
ദില്ലി: ശുഭാംഷു ശുക്ലയുടെ ബഹിരാകാശ യാത്ര ഇനിയും വൈകിയേക്കുമെന്ന് സൂചന. ജൂൺ 19ന് വിക്ഷേപണത്തിന് സാധ്യതയുണ്ടെന്ന് ആക്സിയം സ്പേസ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, 19ന് ദൗത്യം നടക്കാനുള്ള സാധ്യത മങ്ങി. അന്തിമ തീരുമാനം അധികം വൈകാതെയുണ്ടാകും. നാസയും സ്പേസ് എക്സുമായി ചേർന്ന് തീയതിയും സമയവും പ്രഖ്യാപിക്കും. ദൗത്യം നടത്താൻ ജൂൺ അവസാനം വരെ സമയമുണ്ടെന്നും ആക്സിയം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മെയ് 29ന് രാത്രി പത്തരയ്ക്കായിരുന്നു ആക്‌സിയം 4 വിക്ഷേപണത്തിൻ്റെ സമയം തീരുമാനിച്ചിരുന്നത്. എന്നാൽ സാങ്കേതിക പ്രശ്നം കാരണം വിക്ഷേപണം മാറ്റി. ഒടുവിൽ ജൂൺ 19ന് തിരിക്കുമെന്നായിരുന്നു അറിയിച്ചത്. രാകേഷ് ശർമ്മയ്ക്ക് ശേഷം ഇന്ത്യാക്കാരനായ ശുഭാൻഷു ശുക്ല ആദ്യമായി ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുവെന്ന പ്രത്യേകതയാണ് ഈ ദൗത്യത്തിനുള്ളത്. നാസയുടെ മുതിർന്ന ബഹിരാകാശ പര്യവേഷക പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്ലിയം 4-ലെ മറ്റ് അംഗങ്ങൾ. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റായിരിക്കും വിക്ഷേപണ വാഹനം. സ്പേസ് എക്സിന്റെ തന്നെ ഡ്രാഗൺ പേടകമാണ് യാത്രാ വാഹനം.
സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങി വന്ന അതേ ഡ്രാഗൺ പേടകത്തിലാണ് ശുഭാൻഷു ശുക്ലയും സംഘവും പോകുന്നത്. ഇന്ത്യൻ മണ്ണിൽ നിന്ന് ഇന്ത്യൻ പേടകത്തിൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗൻയാൻ പദ്ധതി ഇസ്രൊയുടെയും ഇന്ത്യയുടെയും സ്വപ്നമാണ്. ആ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടവർ നാല് പേരിൽ ഒരാളാണ് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ല. ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ എന്നിവരാണ് മറ്റുള്ളവർ. ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായാണ് ശുഭാൻഷു ശുക്ല ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam