പ്രളയത്തിന് ശേഷം കേരളം ചുട്ടുപൊള്ളുന്നു; കാരണം ഇതാണ്

By Web TeamFirst Published Sep 13, 2018, 3:46 PM IST
Highlights

പുനലൂരില്‍ ഇന്നലെ 34.8 ഡിഗ്രിയും പാലക്കാട്ട്‌ 34.3 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു പകല്‍ താപനില. എന്നാല്‍, ഒറ്റപ്പെട്ട സമയങ്ങളില്‍ സെപ്‌റ്റംബറില്‍  ചൂട്‌ ക്രമാതീതമായി മുമ്പും കൂടിയിട്ടുണ്ട്

കോട്ടയം : പ്രളയാനന്തരം സംസ്ഥാനത്തെ മാറിയകാലവസ്ഥ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആറു പതിറ്റാണ്ടിനിടെ ഏറ്റവും ചൂടേറിയ സെപ്തംബര്‍മാസമാണ് ഇപ്പോള്‍ സംസ്ഥാനത്ത് എന്നാണ് കണക്കുകള്‍ പറയുന്നത്. കാലാവസ്‌ഥാ വ്യതിയാനം നിരീക്ഷിക്കുന്ന   കോട്ടയം പുതുപ്പള്ളിയിലെ റബര്‍  ഗവേഷണ കേന്ദ്രത്തില്‍  1959 മുതല്‍  ശേഖരിച്ചിട്ടുള്ള കണക്കുകളില്‍ ഇത് വ്യക്തമാണ്‌. ദിവസം രണ്ടു മണിക്കൂര്‍ വരെ താപനില 30 - 32 ഡിഗ്രിയില്‍ വരെ നില്‍ക്കുന്നത് ഒരു ദിവസത്തെ താപനില വര്‍ദ്ധിപ്പിക്കുന്നുണ്ട്.

പുനലൂരില്‍ ഇന്നലെ 34.8 ഡിഗ്രിയും പാലക്കാട്ട്‌ 34.3 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു പകല്‍ താപനില. എന്നാല്‍, ഒറ്റപ്പെട്ട സമയങ്ങളില്‍ സെപ്‌റ്റംബറില്‍  ചൂട്‌ ക്രമാതീതമായി മുമ്പും കൂടിയിട്ടുണ്ട്‌. തിരുവനന്തപുരം കാലാവസ്‌ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്കു പ്രകാരം 1979 സെപ്‌റ്റംബര്‍ 10ന്‌   34.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു ചൂട്‌. 

ഇതാണ്‌ സെപ്‌റ്റംബറിലെ  ഏറ്റവും ഉയര്‍ന്ന താപനിലയായി രേഖപ്പെടുത്തിയിട്ടുള്ളത്‌.  മഴമേഘങ്ങളുടെ  സാന്നിധ്യം ഇല്ലെന്നതായാണു പകലിനെ പൊള്ളിക്കുന്നത്‌. ഇതോടെ  അന്തരീക്ഷ ഈര്‍പ്പം കുറയുന്നതും തിരിച്ചടിയായി.സാധാരണ സെപ്‌റ്റംബറില്‍ ഈര്‍പ്പത്തിന്റെ അളവ്‌ 70-80  എന്ന നിലയില്‍ നിന്ന്‌  65 - 70ലേക്കു താഴ്‌ന്നു. 

സൂര്യന്‍റെ പ്രകാശദൈര്‍ഘ്യം കൂടിയതും ചൂട് വര്‍ദ്ധിച്ചു. മുമ്പ്‌ സെപ്തംബര്‍ മാസത്തില്‍ ആകാശം മേഘാവൃതമായിട്ടായിരുന്നു ഉണ്ടാകുക. ഇപ്പോള്‍ ഒമ്പതു മണിക്കൂര്‍ വരെ സൂര്യന്‍ പ്രകാശിച്ചുനില്‍ക്കുകയാണ്‌. സാധാരണ മണ്‍സൂണില്‍ ഇടവിട്ടു പെയ്‌തിരുന്ന മഴ മൂലം സെപ്‌റ്റംബറിലും മേഘസാന്നിധ്യമുണ്ടായിരുന്നു.  

എന്നാല്‍, ഇത്തവണ ഓഗസ്‌റ്റ്‌ എട്ടു മുതല്‍ 17 വരെയുള്ള  കാലയളവില്‍  ഇവ പെയ്‌തൊഴിഞ്ഞു. പ്രളയത്തില്‍ മേല്‍മണ്ണ്‌ ഒഴുകി ഭൂരിഭാഗം പ്രദേശങ്ങളിലും ചെളി അടിഞ്ഞതും വെള്ളം പെട്ടെന്ന്‌ ഒഴുകിപ്പോകാന്‍ ഇടയാക്കി. അതേസമയം, അടുത്ത ഞായറാഴ്‌ചയോടെ മഴ വീണ്ടുമെത്തുമെന്നാണു സൂചന.  ഇതിനൊപ്പം ഇടിമിന്നലുമുണ്ടാകുമെന്നും കാലാവസ്‌ഥ നിരീക്ഷകര്‍ പറയുന്നു. ചൂട്‌ കൂടിയതിനാല്‍  മിന്നലിന്റെ ആഘാതം വര്‍ധിപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്‌.

click me!