
സോള്‍: ആരോഗ്യ നിരീക്ഷണത്തിന് ഒരു പുതിയ ഫീച്ചർ ഡിവൈസുകളില്‍ അവതരിപ്പിക്കാൻ ഒരുങ്ങി ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്. സ്‍മാർട്ട്‌ഫോണുകളിൽ നിന്നും വെയറബിൾ ഡിവൈസുകളിൽ നിന്നുമുള്ള ഡാറ്റ ഉപയോഗിച്ച്, മനുഷ്യ മസ്‍തിഷ്‍കങ്ങളിലെ കൊഗ്നിറ്റീവ് പ്രവര്‍ത്തനങ്ങളിലെ മാറ്റങ്ങൾ കണ്ടെത്താൻ ഈ ഫീച്ചർ സഹായിക്കും. ബ്രെയിൻ ഹെൽത്ത് (Brain Health) എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചർ ജനുവരിയിൽ നടക്കുന്ന കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ഷോയിൽ (CES 2026) സാംസങ് അവതരിപ്പിക്കുമെന്ന് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ ചോസുൻ ബിസിനെയും ആൻഡ്രോയ്‌ഡ് അതോറിറ്റിയെയും ഉദ്ദരിച്ച് ബിസിനസ് സ്റ്റാൻഡേർഡ്‍സ് റിപ്പോർട്ട് ചെയ്യുന്നു. ഡിമെൻഷ്യയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താൻ ഈ ഫീച്ചർ സഹായിക്കും എന്നാണ് റിപ്പോർട്ടുകൾ.
ആളുകളുടെ ശബ്‍ദ പാറ്റേണുകൾ, നടത്തം, ഉറക്ക ശീലങ്ങൾ തുടങ്ങിയ ദൈനംദിന പെരുമാറ്റ ഡാറ്റ ഈ ഫീച്ചർ വിശകലനം ചെയ്യും. ഡിമെൻഷ്യ പോലുള്ള രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താൻ ഇത് സഹായിക്കും. അതുവഴി ഈ രോഗങ്ങൾ ഗുരുതരമാകുന്നതിന് മുമ്പ് അവയെ തടയാൻ കഴിയും. ഡിമെൻഷ്യയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഈ ബ്രെയിൻ ഹെൽത്ത് ഫെസിലിറ്റി പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. അടിയന്തര സാഹചര്യങ്ങളിൽ പരിചരണം ലഭ്യമാക്കാൻ ഈ ഫീച്ചർ മെഡിക്കൽ അലേർട്ടുകളും അയയ്ക്കും. ബ്രെയിൻ പരിശീലന പരിപാടികളും ഈ ഫീച്ചർ നൽകും. ബ്രെയിൻ ട്രെയിനിംഗ് ആപ്പുകൾക്ക് സമാനമായിരിക്കും ഈ ഫീച്ചറിന്‍റെയും പ്രവർത്തനം. ഹൃദയാരോഗ്യം, രക്തസമ്മർദ്ദം തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിച്ച് കൊണ്ട് തലച്ചോറിന്‍റെ ആരോഗ്യം നിലനിർത്തുന്നതിനും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഈ ഫീച്ചർ സഹായിക്കും.
സാംസങ് ഡിവൈസുകളിലെ ഡാറ്റ പ്രോസസ് ചെയ്യുകയും നോക്സ് സുരക്ഷാ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് സെൻസിറ്റീവ് ആരോഗ്യ വിവരങ്ങൾ സംരക്ഷിക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ആരോഗ്യ സംബന്ധിയായ വിവരങ്ങളും നിർണായകമായ വ്യക്തിഗത ഡാറ്റകളും പുറത്തേക്ക് ചോരാനുള്ള സാധ്യതകൾ ഇത് കുറയ്ക്കുമെന്നും കമ്പനി പറയുന്നു.
ക്ലിനിക്കൽ വാലിഡേഷൻ നടക്കുന്നു
നിലവിൽ മെഡിക്കൽ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഈ ഫീച്ചറിന്‍റെ ക്ലിനിക്കൽ വാലിഡേഷൻ നടത്തിക്കൊണ്ടിരിക്കുകയാണ് സാംസങ് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഈ ഫീച്ചർ ഉപയോക്താക്കൾക്ക് എപ്പോൾ മുതൽ ലഭ്യമാകുമെന്ന് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല. ഈ പുത്തന്‍ ഫീച്ചര്‍ സാംസങ്ങിന്‍റെ തുടർച്ചയായ ആരോഗ്യ സംരക്ഷണ നയത്തിന്‍റെ ഭാഗമാണ്. ആഗോളതലത്തിൽ വർധിച്ചുവരുന്ന വാർദ്ധക്യവും ഡിമെൻഷ്യ പ്രശ്നങ്ങളും കാരണം ഇത്തരം സാങ്കേതികവിദ്യയുടെ ആവശ്യകത വർധിച്ചു. വെയറബിൾ ഡിവൈസുകളെ ഫിറ്റ്നസ് ട്രാക്കറുകൾക്ക് അപ്പുറത്തേക്ക് കൊണ്ടുപോയി പ്രതിരോധ മെഡിക്കൽ ഉപകരണങ്ങളാക്കാൻ സാംസങ്ങിന്‍റെ ഈ നീക്കം സഹായിക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam