സ്‌നാപ്‌ചാറ്റില്‍ പഴയ ചിത്രങ്ങളും വീഡിയോകളും സൂക്ഷിക്കുന്ന പതിവുണ്ടോ? ഇനി പണം മുടക്കേണ്ടിവരും

Published : Oct 04, 2025, 10:35 AM IST
Snapchat

Synopsis

പഴയ ചിത്രങ്ങളും വീഡിയോകളും സൂക്ഷിക്കുന്നതിന് ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കാൻ സ്‌നാപ്‌ചാറ്റ്. സ്‌നാപ്‌ചാറ്റില്‍ പഴയ ചിത്രങ്ങളും വീഡിയോകളും സൂക്ഷിക്കുന്നതിന് ഉപയോക്താക്കൾ ഇനി പണം നൽകേണ്ടിവരും.

ചിത്രങ്ങളും വീഡിയോകളും ആപ്പിൽ സൂക്ഷിക്കുന്നതിന് ഇനി മുതൽ ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കാൻ തുടങ്ങുമെന്ന് മെസേജിംഗ് പ്ലാറ്റ്‌ഫോമായ സ്‌നാപ്‌ചാറ്റ് (Snapchat). സ്‌നാപ്‌ചാറ്റിന്‍റെ ഈ തീരുമാനം ആപ്പിൽ ഏറെ പഴയ പോസ്റ്റുകള്‍ ശേഖരിച്ചുവച്ചിരിക്കുന്ന ഉപയോക്താക്കള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചു. സ്‌നാപ്‌ചാറ്റ് 2016-ൽ അവതരിപ്പിച്ച മെമ്മറീസ് (Memories) ഫീച്ചർ വഴി ഉപയോക്താക്കളെ, മുൻപ് അയച്ച സ്‌നാപ്പുകളുടെ ഉള്ളടക്കം സേവ് ചെയ്യാനും ആപ്പിൽ തന്നെ സൂക്ഷിക്കാനും അനുവദിച്ചിരുന്നു. എന്നാൽ, അഞ്ച് ജിഗാബൈറ്റിൽ (GB) അധികം മെമ്മറീസ് ഉള്ളവർക്ക് ഈ സേവനം തുടർന്ന് ലഭ്യമാകണമെങ്കിൽ ഇനി പണം നൽകേണ്ടിവരുമെന്നാണ് കമ്പനി പറയുന്നത്. ഈ സ്റ്റോറേജ് പ്ലാനുകൾക്ക് ഉപയോക്താക്കൾ എത്ര രൂപയാണ് നൽകേണ്ടിവരിക എന്ന് ആപ്പിന്‍റെ മാതൃകമ്പനിയായ സ്നാപ് വ്യക്തമാക്കിയില്ലെങ്കിലും ആഗോളതലത്തില്‍ ഇത് ഘട്ടംഘട്ടമായാണ് നടപ്പാക്കുകയെന്ന് കമ്പനി വിശദീകരിച്ചു.

പണം ഈടാക്കാന്‍ സ്‌നാപ്‌ചാറ്റ്

സൗജന്യമായി നല്‍കിയിരുന്ന ഒരു സേവനം പെയ്‌ഡ് പ്ലാനാക്കി മാറ്റുമ്പോള്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഞങ്ങള്‍ക്കറിയാമെന്നും, എന്നാല്‍ മുടക്കുന്ന പണത്തിന് അനുസരിച്ചുള്ള മൂല്യം ആപ്പ് യൂസര്‍മാര്‍ക്ക് ഉറപ്പാക്കുമെന്നും സ്‌നാപ് അധികൃതര്‍ വ്യക്തമാക്കി. "ഈ മാറ്റം മെമ്മറീസ് ഫീച്ചർ ഏറ്റവും മികച്ചതാകാനുള്ള നീക്കത്തിന് വേണ്ടിയുള്ള നിക്ഷേപം തുടരാൻ ഞങ്ങളെ അനുവദിക്കുമെന്ന് നീക്കം പ്രഖ്യാപിച്ചുകൊണ്ടുള്ള ബ്ലോഗ് പോസ്റ്റിൽ കമ്പനി പറഞ്ഞു. ഏകദേശം ഒരു ദശാബ്‌ദത്തിന് മുമ്പ് അവതരിപ്പിച്ച മെമ്മറീസ് ഫീച്ചർ ഉപയോഗിച്ച് ഒരു ട്രില്യണിലധികം പോസ്റ്റുകള്‍ സ്‌നാപ്‌ചാറ്റ് ഉപയോക്താക്കൾ സേവ് ചെയ്‌തിട്ടുണ്ട് എന്നും അവർ വ്യക്തമാക്കി. 5ജിബി-യിൽ കൂടുതൽ സേവ് ചെയ്‌ത മെമ്മറീസ് ഉള്ള ഉപയോക്താക്കൾ ഈ മാറ്റങ്ങൾ പ്രകാരം 100 ജിബി സ്റ്റോറേജ് പ്ലാനിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടതായിവരും.

പ്ലാനുകള്‍ക്ക് എത്ര രൂപയാകും? 

സ്‌നാപ്‌ചാറ്റ് +, സ്‌നാപ്‌ചാറ്റ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് വർധിപ്പിച്ച സ്റ്റോറേജ് സൗകര്യം ലഭ്യമാകും. പരിധി പിന്നിടുന്നവര്‍ക്ക് 12 മാസത്തെ താൽക്കാലിക സ്റ്റോറേജ് നൽകുമെന്നും ഈ സമയ പരിധിയിൽ ഉപയോക്താക്കൾക്ക് സേവ് ചെയ്‌ത ഉള്ളടക്കം അവരുടെ ഉപകരണത്തിലേക്ക് ഡൗൺലോഡ് ചെയ്യാമെന്നും കമ്പനി പറയുന്നു. കമ്പനിയുടെ ആദ്യത്തെ 100 ജിബി സ്റ്റോറേജ് പ്ലാനിന് പ്രതിമാസം 1.99 ഡോളര്‍ ആയിരിക്കും വിലയെന്നും, സ്‌നാപ്‌ചാറ്റ്+ സബ്‌സ്‌ക്രിപ്‌ഷന്‍റെ 3.99 ഡോളര്‍ ചിലവിൽ 250 ജിബി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി വക്താവ് ടെക് പ്രസിദ്ധീകരണമായ ടെക്‌ക്രഞ്ചിനോട് പറഞ്ഞു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍