
ടെക്‌സസ്: സ്പേസ് എക്‌സിന്‍റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് ശൃംഖലയായ സ്റ്റാര്‍ലിങ്കിന്‍റെ സേവനം ലോകവ്യാപകമായി തടസപ്പെട്ടു. സ്റ്റാര്‍ലിങ്കിന് സംഭവിക്കുന്ന ഏറ്റവും വലിയ ഔട്ടേജുകളില്‍ ഒന്നാണിത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ട്. ഇന്‍റേണല്‍ സോഫ്റ്റ്‌വെയറിന് സംഭവിച്ച വീഴ്‌ചയാണ് സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ തടസപ്പെട്ടാന്‍ കാരണമായത്. വലിയൊരു സര്‍വീസ് ശൃംഖലയായി മാറിയ ശേഷം സ്റ്റാര്‍ലിങ്കിന് സംഭവിക്കുന്ന ഏറ്റവും വലിയ ഔട്ടേജാണിത്.
വ്യാഴാഴ്‌ച അമേരിക്കയും യൂറോപ്പിലുമുള്ള ഉപഭോക്താക്കളെയാണ് സ്റ്റാര്‍ലിങ്ക് ഔട്ടേജ് ഏറ്റവും ഗുരുതരമായി ബാധിച്ചത്. ഈസ്റ്റേണ്‍ ടൈം ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ആയിരക്കണക്കിന് യൂസര്‍മാര്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതി സമര്‍പ്പിച്ചു. 61,000 പരാതികള്‍ റിപ്പോര്‍ട്ട് തയ്യാറാക്കും വരെ ഡൗണ്‍ഡിറ്റക്റ്ററില്‍ രേഖപ്പെടുത്തിയെന്ന് റോയിറ്റേഴ്‌സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടര മണിക്കൂറിന് ശേഷമാണ് സ്റ്റാര്‍ലിങ്ക് സേവനം തിരിച്ചുവന്നത്. കോര്‍ നെറ്റ്‌വര്‍ക്ക് നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറിലുണ്ടായ പ്രശ്‌നമാണ് സ്റ്റാര്‍ലിങ്ക് സേവനം തടസപ്പെടാന്‍ ഇടയാക്കിയത് എന്ന് സ്റ്റാര്‍ലിങ്ക് വൈസ് പ്രസിഡന്‍റ് ഓഫ് എഞ്ചിനീയറിംഗ് മൈക്കല്‍ നിക്കോള്‍സ് പറഞ്ഞു. ഇനിയൊരിക്കലും ഇത്തരമൊരു സംഭവമുണ്ടാകില്ലെന്ന് സ്പേസ് എക്സ് സിഇഒ എക്‌സില്‍ കുറിച്ചു.
ലോകത്തെ ഏറ്റവും വലിയ ഉപഗ്രഹ ഇന്‍റര്‍നെറ്റ് ശൃംഖലയാണ് ഇലോണ്‍ മസ്‌കിന്‍റെ സ്റ്റാര്‍ലിങ്ക്. ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ഇതിനായി ഏഴായിരത്തിഅഞ്ചൂറിലധികം ഉപഗ്രഹങ്ങള്‍ ഇതിനായി സ്റ്റാര്‍ലിങ്ക് വിന്യസിച്ചിട്ടുണ്ട്. ലോകമെമ്പാടുമായി 140 രാജ്യങ്ങളില്‍ സ്റ്റാര്‍ലിങ്ക് സേവനം ഉപയോഗിക്കുന്നുണ്ട്. ആകെ ആറ് മില്യണ്‍ ഉപഭോക്താക്കള്‍ സ്റ്റാര്‍ലിങ്ക് ഉപയോഗിച്ചുവരുന്നു. ഉപഭോക്താക്കള്‍ വര്‍ധിക്കുന്നതും ഉയര്‍ന്ന ഇന്‍റര്‍നെറ്റ് വേഗവും ബാന്‍ഡ്‌വിഡ്റ്റ് ആവശ്യവും കാരണം അടുത്തിടെ നെറ്റ്‌വര്‍ക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ സ്‌പേസ് എക്സ് കിണഞ്ഞുപരിശ്രമിക്കുന്നുണ്ടായിരുന്നു.
മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ വഴി സാറ്റ്‌ലൈറ്റ് സേവനം ലഭ്യമാക്കുന്നതിനായി അമേരിക്കയില്‍ ടി-മൊബൈലുമായും സ്പേസ് എക്‌സിന്‍റെ സ്റ്റാര്‍ലിങ്ക് സഹകരിക്കുന്നുണ്ട്. അടിയന്തിര ടെക്സ്റ്റ് മേസേജുകള്‍ അയക്കാന്‍ കഴിയുന്ന സംവിധാനമാണിത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam