രണ്ടാമത്തെ പൂർണചന്ദ്രൻ ബ്ലൂ മൂൺ ആയിരിക്കും.
സൂപ്പര്‍ മൂണ്‍
സാധാരണയിലും കവിഞ്ഞ് വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പർമൂൺ. ഭൂമിയിൽ നിന്നുള്ള അകലം പതിവിലും കുറയുന്നതിനാലാണിത്. ഭ്രമണപഥത്തില്‍ ചന്ദ്രന്‍ ഭൂമിയോടടുത്തു വരുമ്പോള്‍ ചന്ദ്രന്റെ പ്രഭയും വ്യാസവും കൂടുതലായി കാണപ്പെടുന്നതാണ് ഈ പ്രതിഭാസം.നേരത്തെ ജനുവരി രണ്ടിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂപ്പര്‍ മൂണ്‍ ദൃശ്യമായിരുന്നു. വളരെയധികം തിളക്കമുള്ളതായിരുന്നു ഇത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam