വാട്ട്സ്ആപ്പ് ഇന്ത്യയില്‍ നിരോധിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

By Web DeskFirst Published Jun 23, 2016, 4:50 PM IST
Highlights

ദില്ലി: വാട്ട്സ്ആപ്പ് ഇന്ത്യയില്‍ നിരോധിക്കണം എന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീംകോടതിയില്‍. ഹര്‍ജി ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി ഇതില്‍ വാദം കേള്‍ക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. അടുത്തിടെ വാട്ട്സ്ആപ്പ് ഏര്‍പ്പെടുത്തിയ എന്‍റ് ടു എന്‍റ് എന്‍ക്രിപ്ഷന്‍ തീവ്രവാദികള്‍ക്കും മറ്റും ഗുണകരമാകും എന്ന് ചൂണ്ടികാട്ടിയാണ് വാട്ട്സ്ആപ്പ് നിരോധിക്കണമെന്ന ഹര്‍ജിക്കാരന്‍റെ വാദം.

ഹരിയാനയില്‍ നിന്നുള്ള ആര്‍ടിഐ പ്രവര്‍ത്തകന്‍ സുധീര്‍ യാദവ് ആണ് ഹര്‍ജിക്കാരന്‍. ഏപ്രില്‍ മാസത്തിലാണ് വാട്ട്സ്ആപ്പ് ഇന്ത്യയില്‍ 256 ബിറ്റ് എന്‍ക്രിപ്ഷന്‍ സംവിധാനം ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ തുടങ്ങിയത്. ഈ സംവിധാനം വന്നതോടെ ഗവണ്‍മെന്‍റ് ആവശ്യപ്പെട്ടാല്‍ പോലും ഒരു ഉപയോക്താവിന്‍റെ സന്ദേശം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ വാട്ട്സ്ആപ്പിന് സാധിക്കില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഇപ്പോഴത്തെ നിലയില്‍ ഒരു വാട്ട്സ് ആപ്പ് സന്ദേശം ഡീകോഡ് ചെയ്യണമെങ്കില്‍ വലിയോരു കോമ്പിനേഷന്‍ നല്‍കണം, ഇത് ഉണ്ടാക്കാന്‍ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ക്ക് പോലും സാധിക്കില്ലെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം. ഒരു സന്ദേശം ഡീകോഡ് ചെയ്യാനുള്ള കോമ്പിനേഷന്‍ ഉണ്ടാക്കുവാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം.

ഇതിനാല്‍ തന്നെ തീവ്രവാദികള്‍ വാട്ട്സ്ആപ്പ് ഉപയോഗിച്ച് ലളിതമായി തങ്ങളുടെ പദ്ധതികള്‍ കൈമാറും എന്നും ഹര്‍ജിക്കാരന്‍ പറയുന്നു. അതിനാല്‍ തന്നെ വാട്ട്സ്ആപ്പ് നിരോധനം സംബന്ധിച്ച് കോടതി അടിയന്തരമായി ഇടപെടണം എന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം. 

വാട്ട്സ്ആപ്പിന് പുറമേ ഹൈക്ക്, വൈബര്‍ തുടങ്ങിയ സന്ദേശ പ്ലാറ്റ്ഫോമുകളെയും ഈ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. അവരും ഇത്തരം എന്‍ക്രിപ്റ്റ് സംവിധാനങ്ങള്‍ ഉപയോക്താവിന് നല്‍കുന്നുണ്ട്. ഇത് സംബന്ധിച്ച് ട്രായിക്കും, കേന്ദ്ര കമ്യൂണിക്കേഷന്‍ ആന്‍റ് ഐടി മന്ത്രാലയത്തിനും പരാതി നല്‍കിയിട്ടും മറുപടിയില്ലാത്തതിനാലാണ് ഇത്തരത്തില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയതെന്ന് സുധീര്‍ യാദവ് പറയുന്നു.

click me!