ചില സംശയങ്ങള്‍ നല്ലതാണ്; സൈബര്‍ തട്ടിപ്പില്‍ പണം നഷ്‌ടമാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതെല്ലാം

Published : Oct 18, 2025, 01:31 PM ISTUpdated : Oct 18, 2025, 01:45 PM IST
cyber-fraud

Synopsis

സൈബര്‍ തട്ടിപ്പില്‍ പണം നഷ്‌ടമാവാതിരിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? പണം നഷ്‌ടമായെന്ന് സംശയം തോന്നിയാലും ഉറപ്പായാലും മടിച്ചുനില്‍ക്കാതെ പരാതി നല്‍കാം. അത് കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയാവുന്നത് തടയും. 

സൈബര്‍ തട്ടിപ്പുകള്‍ വഴി പണം നഷ്‌ടമാകുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ നമുക്ക് വലിയ ഞെട്ടലല്ലാതായിരിക്കുന്നു. അത്രയേറെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് വാര്‍ത്തകളാണ് ദിനംതോറും പുറത്തുവരുന്നത്. കേരളത്തിലെ അഭ്യസ്‌തവിദ്യര്‍ പോലും ഇത്തരം സാമ്പത്തിക പ്രലോഭനങ്ങളില്‍ വീണ് കബളിക്കപ്പെടുകയാണ്. പലരും മടികൊണ്ട് പേര് പറയുന്നില്ല, പേര് പുറത്തു പറയുന്നവരാവട്ടേ വാവിട്ട് കരയുന്നു. അല്‍പമൊന്ന് ജാഗ്രത കാണിച്ചാല്‍ ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളില്‍ വീഴാ‌തിരിക്കാം. ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകളില്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് വിശദമായി അറിയാം.

പണം കൈക്കലാക്കാന്‍ പല വഴികള്‍

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് സംഘങ്ങള്‍ എപ്പോഴും ഫോണ്‍ കോള്‍, വാട്‌സ്ആപ്പ് സന്ദേശം, ഇ-മെയില്‍, എസ്എംഎസ് ഒക്കെ വഴിയാണ് ആളുകളെ ബന്ധപ്പെടാറ്. നിങ്ങളുമായി അവര്‍ സംസാരിച്ച് തുടങ്ങുമ്പോഴേ ചിലപ്പോള്‍ പണം ആവശ്യപ്പെട്ടേക്കാം, അല്ലെങ്കില്‍ നിങ്ങളെ മറ്റെന്തെങ്കിലും പറഞ്ഞ് അവരുടെ വഴിയിലേക്ക് കൊണ്ടുവന്ന ശേഷമാകും പണം കൈക്കലാക്കാനുള്ള ശ്രമം. അതിനാല്‍ ഓണ്‍ലൈനില്‍ നിങ്ങള്‍ക്ക് വരുന്ന ഓരോ കോളും സന്ദേശവും ഇ-മെയിലും എസ്‌എംഎസും അത്രയേറെ ജാഗ്രതയോടെയും സംശയത്തോടെയും കാണണം, മുന്നൊരുക്കത്തോടെ നേരിടണം. പണവും വ്യക്തിവിവരങ്ങളും സാമ്പത്തിക വിവരങ്ങളും ഒടിപികളും യുപിഐ ഐഡിയും യുപിഐ പിന്നും ആവശ്യപ്പെട്ട് ആര് സമീപിച്ചാലും സംശയദൃഷ്‌ടിയോടെ കാണുന്നതാണ് അഭികാമ്യം.

കൈമാറല്ലേ വ്യക്തിവിവരങ്ങളും, ബാങ്ക് വിവരങ്ങളും ഒടിപിയും...

നിങ്ങളില്‍ നിന്ന് പണമോ, വ്യക്തിവിവരങ്ങളോ, ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, യുപിഐ ഐഡിയോ, ഒടിപിയോ ആവശ്യപ്പെട്ട് ആരെങ്കിലും ബന്ധപ്പെട്ടാലുടന്‍ അത് കൈമാറാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. വരുന്ന എല്ലാ കോളുകളും എസ്‌എംഎസുകളും മെസേജുകളും ഇ-മെയിലുകളും രണ്ടുവട്ടമെങ്കിലും പരിശോധിച്ച് ഉറപ്പുവരുത്തുക. ഉദാ: ബാങ്കില്‍ നിന്നാണ് വിളിക്കുന്നത്, അക്കൗണ്ട് വിവരങ്ങള്‍ വേണം, അല്ലെങ്കില്‍ ഒടിപി വേണം എന്ന് ആവശ്യപ്പെട്ടാല്‍ അക്കാര്യം സ്ഥിരീകരിക്കുന്നതിനായി നിങ്ങള്‍ക്ക് ബാങ്കിന്‍റെ ബ്രാഞ്ചിനെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഒരു ബാങ്കില്‍ നിന്ന് ഒരിക്കലും നിങ്ങളെ വിളിച്ച് അക്കൗണ്ട് വിവരങ്ങളോ ഒടിപിയോ തിരക്കില്ല എന്ന കാര്യം അറിഞ്ഞിരിക്കണം. ഇതുതന്നെ വ്യക്തിവിവരങ്ങള്‍ അടക്കം ആവശ്യപ്പെട്ടുള്ള കോളുകളും മെസേജുകളും വരുമ്പോഴും ശ്രദ്ധിക്കാം. നിങ്ങള്‍ നടത്തിയ എന്തെങ്കിലും ഇടപാടുമായി ബന്ധപ്പെട്ടാണോ ഈ റിക്വസ്റ്റ് നിങ്ങള്‍ക്ക് മുന്നിലെത്തിയിരിക്കുന്നത് എന്നും പരിശോധിച്ച് ഉറപ്പുവരുത്തുക. നൂറ് ശതമാനം ഉറപ്പിക്കാതെ യാതൊരു വിവരങ്ങളും പണവും ഒടിപിയും മറ്റാര്‍ക്കും കൈമാറരുത്.

'Urgent' ആണോ, നോ പറയാം

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് സംഘങ്ങള്‍ എപ്പോഴും പയറ്റുന്ന ഒരു രീതി ഇപ്രകാരമാണ്. ഒരു എമര്‍ജന്‍സിയുണ്ട്...എത്രയും വേഗം പണം അയക്കുക... ഉദാ: 'ഞാനൊരു കടയില്‍ നിങ്ങള്‍ക്കുകയാണ്, ഒരു 500 രൂപയുടെ കുറവുണ്ട്. ഈ ജിപെ/യുപിഐ ഐഡിയിലേക്ക് പൈസ അയക്കാമോ'- എന്ന തരത്തിലായിരിക്കും തിടുക്കപ്പെട്ടുള്ള മെസേജുകള്‍ ലഭിക്കുക. നിരവധിയാളുകള്‍ക്ക് വാട്‌സ്ആപ്പിലും ഫേസ്ബുക്ക് മെസഞ്ചറിലും ഇന്‍സ്റ്റഗ്രാം ഡിഎമ്മിലുമൊക്കെ ഇത്തരം സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. ആവശ്യം കാണുമ്പോഴേ പലരും ആവേശം കാരണം പണം ഉടന്‍ അയച്ചുകൊടുക്കും. പിന്നീടാണ് മനസിലാവുക ഇതൊരു തട്ടിപ്പായിരുന്നുവെന്നും പണം നഷ്‌ടമായെന്നും. എന്തെങ്കിലും അത്യാവശ്യം പറഞ്ഞ് ആരെങ്കിലും പണം ആവശ്യപ്പെട്ടാല്‍ അവരെ നേരിട്ട് കോണ്‍ടാക്റ്റ് ചെയ്‌ത് ഉറപ്പിച്ച ശേഷം മാത്രം പണം നല്‍കുക. കാരണം, പലപ്പോഴും വ്യാജ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് മെസഞ്ചര്‍ ഐഡികളില്‍ നിന്നാവും ഇത്തരത്തില്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പുകാര്‍ നിങ്ങളെ ബന്ധപ്പെടുക.

ഭയപ്പെടുത്തി കീഴ‌്‌പ്പെടുത്തല്ലേ...

എമര്‍ജന്‍സി (Emergency) അല്ലെങ്കില്‍ അര്‍ജന്‍സി (Urgent) പറഞ്ഞ് തട്ടിപ്പ് സംഘങ്ങള്‍ പണവും വ്യക്തിവിവരങ്ങളും ബാങ്ക് ഡീറ്റൈല്‍സുമെല്ലാം ആവശ്യപ്പെടുന്നതുപോലെ തന്നെയുള്ള മറ്റൊരു തട്ടിപ്പ് രീതിയാണ് ഭീഷണിപ്പെടുത്തല്‍ എന്നത്. സിബിഐയും, പൊലീസും, ഇഡിയും, കസ്റ്റംസും പോലുള്ള വിവിധ ഏജന്‍സികളുടെ പേര് പറഞ്ഞ് തട്ടിപ്പ് സംഘങ്ങള്‍ ഫോണ്‍ കോള്‍ വിളിക്കുന്നതും എസ്എംഎസും വാട്‌സ്ആപ്പ് സന്ദേശങ്ങളും അയക്കുന്നതും നാം ഏറെ കേട്ടിട്ടുണ്ടാവും. പണം തന്നില്ലെങ്കില്‍ പിടിച്ച് ജയിലിലിടും എന്നുവരെ കടുപ്പിച്ച് ഭീഷണി മുഴക്കും ഇത്തരം അവസരങ്ങളില്‍ തട്ടിപ്പുകാര്‍. അവര്‍ക്കാവശ്യമായ പണം ലഭിക്കും വരെ ഡിജിറ്റല്‍ അറസ്റ്റില്‍ നിങ്ങളെ വെക്കുകയും ചെയ്യും. അന്വേഷണ ഏജന്‍സികള്‍ ഫോണിലൂടെയും മറ്റും ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി നിങ്ങളോട് പണം ആവശ്യപ്പെടില്ല എന്ന കാര്യം പ്രാഥമികമായി നിങ്ങള്‍ മനസിലാക്കിയിരിക്കണം. എന്തെങ്കിലും സംശയം തോന്നിയാല്‍ നിങ്ങള്‍ ഉടന്‍, ഏത് ഏജന്‍സിയാണോ നിങ്ങളെ ബന്ധപ്പെട്ടത് അവരുടെ ഓഫീസുമായി നേരിട്ട് വിവരങ്ങള്‍ തിരക്കുക.

സര്‍ക്കാര്‍ വ്യാജേനയും തട്ടിപ്പ്

ആരെങ്കിലും അയച്ചുതരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്‌ത് വഞ്ചിതരാവാതിരിക്കാനും ശ്രദ്ധിക്കുക. ലിങ്കുകള്‍ അയച്ചിരിക്കുന്നത് ഔദ്യോഗിക വിലാസങ്ങളില്‍ നിന്നാണോ എന്ന് പരിശോധിക്കുക. ഇതിനായി ലിങ്കുകളുടെ യുആര്‍എല്‍ പരിശോധിക്കാം. വാട്‌സ്ആപ്പ് വഴിയാണ് ലിങ്ക് വന്നതെങ്കില്‍ അത് ബ്ലൂ ടിക് മാര്‍ക്കുള്ള അക്കൗണ്ടില്‍ നിന്നുള്ള ലിങ്കാണോ എന്ന് ഉറപ്പിക്കുക. സര്‍ക്കാര്‍ പദ്ധതികളുടെയും മറ്റും പേരിലും തട്ടിപ്പ് വ്യാപകമാണ് എന്നതിനാല്‍ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ പരിശോധിച്ച് വിവരങ്ങള്‍ ഉറപ്പിക്കുക. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ പിഐബി ഫാക്‌ട് ചെക്കിന്‍റെ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വഴി പരിശോധിച്ച് ഉറപ്പുവരുത്താം. ലിങ്കുകള്‍ പോലെ, എപികെ ഫയലുകളും ഫോണിലേക്ക് വരാം. എസ്‌ബിഐ പോലുള്ള പൊതുമേഖല ബാങ്കുകളുടെ പേരുകളില്‍ പോലും എപികെ ഫയലുകള്‍ പ്രചരിക്കുന്നുണ്ട്. ഒരു കാരണവശാലും അവ ഇന്‍സ്റ്റാള്‍ ചെയ്യരുത്.

അക്ഷത്തെറ്റുണ്ടോ... വ്യാജനെ ഉറപ്പിക്കാം

വ്യാജ സന്ദേശങ്ങളും ഇമെയിലുകളും എസ്‌എംഎസുകളുമെല്ലാം തിരിച്ചറിയാനുള്ള ഒരു പൊടിക്കൈ അവയില്‍ അക്ഷത്തെറ്റുണ്ടോ എന്നതാണ്. സര്‍ക്കാര്‍ പുറത്തിറക്കുന്ന മുന്നറിയിപ്പുകളിലും രേഖകളിലുമൊന്നും അക്ഷരത്തെറ്റിന് സാധ്യതയില്ല എന്ന് മനസിലാക്കുക. അതിനാല്‍, അക്ഷരത്തെറ്റ് കണ്ടാല്‍ ഉറപ്പിച്ചോ നിങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന സന്ദേശവും ഇമെയിലുമൊക്കെ ഒന്നാന്തരം ഫ്രോഡാണ്.

ഒടിപി, ബാങ്ക് വിവരങ്ങള്‍, ക്ര‍ഡിറ്റ് കാര്‍ഡ് കൈമാറരുത്

അനവസരത്തിലുള്ള ഒടിപികളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും, യുപിഐ ഐഡിയും, യുപിഐ പിന്നും മറ്റാര്‍ക്കും കൈമാറരുത് എന്ന കാര്യം മുമ്പ് സൂചിപ്പിച്ചുവല്ലോ. ബാങ്ക് അക്കൗണ്ട് വിവരങ്ങളും, വ്യക്തിവിവരങ്ങളും പരിശോധിച്ചുറപ്പിച്ച ശേഷം മാത്രമേ കൈമാറാന്‍ പാടുള്ളൂ. പലപ്പോഴും ഷോപ്പിംഗിനായും മറ്റും ക്രഡിറ്റ് കാര്‍ഡും, ഡെബിറ്റ് കാര്‍ഡും മറ്റുള്ളവര്‍ക്ക് കൈമാറുന്ന പതിവ് പലര്‍ക്കുമുണ്ട്. ചിലരാവട്ടേ, ക്രഡിറ്റ് കാര്‍ഡിന്‍റെ ഫോട്ടോ എടുത്ത് അയച്ച് കൊടുക്കുകയും ചെയ്യും. എത്ര വിശ്വസ്‌തരായ ആളുകള്‍ക്കായാലും ഇത്തരത്തില്‍ ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈമാറാതിരിക്കുക. ഇതുപോലെതന്നെ ഒരിക്കലും കോളും മെസേജും ഇമെയിലും എസ്എംഎസും വഴി നിങ്ങളുടെ പാസ്‌വേഡുകളും മറ്റാര്‍ക്കും കൈമാറരുത്.

പണം ഇരട്ടിപ്പ്, മറ്റൊരു തട്ടിപ്പ്

ചെറിയ തുക നിക്ഷേപിച്ച് വലിയ തുക റിട്ടേണ്‍ നേടാം എന്ന മോഹവാഗ്‌ദാനത്തിന് കേരളത്തില്‍ വലിയ പ്രചാരം എല്ലാക്കാലത്തുമുണ്ടായിരുന്നു. പല രൂപത്തില്‍ ഈ മോഹവാഗ്‌ദാനം ഇതിനകം നാട്ടുകാരെ പറ്റിച്ച് കോടികള്‍ വിഴുങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ ഇത്തരം തട്ടിപ്പുകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. വാട്‌സ്ആപ്പ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ഏറെ തട്ടിപ്പും നടക്കുന്നത്. ചെറിയ തുക നിക്ഷേപിച്ചാല്‍ ഇരട്ടിയോ അതിലേറെയോ തുക ലഭിക്കും എന്നുപറഞ്ഞുകൊണ്ടാവും തട്ടിപ്പുസംഘം നിങ്ങളെ ബന്ധപ്പെടുക. ഈ പദ്ധതിയില്‍ ചേരാന്‍ ലിങ്കോ, ഒരു ഗ്രൂപ്പ് ഇന്‍വൈറ്റോ നിങ്ങള്‍ക്കുണ്ടാകും. യെസ് മൂളിയാല്‍ നിങ്ങളെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കോ ടെലഗ്രാം ഗ്രൂപ്പിലേക്കോ ചേര്‍ക്കും. ആദ്യം നിങ്ങള്‍ 100 രൂപ കൈമാറിയാല്‍ ചിലപ്പോള്‍ 200 രൂപ കിട്ടും. ഇതോടെ ആളുകള്‍ ഈ മോഹവാഗ്‌ദാനത്തിന്‍റെ കെണിയിലാവും. കൂടുതല്‍ പണം ഇറക്കിയാല്‍ അതിലേറെ നേടാം എന്നാകും തട്ടിപ്പ് സംഘം വച്ചുനീട്ടുന്ന ഓഫര്‍. അങ്ങനെ വലിയ തുകകള്‍ നിക്ഷേപിക്കുന്നതോടെ തട്ടിപ്പ് സംഘം ആ പണവുമായി മുങ്ങും. നിങ്ങളുടെ ബാങ്ക് അക്കൗണ്ടും കീശയും കാലിയാവും.

'വീട്ടിലിരുത്ത് സമ്പാദിക്കാം'- അതും തട്ടിപ്പ്

സമാനമായി, തൊഴില്‍ തട്ടിപ്പും വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി നടക്കുന്നുണ്ട്. ജോലി ലഭിക്കാന്‍ പണം അടയ്‌ക്കുക എന്നതാണ് ഇതിലൊരു തട്ടിപ്പ്. പരസ്യങ്ങള്‍ ഷെയര്‍ ചെയ്‌തും മറ്റും വീട്ടിലിരുന്ന് ആയിരങ്ങള്‍ മാസംതോറും സമ്പാദിക്കാം എന്ന വാഗ്‌ദാനമാണ് മറ്റൊരു തട്ടിപ്പ്. ഇത്തരം ഓഫറുകളോടും അകലം പാലിക്കുന്നത് നല്ലതാണ്.

എസ്‌എംഎസുകള്‍ ഇ-മെയിലുകള്‍ എന്നിവ എപ്പോഴും പരിശോധിക്കുക

നിങ്ങളുടെ എല്ലാ ഇടപാടുകളും മൊബൈല്‍ ഫോണ്‍ നമ്പറും ഇ-മെയിലുമായും ബന്ധിപ്പിച്ചിരിക്കുന്ന കാലമാണിത്. ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, ടെലിഫോണ്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങി എല്ലാത്തരം സേവനദാതാക്കളും നിങ്ങള്‍ക്ക് ഇടയ്‌ക്കിടയ്‌ക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ എസ്എംഎസ് ആയും, വാട്‌സ്ആപ്പ് മുഖാന്തിരവും, ഇ-മെയില്‍ വഴിയും അയക്കാറുണ്ട്. ഇംഗ്ലീഷില്‍ മാത്രമല്ല, മലയാളത്തിലും ഇത്തരം സന്ദേശങ്ങള്‍ എല്ലാത്തരം സ്ഥാപനങ്ങളും അയക്കാറുണ്ട്. ഇത്തരം മുന്നറിയിപ്പുകളും ജാഗ്രതാ നിര്‍ദേശങ്ങളും അറിയാന്‍ ഇടയ്‌ക്കിടയ്‌ക്ക് എസ്എംഎസും, ഇ-മെയിലും, വാട്‌സ്ആപ്പും പരിശോധിക്കുന്നത് നല്ലതാണ്.

ടു-ഫാക്‌ടര്‍ ഒതന്‍റിക്കേഷന്‍

എല്ലാത്തരം ഡിജിറ്റല്‍ അക്കൗണ്ടുകളിലും ടു-ഫാക്‌ടര്‍ ഒതന്‍റിക്കേഷന്‍ അല്ലെങ്കില്‍ മള്‍ട്ടി-ഫാക്‌ടര്‍ ഒതന്‍റിക്കേഷന്‍ ഓണാക്കി വയ്‌ക്കേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ അക്കൗണ്ടിലേക്ക് ആരെങ്കിലും പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ ടു-ഫാക്‌ടര്‍ ഒതന്‍റിക്കേഷന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും, നിങ്ങളുടെ അപ്രൂവല്‍ അല്ലെങ്കില്‍ അനുമതി തുടര്‍ന്നുള്ള ഇടപാടുകള്‍ക്ക് നിര്‍ബന്ധമായിരിക്കുകയും ചെയ്യും. പാസ്‌വേഡുകള്‍ ശക്തമാക്കുക, പാസ്‌വേഡുകള്‍ ഇടയ്‌ക്കിടയ്‌ക്ക് അപ്‌ഡേറ്റ് ചെയ്യുക എന്നിവയും പ്രധാനമാണ്. 

തട്ടിപ്പില്‍പ്പെട്ടാല്‍ എന്ത് ചെയ്യണം? മടിച്ചുനില്‍ക്കാതെ പരാതി നല്‍കാം

സാമ്പത്തിക തട്ടിപ്പില്‍പ്പെട്ടതായി സംശയം തോന്നിയാല്‍ ഇടനടി പൊലീസിനെയും, സൈബര്‍ സുരക്ഷാ വിഭാഗങ്ങളെയും, incident@cert-in-org.in പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളെയും അറിയിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള https://cybercrime.gov.in/ എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ചും പരാതി നല്‍കാം. 1930 എന്ന സൈബര്‍ ക്രൈം ഹെല്‍പ്‌ലൈനിലും പരാതി ഒരു മടിയും കൂടാതെ അറിയിക്കാം. ശ്രദ്ധിക്കുക… നിങ്ങളൊരു സൈബര്‍ തട്ടിപ്പില്‍ ഇരയായിട്ട് പരാതി നല്‍കാതിരുന്നാല്‍, അത് മറ്റുള്ളവരും തട്ടിപ്പിന് വിധേയമാകാനുള്ള വഴിവെട്ടലാണ് എന്ന കാര്യം മറക്കാതിരിക്കാം. 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ
കുറ്റക്കാർ 'ആപ്പിളെ'ന്ന് കോടതി, ആശ്വാസത്തിൽ ആപ്പിൾ, വഴി തെളിയുന്നത് വൻ കമ്മീഷന്