ഛിന്നഗ്രഹങ്ങള്‍ പിടിച്ചെടുക്കുന്ന കാലം വരുന്നു? ഭീമൻ ക്യാപ്‌ചർ ബാഗുകളുമായി സ്റ്റാർട്ടപ്പ് കമ്പനി ട്രാൻസ്ആസ്ട്ര

Published : Nov 17, 2025, 04:44 PM IST
capture bag

Synopsis

ഛിന്നഗ്രഹങ്ങളും മറ്റ് ബഹിരാകാശ അവശിഷ്‍ടങ്ങളും പിടിച്ചെടുക്കാൻ ഉപയോഗിക്കുന്നതിനായി ഭീമൻ ബാഗുകൾ വികസിപ്പിച്ചെടുത്ത് കാലിഫോർണിയ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ ട്രാൻസ്ആസ്ട്ര.

കാലിഫോര്‍ണിയ: അമൂല്യലോഹങ്ങള്‍ നിറഞ്ഞ ഛിന്നഗ്രഹങ്ങള്‍ ഖനനം ചെയ്യുക എന്ന സ്വപ്‌നം ഒരുപടി കൂടി അടുക്കുന്നോ? ഛിന്നഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് പിടികൂടാന്‍ ഒരു ബാഗ് രൂപകല്‍പന ചെയ്‌തിരിക്കുകയാണ് കാലിഫോർണിയ ആസ്ഥാനമായുള്ള ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ട്രാൻസ്ആസ്ട്ര. ഖനനത്തിനായി ബഹിരാകാശത്ത് നിന്നും ഛിന്നഗ്രഹങ്ങള്‍ പിടിച്ചെടുക്കുന്നതിന് സഹായിക്കുമെന്ന് അവകാശപ്പെടുന്ന ഭീമൻ ഇൻഫ്ലറ്റബിൾ ബാഗാണ് ട്രാൻസ്ആസ്ട്ര വികസിപ്പിച്ചെടുത്തിരിക്കുന്നത്. മനുഷ്യനിര്‍മ്മിത ബഹിരാകാശ അവശിഷ്‌ടങ്ങളും (Space Debris) ഈ ബാഗില്‍ പിടികൂടാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഭാവിയിലെ ബഹിരാകാശ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ആസ്‌ട്രോയ്‌ഡ് മൈനിംഗിനും വിവിധ വലുപ്പങ്ങളിലുള്ള ഈ 'ക്യാപ്‍ചർ ബാഗ്' സഹായകമാകുമെന്നാണ് ട്രാൻസ്ആസ്ട്രയുടെ പ്രതീക്ഷ.

എന്താണ് ട്രാൻസ്ആസ്ട്രയുടെ ക്യാപ്‌ചർ ബാഗ്?

കെവ്‌ലർ, അലുമിനിയം തുടങ്ങിയ കരുത്തുറ്റ ബഹിരാകാശ-ഗ്രേഡ് വസ്‌തുക്കള്‍ ഉപയോഗിച്ച് നിർമ്മിച്ചതും, വായു നിറയ്ക്കാവുന്ന കണ്ടെയ്‌നര്‍ രൂപത്തിലുള്ളതുമായ കവചമാണ് ട്രാൻസ്ആസ്ട്രയുടെ 'ക്യാപ്‌ചർ ബാഗ്'. ബഹിരാകാശത്ത് നിന്ന് മനുഷ്യനിര്‍മിത പേടകങ്ങളുടെ/ഉപഗ്രഹങ്ങളുടെ അവശിഷ്‌ടങ്ങളും ചെറുതും വലുതുമായ ഛിന്നഗ്രഹങ്ങളും പിടിച്ചെടുക്കാൻ ഈ ബാഗിന് കഴിയും എന്നാണ് അവകാശവാദം. ഒരു കോഫി കപ്പിൽ ഉൾക്കൊള്ളുന്ന മൈക്രോ ബാഗുകൾ മുതൽ 10,000 ടൺ ഭാരമുള്ള ഛിന്നഗ്രഹം വഹിക്കാൻ ശേഷിയുള്ള സൂപ്പർ ജംബോ ബാഗുകൾ വരെ ആറ് വലുപ്പങ്ങളിലാണ് കമ്പനി ഇത് നിർമ്മിച്ചിരിക്കുന്നത്. ലളിതവും എന്നാൽ ഫലപ്രദവുമായ ഈ സാങ്കേതികവിദ്യ ബഹിരാകാശ ഖനനത്തിൽ ഒരു വഴിത്തിരിവായി മാറിയേക്കാം. എന്നാല്‍ പ്രായോഗികതലത്തില്‍ ഭാവി ബഹിരാകാശ ദൗത്യങ്ങളില്‍ ഇത് തെളിയിക്കപ്പെടേണ്ടതുണ്ട്.

ട്രാൻസ്ആസ്ട്രയുടെ ക്യാപ്‌ചർ ബാഗ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

അതിവേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ഛിന്നഗ്രഹത്തെ പിടികൂടുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ വായു നിറയ്ക്കാന്‍ കഴിയുന്ന ഈ ബാഗ് ഒരു ഛിന്നഗ്രഹത്തിനോ അവശിഷ്‌ട വസ്തുവിനോ അടുത്തായി വിന്യസിച്ച് സുരക്ഷിതമായി അതിനെ പിടിച്ചെടുക്കുമെന്നാണ് പറയപ്പെടുന്നത്. പിന്നീട് ഈ വസ്‌തുക്കളെ നിയന്ത്രിത രീതിയിൽ ഭൂമിയിലേക്ക് എത്തിക്കാനാണ് ആലോചന.

ഇത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?

മനുഷ്യ വിക്ഷേപണങ്ങള്‍ അവശേഷിപ്പിച്ചിരിക്കുന്ന അനേകായിരം ബഹിരാകാശ അവശിഷ്‌ടങ്ങൾ ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് ഭീഷണിയാണ്. ഖനനത്തിനും പുനരുപയോഗത്തിനും വേണ്ടി ഛിന്നഗ്രഹങ്ങളെ പിടിച്ചെടുക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ കച്ചമുറുക്കുന്നു. ട്രാൻസ്ആസ്ട്രയുടെ ഉപകരണം ഈ രണ്ട് ആവശ്യങ്ങളും നിറവേറ്റുകയും ബഹിരാകാശ ശുദ്ധീകരണത്തിന്‍റെ ഒരു പുതിയ യുഗത്തിന് തുടക്കമിടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. പഴയ ഉപഗ്രഹങ്ങൾ, തകർന്ന ഭാഗങ്ങൾ, നിഷ്‌ക്രിയ വസ്‌തുക്കൾ എന്നിവ സുരക്ഷിതമായി പിടിച്ചെടുക്കാനും നീക്കം ചെയ്യാനും ഈ ബാഗിന് കഴിയുമെന്ന് കരുതുന്നു. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിലൂടെ ബഹിരാകാശ ഗതാഗത മാനേജ്‌മെന്‍റിൽ ഈ സാങ്കേതികവിദ്യ ഒരു പ്രധാന സഹായമായി മാറിയേക്കാം.

ഭാവി പദ്ധതികൾ

ഈ സാങ്കേതികവിദ്യ എങ്ങനെ വലിയ തോതിൽ വിന്യസിക്കാമെന്ന് ട്രാൻസ്ആസ്ട്ര അന്വേഷിച്ചുവരികയാണ്. എല്ലാത്തരം ദൗത്യങ്ങൾക്കും അനുയോജ്യമായ വ്യത്യസ്‍തതരം ക്യാപ്‍ചർ ബാഗുകൾ ഉണ്ടാക്കാൻ കമ്പനി പ്രവർത്തിക്കുന്നു. ഛിന്നഗ്രഹങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന വിഭവങ്ങൾ ഭൂമിയിലേക്ക് തിരികെ അയയ്ക്കുന്നത് സാമ്പത്തികമായി ലാഭകരം അല്ലെന്നും അതിനാൽ അവ ബഹിരാകാശത്ത് തന്നെ ഉപയോഗിക്കാമെന്നും ട്രാൻസ്ആസ്ട്ര പറയുന്നു. ഭാവിയിലെ ബഹിരാകാശ പേടകങ്ങൾ, ഇന്ധന സ്റ്റേഷനുകൾ, ബഹിരാകാശ കോളനികൾ എന്നിവ നിർമ്മിക്കുന്നതിന് ഈ വസ്‌തുക്കൾ ഉപയോഗപ്രദമാകും. വിദഗ്‌ധരുടെ അഭിപ്രായത്തിൽ, ക്യാപ്‌ചർ ബാഗിന്‍റെ വഴക്കമുള്ള രൂപകൽപ്പനയും വലിയ ശേഷിയും ബഹിരാകാശ അവശിഷ്‌ടങ്ങള്‍ പിടിച്ചെടുക്കൽ സാങ്കേതികവിദ്യകളില്‍ ഏറ്റവും നൂതനമായ ആശയമായി മാറ്റുന്നു. ഈ ക്യാപ്‍ചർ ബാഗിന്‍റെ വിജയം ഭാവിയില്‍ ബഹിരാകാശ രംഗത്ത് വിപ്ലവം സൃഷ്‍ടിച്ചേക്കാം.

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും