വാട്‌സ്ആപ്പ് മുതല്‍ അറട്ടൈക്ക് വരെ ബാധകം, ചാറ്റ് ആപ്പുകള്‍ ഉപയോഗിക്കാന്‍ ഇനി ആക്‌ടീവ് സിം കാര്‍ഡ് ഫോണില്‍ നിര്‍ബന്ധം

Published : Nov 30, 2025, 11:15 AM IST
WhatsApp Logo

Synopsis

ഉപയോക്താവിന്‍റെ ഡിവൈസിൽ സിം സജീവമാണെങ്കില്‍ മാത്രമേ ഇനി മുതല്‍ മെസേജിംഗ് ആപ്പ് സേവനങ്ങൾ പ്രവർത്തിക്കുകയുള്ളൂ. വാട്‌സ്ആപ്പ്, സിഗ്‌നല്‍, ടെലിഗ്രാം, അറട്ടൈ, ഷെയര്‍ചാറ്റ്, സ്‌നാപ്‌ചാറ്റ്, തുടങ്ങിയവ ആക്‌ടീവ് സിം കാര്‍ഡില്ലാതെ പ്രവര്‍ത്തിക്കില്ല. 

ദില്ലി: ചാറ്റ് ആപ്പുകളുടെ ഉപയോഗത്തിൽ പുതിയ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. അക്കൗണ്ടുകൾ ഉപയോഗിക്കാൻ ആപ്പ് ഇൻസ്റ്റാൾ ചെയ്‌ത ഫോണിൽ തന്നെ രജിസ്റ്റ‌ർ ചെയ്‌ത സിം കാർഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. മെറ്റയ്ക്കും ടെലിഗ്രാമിനുമടക്കം ഈ നിർദേശം കേന്ദ്ര ടെലികോം മന്ത്രാലയം നൽകി. ഇതോടെ, ആപ്പുകള്‍ രജിസ്റ്റര്‍ ചെയ്‌ത സിം കാര്‍ഡില്ലാത്ത ഫോണില്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ ഇനി മുതല്‍ പ്രവര്‍ത്തിക്കില്ല. സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രം പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

മെസേജിംഗ് ആപ്പുകള്‍ക്ക് കടുത്ത നിയന്ത്രണം

ആപ്പുകള്‍ വഴിയുള്ള ആശയവിനിമയ സേവനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം കൊണ്ടുവരികയാണ് കേന്ദ്ര സര്‍ക്കാര്‍. വാട്‌സ്ആപ്പ്, സിഗ്‌നല്‍, ടെലിഗ്രാം, അറട്ടൈ, ഷെയര്‍ചാറ്റ്, സ്‌നാപ്‌ചാറ്റ്, ജിയോചാറ്റ്, ജോഷ് തുടങ്ങിയ മെസേജിംഗ് ആപ്ലിക്കേഷനുകള്‍ ഇനി ആക്‌ടീവ് സിം കാര്‍ഡില്ലാതെ പ്രവര്‍ത്തിക്കില്ല. നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് 120 ദിവസങ്ങള്‍ക്കുള്ളില്‍ അവ നടപ്പിലാക്കിയതായി ടെലികോം ആപ്പുകള്‍ ടെലികോം മന്ത്രാലയത്തെ രേഖാമൂലം അറിയിക്കണം. മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‌ച വരുത്തുന്ന കമ്പനികള്‍ക്ക് 2023-ലെ ടെലികമ്മ്യൂണിക്കേഷന്‍ ആക്‌ട്, ടെലികോം സൈബര്‍ സുരക്ഷാ നിയമങ്ങള്‍, മറ്റ് ബാധകമായ നിയമങ്ങള്‍ എന്നിവ അനുസരിച്ചുള്ള നടപടികള്‍ നേരിടേണ്ടിവരും.

ഉപയോക്താക്കളുടെ ഐഡന്‍റിഫിക്കേഷന്‍ ഉറപ്പിക്കുന്നതിനായി മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുന്ന ചില ആശയവിനിമയ ആപ്പുകള്‍ മൊബൈലുകളില്‍ സിം കാര്‍ഡില്ലാതെ തന്നെ സേവനം ലഭ്യമാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ടെലികോം മന്ത്രാലയം പറയുന്നു. ഇത് ടെലികോം രംഗത്തെ സൈബര്‍ സുരക്ഷയ്‌ക്ക് ഭീഷണിയുയര്‍ത്തുന്നതായാണ് നിഗമനം. ഈ പിഴവ് വിദേശത്ത് നിന്നുള്ള സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ഉപയോഗിക്കാമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

ആപ്പുകളുടെ വെബ് പതിപ്പുകളും പാലിക്കണം

പുത്തന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി 90 ദിവസത്തിനുള്ളിൽ, ആപ്പിന്‍റെ ഏതൊരു വെബ് പതിപ്പും ഓരോ ആറ് മണിക്കൂറിലും ഒരിക്കലെങ്കിലും ഉപയോക്താക്കളെ ലോഗ് ഔട്ട് ചെയ്‌തിരിക്കണം. ഇതിന് ശേഷം ഉപയോക്താക്കൾ ഒരു ക്യുആര്‍ കോഡ് ഉപയോഗിച്ച് ഉപകരണം വീണ്ടും ലിങ്ക് ചെയ്‌തുകൊണ്ട് സൈൻ ഇൻ ചെയ്‌താല്‍ മാത്രമേ ആപ്പിന്‍റെ വെബ് വേര്‍ഷന്‍ ഉപയോഗിക്കാനാകൂ. ടെലികോം മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശങ്ങൾ ഉടനടി പ്രാബല്യത്തിൽ വരും. ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ടെലികോം മന്ത്രാലയം ഭേദഗതി ചെയ്യുകയോ പിൻവലിക്കുകയോ ചെയ്യുന്നതുവരെ രാജ്യത്ത് പ്രാബല്യത്തിൽ തുടരും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍
മാട്രിമോണിയൽ സൈറ്റില്‍ കണ്ടയാള്‍ ചതിച്ചു! വിവാഹ വാഗ്‍ദാനം നൽകി യുവാവിൽ നിന്നും തട്ടിയത് 49 ലക്ഷം