സിം ബോക്‌സ് സ്‍കാം, ബാങ്ക് അക്കൗണ്ട് ശൂന്യമാക്കുന്ന പുതിയ തട്ടിപ്പ്; എങ്ങനെ രക്ഷപ്പെടാം?

Published : Dec 31, 2025, 01:50 PM IST
SIM card

Synopsis

സിം ബോക്സ് സ്‍കാമുകൾ നടത്താൻ തട്ടിപ്പുകാർ സിം ബോക്‌സ് എന്ന പ്രത്യേക ഉപകരണം ഉപയോഗിക്കുന്നു. ഈ ഉപകരണത്തിന് ആയിരക്കണക്കിന് സിം കാർഡുകൾ ഒരേസമയം പ്രവർത്തിപ്പിക്കാൻ കഴിയും.

ദില്ലി: രാജ്യത്ത് സൈബർ തട്ടിപ്പ് കേസുകൾ അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. തട്ടിപ്പുകാർ നിരന്തരം പുതിയ രീതികൾ പ്രയോഗിക്കുന്നു. അത്തരത്തിലുള്ള പുതിയതും അപകടകരവുമായ ഒരു തട്ടിപ്പാണ് സിം ബോക്സ് സ്‍കാം. ദില്ലി, നോയിഡ, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ഇത്തരം തട്ടിപ്പ് നടത്തുന്ന സൈബർ ക്രൈം നെറ്റ്‌വർക്കിനെതിരെ സിബിഐ അടുത്തിടെ വലിയ നടപടി ആരംഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നിയമവിരുദ്ധമായി വാങ്ങിയ 21,000-ത്തിലധികം സിം കാർഡുകൾ ഈ റെയ്ഡുകളിൽ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇതാ സിം ബോക്‌സ് തട്ടിപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം.

എന്താണ് സിം ബോക്‌സ് തട്ടിപ്പ്?

സിം ബോക്സ് സ്‍കാമുകൾ നടത്താൻ തട്ടിപ്പുകാർ സിം ബോക്‌സ് എന്ന പ്രത്യേക ഉപകരണം ഉപയോഗിക്കുന്നു. ഈ ഉപകരണത്തിന് ആയിരക്കണക്കിന് സിം കാർഡുകൾ ഒരേസമയം പ്രവർത്തിപ്പിക്കാൻ കഴിയും. തട്ടിപ്പുകാർ ഈ സിം കാർഡുകൾ ഉപയോഗിച്ച് വ്യാജ കോളുകൾ വിളിക്കുകയും ഫിഷിംഗ് ലിങ്കുകൾ, വ്യാജ ലോൺ ഓഫറുകൾ, വഞ്ചനാപരമായ നിക്ഷേപ പദ്ധതികൾ എന്നിവ അടങ്ങിയ ദശലക്ഷക്കണക്കിന് എസ്എംഎസ് സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്യുന്നു. ഈ സാങ്കേതികവിദ്യ അന്താരാഷ്ട്ര കോളുകളെ പ്രാദേശിക കോളുകളായി മറയ്ക്കുന്നു.

വ്യാജ ഐഡന്‍റിറ്റി ഉപയോഗിച്ച് സിം കാർഡ് വാങ്ങുന്നതിലൂടെയാണ് ഈ തട്ടിപ്പ് ആരംഭിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വ്യാജ രേഖകൾ ഉപയോഗിച്ച് തട്ടിപ്പുകാർ ആയിരക്കണക്കിന് സിം കാർഡുകൾ നേടുന്നു. ഈ സിം കാർഡുകൾ പിന്നീട് സിം ബോക്സ് ഉപകരണങ്ങളിൽ നൽകി ദശലക്ഷക്കണക്കിന് വ്യാജ എസ്എംഎസ് സന്ദേശങ്ങളും കോളുകളും ദിവസവും അയയ്ക്കുകയും ചെയ്യുന്നു. അപകടകരമായ ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്ന നിരവധി ആളുകൾക്ക് അവരുടെ ഡാറ്റയോ പണമോ നഷ്‍ടമാകുന്നു.

സിം ബോക്സ് നെറ്റ്‌വർക്കുകൾക്കെതിരെ സിബിഐ കര്‍ശനമായ നടപടി ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരന്മാരെ തട്ടിപ്പിന് ഇരയാക്കാൻ വിദേശ സൈബർ കുറ്റവാളികളും ഈ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. ബാങ്ക് അക്കൗണ്ടുകൾ ചോർത്തൽ, വ്യക്തിഗത ഡാറ്റ മോഷണം, വായ്‍പാ തട്ടിപ്പുകൾ, സോഷ്യൽ മീഡിയ, ഇമെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്യൽ തുടങ്ങിയവ ഉൾപ്പെടെ നിരവധി തട്ടിപ്പുകളാണ് ഇതിന് പിന്നിൽ നടക്കുന്നത് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

സിം ബോക്‌സ് തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം?

അജ്ഞാത എസ്എംഎസുകളിലോ സന്ദേശങ്ങളിലോ ഉള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ലോണുകൾ, നിക്ഷേപങ്ങൾ, ജോലി അവസരങ്ങൾ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന എസ്എംഎസ് സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. ഈ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുകയും അയച്ചയാളുടെ നമ്പർ ശ്രദ്ധാപൂർവ്വം പരിശോധിക്കുകയും ചെയ്യുക. കൂടാതെ, അപരിചിതമായ നമ്പറുകളിൽ നിന്നുള്ള സന്ദേശങ്ങളെ വിശ്വസിക്കരുത്. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ഒടിപി, ബാങ്ക് വിശദാംശങ്ങൾ എന്നിവ ആരുമായും പങ്കിടരുത്. സംശയാസ്‍പദമായ സന്ദേശങ്ങൾ നിങ്ങളുടെ ടെലികോം ഓപ്പറേറ്ററെയോ സൈബർ ക്രൈം പോർട്ടലിനെയോ ഉടനടി അറിയിക്കുക.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

2025 ; പുതിയ നിറം മുതൽ ലാബിൽ നിർമ്മിത ഹൃദയം വരെ അമ്പരപ്പിക്കുന്ന ചില കണ്ടെത്തലുകൾ
ഐഫോണിന് പിന്നിൽ ഒരു 'മാജിക്' ബട്ടൺ ഒളിഞ്ഞിരിപ്പുണ്ട്! സ്‌ക്രീനിൽ തൊടാതെ നിരവധി ജോലികൾ ചെയ്യാം