ലോകം ക്വാണ്ടം കമ്പ്യൂട്ടിങിന്‍റെ തൊട്ടരികെ? എഐയ്‌ക്ക് ശേഷമുള്ള ടെക് വിപ്ലവം പ്രവചിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ

Published : Nov 30, 2025, 12:58 PM IST
Sundar Pichai

Synopsis

ക്വാണ്ടം കമ്പ്യൂട്ടിങ് ഗവേഷണം ഒരു നിര്‍ണായക ഘട്ടത്തിലെത്തുകയാണെന്ന് സുന്ദര്‍ പിച്ചൈ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. സുന്ദര്‍ പിച്ചൈയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്‌ക്ക് തുടക്കമിട്ടു.

ലണ്ടന്‍: ഈ പതിറ്റാണ്ടില്‍ ഏറ്റവും വലിയ സാങ്കേതിക മുന്നേറ്റം സംഭവിച്ചത് എഐയുടെ കാര്യത്തിലാണ് എന്നതില്‍ ആര്‍ക്കും സംശയം കാണില്ല. എഐ സമഗ്ര മേഖലകളെയും പുതുക്കിപ്പണിഞ്ഞുകൊണ്ടിരിക്കുന്നു. എഐയ്‌ക്ക് ശേഷം ടെക് ലോകത്ത് അടുത്ത വിപ്ലവം സൃഷ്‌ടിക്കാന്‍ പോകുന്നത് എന്തായിരിക്കും? ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറയുന്നത് ക്വാണ്ടം ക്വാണ്ടം കമ്പ്യൂട്ടിങിന്‍റെ കാലമാണ് വരാന്‍ പോകുന്നത് എന്നാണ്. അഞ്ച് വര്‍ഷം മുമ്പ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എങ്ങനെയാണോ ലോകത്തെ മാറ്റിമറിച്ച് തുടങ്ങിയത് അതേ പ്രതിഭാസം ക്വാണ്ടം ക്വാണ്ടം കമ്പ്യൂട്ടിങിന്‍റെ കാര്യത്തിലും സംഭവിക്കുമെന്ന് സുന്ദര്‍ പിച്ചൈ പറയുന്നു.

ക്വാണ്ടം കമ്പ്യൂട്ടിങ് ഗവേഷണം നിര്‍ണായക വഴിത്തിരിവിലേക്ക്

ക്വാണ്ടം കമ്പ്യൂട്ടിങ് ഗവേഷണം ഒരു നിര്‍ണായക ഘട്ടത്തിലെത്തുകയാണെന്ന് സുന്ദര്‍ പിച്ചൈ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 'അഞ്ച് വര്‍ഷം മുമ്പ് എഐ എന്തായിരുന്നോ, അതിനടുത്തെത്തി ക്വാണ്ടം കമ്പ്യൂട്ടിങ് ഗവേഷണം എന്നാണ് എനിക്ക് പറയാനുള്ളത്. അതിനാല്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ ക്വാണ്ടം കമ്പ്യൂട്ടിങ് വളരെ ആകാംക്ഷാനിര്‍ഭരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകും എന്നാണ് പ്രതീക്ഷ'- എന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു. ക്വാണ്ടം കമ്പ്യൂട്ടിങ് ഗവേഷണത്തിന്‍റെ അടുത്ത ഘട്ടത്തില്‍ ഗൂഗിള്‍ വലിയ നിക്ഷേപം നടത്തും. എഐ പോലുള്ളൊരു വലിയ തരംഗമാണ് ക്വാണ്ടം കമ്പ്യൂട്ടിങില്‍ പ്രതീക്ഷിക്കുന്നതെന്നും സുന്ദര്‍ പിച്ചൈ കൂട്ടിച്ചേര്‍ത്തു. ഒരു ടെക് അപ്‌ഗ്രേഡിനപ്പുറം മൗലികമായ മാറ്റത്തിനാണ് ക്വാണ്ടം കമ്പ്യൂട്ടിങ് വഴി വെക്കുക എന്നാണ് സുന്ദര്‍ പിച്ചൈയുടെ നിരീക്ഷണം. ക്വാണ്ടം ഗവേഷണ രംഗത്ത് ഗൂഗിള്‍ മുന്നിലുണ്ടാകുമെന്ന് പിച്ചൈ ഉറപ്പിച്ചുപറയുന്നു.

ക്വാണ്ടം കമ്പ്യൂട്ടിങിനെ കുറിച്ചുള്ള പിച്ചൈയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്‌ക്ക് തുടക്കമിട്ടു. 2020-ല്‍ എഐയെ കുറിച്ച് ആദ്യമുണ്ടായ സൂചനകള്‍ പലരും പുച്ഛിച്ചുതള്ളിയെങ്കിലും പിന്നീട് അതിന്‍റെ തരംഗമാണ് ലോകം കണ്ടത്. സമാനമായി 2020-ലെ എഐയുടെ അവസ്ഥയില്‍ ക്വാണ്ടം കമ്പ്യൂട്ടിങ് എത്തിയിട്ടുണ്ടെങ്കില്‍, സമാനമായൊരു തരംഗം ക്വാണ്ടം കമ്പ്യൂട്ടിങിന്‍റെ കാര്യത്തിലും പ്രതീക്ഷിക്കാം എന്നായിരുന്നു എക്‌സില്‍ ഒരാളുടെ പ്രതികരണം. 2020കള്‍ എഐ സോഫ്റ്റ്‌വെയറുകളുടെയും, 2030കള്‍ എഐ റോബോട്ടുകളുടെയും, 2040കള്‍ ക്വാണ്ടം കമ്പ്യൂട്ടിങിന്‍റെയും കാലമായിരിക്കും എന്ന് മറ്റൊരാള്‍ എഴുതി.

 

 

എന്താണ് ക്വാണ്ടം കമ്പ്യൂട്ടിങ്?

ക്വാണ്ടം കമ്പ്യൂട്ടിങ് എന്നത് സങ്കീർണ്ണമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ക്വാണ്ടം മെക്കാനിക്‌സ് ഉപയോഗിക്കുന്ന ഒരു നൂതന കമ്പ്യൂട്ടിംഗ് രൂപമാണ്, ഇത് ക്ലാസിക്കൽ കമ്പ്യൂട്ടറുകളേക്കാൾ വേഗതയേറിയതായിരിക്കും. സാധാരണ ഡിജിറ്റൽ കമ്പ്യൂട്ടറുകളില്‍ രണ്ടു സ്റ്റേറ്റുകൾ (0 അല്ലെങ്കിൽ 1) മാത്രമുള്ള ബിറ്റുകളിലാണ് വിവരം എൻകോഡ് ചെയ്യപ്പെടുന്നതെങ്കിൽ ക്വാണ്ടം കമ്പ്യൂട്ടറിൽ ക്യൂബിറ്റുകൾ എന്നറിയപ്പെടുന്ന പ്രത്യേകതരം ബിറ്റുകളിലാണ് എൻകോഡിംഗ് പ്രക്രിയ നടക്കുക. ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗവേഷണമാണ് ക്വാണ്ടം കമ്പ്യൂട്ടിങ് രംഗത്ത് പുരോഗമിക്കുന്നത്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

കേരളത്തിലെ തിയറ്റര്‍ ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍! സിസിടിവി വീഡിയോകള്‍ എങ്ങനെ ചോരുന്നു, എങ്ങനെ തടയാം?
ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ