ചെങ്കോട്ട സ്‍ഫോടനം: ഭീകരർ ഉപയോഗിച്ചത് 'ഗോസ്റ്റ് സിം' കാര്‍ഡുകള്‍, എന്താണ് ഗോസ്റ്റ് സിമ്മുകള്‍?

Published : Jan 06, 2026, 12:12 PM IST
Delhi Red Fort blast site

Synopsis

ഗോസ്റ്റ് സിമ്മുകൾ നിങ്ങളുടെ പേരിലും ആക്‌ടിവേറ്റ് ചെയ്യപ്പെട്ടേക്കാം! അതിനാല്‍ ഇത്തരം വ്യാജ സിം കാര്‍ഡുകളെ കുറിച്ച് ഉറപ്പായും ഏവരും അറിഞ്ഞിരിക്കണം. എന്താണ് ഗോസ്റ്റ് സിം കാര്‍ഡുകള്‍ എന്ന് വിശദമായി.

ദില്ലി: 2025 നവംബർ 10ന് ദില്ലിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് മറ്റൊരു ഞെട്ടിക്കുന്ന കണ്ടെത്തല്‍ കൂടി. ആക്രമണത്തിന്‍റെ സൂത്രധാരനായ ഡോ. ഉമർ നബിയും മറ്റ് ഭീകരരും പാകിസ്ഥാനിലെ ഭീകരരുമായി ആശയവിനിമയം നടത്താന്‍ ഉപയോഗിച്ചിരുന്നത് 'ഗോസ്റ്റ് സിം' കാര്‍ഡുകളായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഈ വ്യാജ സിമ്മുകള്‍ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്‌ത മൊബൈൽ ആപ്പുകളും പ്രതികള്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങളായ ദി ഹിന്ദുവും ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്‌തു.

ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികള്‍ രണ്ട് മുതല്‍ മൂന്ന് വരെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. വ്യക്തിഗതവും ജോലി സംബന്ധവുമായ ആവശ്യങ്ങള്‍ക്കായി ഒരു സിം കാര്‍ഡ് ഇവര്‍ സ്വന്തം ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിച്ച് എടുത്തിരുന്നു. എന്നാല്‍ പാകിസ്ഥാനിലുള്ള ഭീകരരുമായി ബന്ധപ്പെടാന്‍ വ്യാജ ഐഡികള്‍ ഉപയോഗിച്ചുള്ള ഗോസ്റ്റ് സിം കാര്‍ഡുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് വാട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്നല്‍ പോലുള്ള എൻക്രിപ്റ്റഡ് ആപ്പുകള്‍ ഇവര്‍ ലോഗിന്‍ ചെയ്‌തിരുന്നത്. കൊല്ലപ്പെട്ട ചാവേർ ഡോ. ഉമർ നബി ഉള്‍പ്പടെയുള്ളവര്‍ ഇത്തരത്തില്‍ രണ്ടും മൂന്നും മൊബൈല്‍ ഫോണുകൾ ഉപയോഗിച്ചിരുന്നു.

സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഗോസ്റ്റ് സിം രീതി ഭീകരരും മറയാക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ചെങ്കോട്ട സ്‍ഫോടനത്തിന്‍റെ അന്വേഷണത്തില്‍ തെളിയുന്നത്. അതിനാല്‍ തന്നെ, എന്താണ് ഗോസ്റ്റ് സിം എന്നും, അവ എങ്ങനെയാണ് ആളുകള്‍ സ്വന്തമാക്കുന്നതെന്നും ഗോസ്റ്റ് സിമ്മുകള്‍ എങ്ങനെ നിര്‍ജ്ജീവമാക്കാമെന്നും ഏവരും അറിഞ്ഞിരിക്കണം.

എന്താണ് ഗോസ്റ്റ് സിം?

ഒരു വ്യക്തി അറിയാതെ അവരുടെ പേരിൽ മറ്റുള്ളവര്‍ രജിസ്റ്റർ ചെയ്യുന്നതോ, വ്യാജമോ മോഷ്‌ടിച്ചതോ ആയ രേഖകൾ ഉപയോഗിച്ച് ആക്‌റ്റിവേറ്റ് ചെയ്യുന്നതോ ആയ സിം കാര്‍ഡിനെയും മൊബൈൽ കണക്ഷനിനേയുമാണ് ഗോസ്റ്റ് സിം എന്ന് വിളിക്കുന്നത്. പലപ്പോഴും, സാധാരണക്കാരായ ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ഇതിനായി ദുരുപയോഗം ചെയ്യപ്പെടുന്നു. ആധാർ കാർഡുകൾ ഉൾപ്പെടെയുള്ള പൗരന്മാരുടെ ഐഡി വിശദാംശങ്ങൾ ദുരുപയോഗം ചെയ്തോ ഏജന്‍റുമാരുമായുള്ള ഒത്തുകളിയിലൂടെയോ ഗോസ്റ്റ് സിം കാര്‍ഡുകള്‍ സൃഷ്‍ടിക്കപ്പെടുന്നു. സൈബർ കുറ്റകൃത്യങ്ങൾ, ഒടിപി തട്ടിപ്പ്, ചാരവൃത്തി, തീവ്രവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി കുറ്റവാളികൾ അവരുടെ യഥാർഥ ഐഡന്‍റിറ്റി മറച്ചുവെക്കുന്നതിനാണ് ഗോസ്റ്റ് സിമ്മുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.

ഇത്തരം തട്ടിപ്പുകൾക്കായി കുറ്റവാളികൾ പലപ്പോഴും ഡ്യുവൽ-ഫോൺ പ്രോട്ടോക്കോൾ രീതി ഉപയോഗിക്കുന്നു. വ്യക്തിഗത ഉപയോഗത്തിനായി ഒരു ഫോണും വാട്‌സ്ആപ്പ് അല്ലെങ്കിൽ ടെലിഗ്രാം പോലുള്ള എൻക്രിപ്റ്റ് ചെയ്‌ത ആപ്പുകൾ ഉപയോഗിക്കുന്നതിനായി ഗോസ്റ്റ് സിം ഉള്ള രണ്ടാമത്തെ ഫോണും ഉപയോഗിക്കും. ഗോസ്റ്റ് സിം ഉള്ള ഫോണ്‍ ആയിരിക്കും കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുക. ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികള്‍ ഇത്തരത്തില്‍ ഗോസ്റ്റ് സിം രീതി അവലംബിച്ചിരുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആപ്പുകളുടെ ഉപയോഗത്തില്‍ ചില കര്‍ശന നിബന്ധനകള്‍ നവംബര്‍ 28ന് പ്രഖ്യാപിച്ചത്. ഇനി മുതല്‍ ഫോണിൽ സജീവമായ ഒരു സിം കാർഡ് ഉണ്ടെങ്കിൽ മാത്രമേ വാട്‌സ്‌ആപ്പ്, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പുകൾ പ്രവർത്തിക്കൂ എന്നതായിരുന്നു ഈ നിബന്ധന.

ഗോസ്റ്റ് സിം നിങ്ങളുടെ പേരിലും പ്രവർത്തിച്ചേക്കാം

ഇക്കാലത്ത് ഡിജിറ്റൽ രേഖകളുടെ സ്വകാര്യത നിർണായകമാണ്. നിങ്ങളുടെ ആധാർ കാർഡ് തെറ്റായ കൈകളിൽ എത്തിയാൽ, ആർക്കും നിങ്ങളുടെ പേരിൽ ഒരു വ്യാജ സിം കാർഡ് ലഭിക്കും. മുമ്പ് വ്യാജ സിംകാർഡുകൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ സഞ്ചാര് സാത്തി പോർട്ടലിന്‍റെയും ആപ്പിന്‍റെയും സഹായത്തോടെ വ്യാജ സിമ്മുകൾ കണ്ടെത്തുന്നത് വളരെ എളുപ്പമായിട്ടുണ്ട്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗൂഗിൾ ടീമിന് ഒരു വർഷം വേണ്ടിവന്ന ജോലി വെറും ഒരു മണിക്കൂറിൽ പൂർത്തിയാക്കി എഐ
ആപ്പിൾ വാച്ച് ധരിക്കുന്നവർ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധാലുക്കളാണോ? പുതിയ പഠനം പറയുന്നത് ഇങ്ങനെ