
ദില്ലി: ഫീച്ചർ ഫോൺ ഉപയോക്താക്കളിലേക്ക് ഡിജിറ്റൽ പേയ്‌മെന്‍റ് സൗകര്യം എത്തിക്കുന്നതിനായി ഓൺലൈൻ പേയ്‌മെന്‍റ് ആപ്പായ ഫോൺപേ ഇപ്പോൾ ഒരു വലിയ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. ഗുപ്ഷപ്പിന്‍റെ യുപിഐ അധിഷ്ഠിത 'ജിഎസ്പേ' സാങ്കേതികവിദ്യയുടെ ബൗദ്ധിക സ്വത്തവകാശം (ഐപി) വാങ്ങിയതായി കമ്പനി പ്രഖ്യാപിച്ചു. ഈ കരാറിന് കീഴിൽ ഫോൺപേ ഇന്ത്യയിലെ ഫീച്ചർ ഫോണുകൾക്കായി സ്വന്തം യുപിഐ ആപ്പ് പുറത്തിറക്കും.
സ്മാർട്ട്‌ഫോണുകൾക്ക് പകരം ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന NPCI-യുടെ UPI 123PAY പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ആപ്പ് എന്ന് ഫോൺപേ അറിയിച്ചു. ഈ ആപ്പ് വഴി ഉപയോക്താക്കൾക്ക് പേഴ്‌സൺ-ടു-പേഴ്‌സൺ (P2P) ട്രാൻസ്ഫർ, ഓഫ്‌ലൈൻ ക്യുആർ പേയ്‌മെന്‍റ്, മൊബൈൽ നമ്പറിൽ നിന്നോ സെൽഫ് ക്യുആറിൽ നിന്നോ പേയ്‌മെന്‍റ് സ്വീകരിക്കൽ തുടങ്ങിയ അടിസ്ഥാന യുപിഐ സൗകര്യങ്ങള്‍ ഉപയോഗിക്കാൻ കഴിയും.
ജിഎസ്‌പേ ടെക്‌നോളജി സ്റ്റാക്ക് സ്വന്തമാക്കുന്നതിലും ഇന്ത്യയിലെ വിശാലമായ ഫീച്ചർ ഫോൺ ഉപയോക്തൃ അടിത്തറയിലേക്ക് യുപിഐ പേയ്‌മെന്‍റുകൾ എത്തിക്കുന്നതിലും ആവേശഭരിതരാണ് എന്ന് ഈ ഏറ്റെടുക്കലിനെക്കുറിച്ച് സംസാരിച്ച ഫോൺപേയുടെ സഹസ്ഥാപകനും സിഇഒയുമായ സമീർ നിഗം പറഞ്ഞു. ഇന്ത്യയിലെ വളർന്നുവരുന്ന ഡിജിറ്റൽ പേയ്‌മെന്‍റ് വിപണിയിൽ പങ്കാളികളാകാൻ ദശലക്ഷക്കണക്കിന് ഫീച്ചർ ഫോൺ ഉപഭോക്താക്കളെ പ്രാപ്‍തരാക്കാൻ ഇതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദേഹം പറഞ്ഞു.
പൂർണ്ണമായ യുപിഐ ഇന്‍ററോപ്പറബിലിറ്റി കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്ന് ഫോണ്‍പേ പറയുന്നു. അതായത്, രാജ്യത്തെ ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കും സ്‍മാർട്ട്‌ഫോൺ ഉപയോക്താക്കളെപ്പോലെ യുപിഐ ഉപയോഗിക്കാം എന്നും രണ്ടും തമ്മിൽ ഒരു വിടവും ഉണ്ടാകരുത് എന്നുമാണ് കമ്പനിയുടെ നയം. ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനത്തിന് പുറത്തുള്ള രാജ്യത്തെ കോടിക്കണക്കിന് ആളുകളെ ഓണ്‍ലൈന്‍ സാമ്പത്തിക സൗകര്യങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ നീക്കം സഹായിക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം