ആപ്പിള്‍ പ്രേമികളുടെ ആ പരാതി തീരും, ഐഫോണ്‍ 17ല്‍ 50 വാട്സ് വയർലെസ് ചാര്‍ജിംഗ്, പുതിയ Qi2.2 മാഗ്‍സേഫ് ചാർജറുകൾ അവതരിപ്പിക്കാൻ ആപ്പിൾ

Published : Jun 09, 2025, 01:12 PM ISTUpdated : Jun 09, 2025, 01:32 PM IST
iPhone Box

Synopsis

ആപ്പിളിന്‍റെ ഐഫോൺ 16 സീരീസ് 25 വാട്സ് വയർലെസ് ചാർജിംഗാണ് പിന്തുണച്ചിരുന്നത്

കാലിഫോര്‍ണിയ: ആപ്പിൾ പുതിയ ഐഫോൺ 17 സീരീസിൽ ഫാസ്റ്റ് വയർലെസ് ചാർജിംഗ് അവതരിപ്പിക്കും എന്ന് റിപ്പോർട്ട്. അടുത്ത തലമുറ ഐഫോൺ മോഡലുകളിൽ വേഗതയേറിയ വയർലെസ് ചാർജിംഗ് സാധ്യമാക്കുന്ന പുതിയ മാഗ്‌സേഫ് ചാർജറുകൾ ആപ്പിൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഇത് Qi2.2 വയർലെസ് ചാർജിംഗ് സ്റ്റാൻഡേർഡിനെ പിന്തുണയ്ക്കുന്നതായിരിക്കും. ഈ ചാർജറുകൾ ഉപയോഗിച്ച് ഐഫോൺ 17 സീരീസ് സ്മാര്‍ട്ട്‌ഫോണുകളില്‍ 50 വാട്സ് വരെ കരുത്തില്‍ വയർലെസ് ചാർജിംഗ് സാധ്യമാകും.

തായ്‌വാനിലെ നാഷണൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്‍റെ (NCC) വെബ്‌സൈറ്റിൽ രണ്ട് പുതിയ മാഗ്സേഫ് ചാർജറുകൾ (മോഡൽ നമ്പറുകൾ A3502, A3503) കണ്ടെത്തിയതായി 91 മൊബൈൽസിനെ ഉദ്ദരിച്ച് ഗാഡ്‍ജെറ്റ്സ് 360 ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ചാർജറുകളും നിലവിലുള്ള മാഗ്സേഫ് ചാർജറുകളുമായി സാമ്യമുള്ളതായി കാണപ്പെടുന്നു. രണ്ട് മോഡലുകൾ തമ്മിലുള്ള ഒരേയൊരു വ്യത്യാസം ബ്രെയ്‌ഡഡ് കേബിളിന്‍റെ നീളം മാത്രമാണ്. A3502-ന് ഒരു മീറ്റർ ബ്രെയ്‌ഡഡ് കേബിളാണുള്ളത്. അതേസമയം A3503-ന് രണ്ട് മീറ്റർ ബ്രെയ്‌ഡഡ് കേബിളാണ് നല്‍കിയിരിക്കുന്നത്.

വയർലെസ് പവർ കൺസോർഷ്യം (WPC) ഉടൻ പ്രഖ്യാപിക്കുന്ന Qi2.2 വയർലെസ് ചാർജിംഗ് സ്റ്റാൻഡേർഡ് ഈ പുതിയ ചാർജറുകൾ പിന്തുടരും. Qi2.2 ചാർജറുകൾക്ക് 45 വാട്സ് വരെ ഔട്ട്‌പുട്ട് നൽകാൻ കഴിയും. ഐഫോൺ 17 സീരീസിന് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും 50 വാട്സ് വരെ വേഗത്തില്‍ വയർലെസ് ചാർജിംഗ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യാനും കഴിയും.

പഴയ ഐഫോൺ ഉപയോക്താക്കൾക്കും Qi2.2 വയർലെസ് ചാർജിംഗിന്‍റെ പിന്തുണ ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐഫോൺ 17 സീരീസിനാണ് ഇതിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുക എങ്കിലും, ഈ ചാർജറുകൾ ഐഫോൺ 11 മുതൽ ഐഫോൺ 16 സീരീസ് വരെയുള്ള മോഡലുകളിലും പ്രവർത്തിക്കും. ഇത് പഴയ ഉപയോക്താക്കൾക്ക് ഒരു പരിധിവരെ വേഗത്തിലുള്ള ചാർജിംഗും മികച്ച മാഗ്നറ്റിക് അലൈൻമെന്റും പ്രയോജനപ്പെടുത്താൻ അനുവദിക്കും. നിലവിലെ ആപ്പിൾ മാഗ്സേഫ് ചാർജറുകൾക്ക് Qi2 സ്റ്റാൻഡേർഡിൽ 15 വാട്സ് വരെ മാത്രമേ ശക്തിയില്‍ ചാർജ് ചെയ്യാൻ കഴിയൂ. ഐഫോൺ 16 സീരീസ് 25 വാട്സ് വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു. പക്ഷേ ഇത് Qi2.1 ലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

6000 എംഎഎച്ച് ബാറ്ററി കരുത്തില്‍ ഒരു ബജറ്റ്-ഫ്രണ്ട്‌ലി ഫോണ്‍; റെഡ്‌മി 15സി 5ജി ഇന്ത്യയില്‍ പുറത്തിറങ്ങി
സാംസങ് ഗാലക്‌സി ടാബ് എ11+ ഇന്ത്യയില്‍; ഫീച്ചറുകളും വിലയും