
ദില്ലി: ഇന്ത്യയിലെ ജനപ്രിയ ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനമാണ് യുപിഐ അഥവാ യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്. ഇപ്പോഴിതാ യുപിഐക്ക് ഒരു പ്രധാന അപ്‍ഡേറ്റ് വരുന്നു. മൊബൈല്‍ ഫോണുകള്‍ക്ക് പുറമെ സ്‍മാർട്ട്‌ടിവികൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, കാറുകൾ തുടങ്ങിയ ഐഒടി ഉപകരണങ്ങൾക്ക് ഓണ്‍ലൈന്‍ പേയ്‌മെന്‍റുകൾ ആരംഭിക്കാൻ അനുവദിക്കുന്ന ഒരു സംവിധാനം എൻപിസിഐ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്‍റെ റിപ്പോർട്ട്.
ഡിവൈസുകൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഡാറ്റയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക്ക് പേമെന്‍റ് ഇടപാടുകളാണ് ഐഒടി പേയ്‌മെന്‍റുകൾ. ഈ സവിശേഷത പ്രവർത്തനക്ഷമമാക്കിയാൽ, കാറിലെ ഒരു ഐഒടി ഉപകരണത്തിൽ നിന്ന് പാർക്കിംഗ് ഫീസ് നേരിട്ട് അടയ്ക്കാം. അതുപോലെ, മെട്രോ ടിക്കറ്റുകൾ ഒരു വെയറബിൾ വാച്ച് അല്ലെങ്കിൽ ഒരു റിംഗ് ഉപകരണത്തിലൂടെ പ്രോസസ് ചെയ്യാൻ കഴിയും. അതുമല്ലെങ്കിൽ ഒന്നിലധികം ഒടിടികളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ ഐഒടി ഫീച്ചറുള്ള സ്മാർട്ട് ടിവി വഴി പുതുക്കാൻ കഴിയും. അതായത് ഐഒടി ഉപകരണങ്ങൾക്ക് യുപിഐ ചട്ടക്കൂടിനുള്ളിൽ ഓട്ടോമാറ്റിക്കായി പേയ്‌മെന്‍റുകൾ ആരംഭിക്കാനും പൂർത്തിയാക്കാനും കഴിയും. പേയ്‌മെന്‍റുകള്‍ക്കായി തേഡ്-പാര്‍ട്ടി യുപിഐ ആപ്പുകളെ ആശ്രയിക്കേണ്ടിവരില്ല.
ഇതെങ്ങനെ പ്രവർത്തിക്കുന്നു?
നിലവിൽ, എല്ലാ യുപിഐ ഇടപാടുകൾക്കും ഒരു ഇടപാട് നടത്താൻ ഒരു പ്രാഥമിക മൊബൈൽ ഫോൺ ആവശ്യമാണ്. എന്നാൽ പുതിയ സംവിധാനം വരുന്നതോടെ ഒരു ഉപയോക്താവിന്‍റെ പ്രാഥമിക യുപിഐ ഐഡിയുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഒരു പ്രത്യേക വെർച്വൽ പേയ്‌മെന്‍റ് വിലാസം (VPA) ഉപയോഗിച്ച് പേയ്‌മെന്‍റുകൾ പ്രോസസ് ചെയ്യാൻ ഉപകരണങ്ങളെ അനുവദിക്കും. എൻപിസിഐയുടെ യുപിഐ സർക്കിൾ വഴി ഉപകരണങ്ങളെ സ്വയം പേയ്‌മെന്‍റുകൾ നടത്താൻ പ്രാപ്തമാക്കും. ഇത് മുൻകൂട്ടി നിശ്ചയിച്ച പരിധിക്കുള്ളിൽ പേയ്‌മെന്‍റുകൾ അനുവദിക്കുന്നു. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനുകൾ, യൂട്ടിലിറ്റി ബില്ലുകൾ അല്ലെങ്കിൽ വായ്‌പ തിരിച്ചടവുകൾ പോലുള്ള ചെലവുകൾക്കായി ഉപയോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഓട്ടോമാറ്റിക്കായി പണം പിൻവലിക്കപ്പെടുന്ന മുൻകൂർ അംഗീകാരമുള്ള ട്രാൻസാക്ഷൻ സംവിധാനമാണിത്.
യുപിഐ-ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ സെക്കന്‍ഡറി ഉപയോക്താവിന് പേയ്‌മെന്‍റുകൾ നടത്താൻ അനുവദിക്കുന്നതിനായി 2024-ൽ എൻപിസിഐ അവതരിപ്പിച്ച ഒരു സവിശേഷതയാണ് യുപിഐ സർക്കിൾ. കുറഞ്ഞ ഇടപെടലോടെ ഇടപാടുകൾ നടത്താൻ ഇത് സെക്കൻഡറി ഉപയോക്താവിനെ പ്രാപ്‍തമാക്കുന്നു. സെക്കൻഡറി ഉപയോക്താവ് ആരംഭിച്ച പേയ്‌മെന്‍റുകൾക്ക് അംഗീകാരം നൽകാൻ കഴിയുന്ന യുപിഐ അക്കൗണ്ട് ഉടമയാണ് പ്രൈമറി ഉപയോക്താവ്. ഈ ഇടപാടുകൾക്ക് എഐ പവർഡ് സംഭാഷണവും സാധ്യമാകും.
ചുരുക്കിപ്പറഞ്ഞാൽ ഇനിമുതൽ സ്മാർട്ട്‌ഫോണുകളിൽ മാത്രമല്ല റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, കാറുകൾ, സ്മാർട്ട് വാച്ചുകൾ, സ്‌മാര്‍ട്ട്‌ടിവികള്‍ തുടങ്ങിയ മറ്റ് ഉപകരണങ്ങളിലും യുപിഐ ലഭ്യമാകും. അതായത് ഇനി ഒരു സ്‍മാർട്ട് റഫ്രിജറേറ്റർ സ്വയം വീട്ടിലെ പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്യുകയും യുപിഐ വഴി പണമടയ്ക്കുകയും ചെയ്യുമെന്ന കാര്യം ഭാവിയില്‍ വെറും സങ്കൽപ്പം മാത്രമായിരിക്കില്ല എന്നർഥം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam