
തിരുവനന്തപുരം: ഓണ്‍ലൈൻ തട്ടിപ്പുകളുടെ മാറുന്ന രീതികളെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. അക്കൗണ്ടിലെ പണം തട്ടിയെടുക്കാനായി നിരവധി തന്ത്രങ്ങളാണ് ഓൺലൈൻ തട്ടിപ്പുകാർ ദിനംപ്രതി പരീക്ഷിക്കുന്നത്. മൊബൈൽ ഫോൺ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ പേരിലുള്ള തട്ടിപ്പുകളും ഇപ്പോൾ സജീവമാണെന്ന് പൊലീസ് അറിയിച്ചു. മൊബൈൽ ഫോൺ സേവന ദാതാക്കളുടെ കസ്റ്റമർ കെയറിൽ നിന്നാണെന്നു പറഞ്ഞായിരിക്കും ഇവർ നിങ്ങളെ ബന്ധപ്പെടുക.
നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോൺ നമ്പറിലേക്കുള്ള സേവനങ്ങൾ ചില സാങ്കേതികപ്രശ്നങ്ങൾ മൂലം നിർത്തേണ്ടിവരുന്നു എന്നാണ് ഇത്തരം വ്യാജ കസ്റ്റമർ കെയറിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന സന്ദേശം. ബാങ്കിങ് സേവനങ്ങൾ മുടങ്ങാൻ ഇടയാകും എന്നും ഇവർ അറിയിക്കുന്നു. ഇതൊഴിവാക്കാൻ ഒരു 'അസിസ്റ്റ് ആപ്പ്' ഡൗൺലോഡ് ചെയ്ത് മൊബൈൽ നമ്പർ റീചാർജ് ചെയ്യാൻ ആവശ്യപ്പെടും.
ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോൺ റീചാർജ് ചെയ്യാനെന്ന വ്യാജേന തട്ടിപ്പുകാർ നിങ്ങളുടെ സ്വകാര്യ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തുകയും പണം തട്ടുകയും ചെയ്യുന്നതാണ് രീതിയെന്നും ശ്രദ്ധിക്കണണെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. മൊബൈൽ സേവനദാതാക്കളോ ബാങ്ക് അധികൃതരോ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫോൺ വഴി ആവശ്യപ്പെടാറില്ല.
അത്തരം കോളുകൾ സംശയത്തോടെ കാണുക, നിരുത്സാഹപ്പെടുത്തുക. അനാവശ്യമായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ വിവരം 1930 എന്ന സൈബർ പൊലീസ് ഹെല്‍പ്പ് ലൈൻ നമ്പറിൽ അറിയിക്കുക. ഒരു മണിക്കൂറിനകം തന്നെ ഈ നമ്പറിൽ വിവരമറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam