മാനത്തും ദീപാവലി; ഓറിയോണിഡ് ഉൽക്കാവര്‍ഷം ഇന്ത്യയിലും കാണാം, മണിക്കൂറിൽ 20 ഉൽക്കകൾ വരെ കത്തിജ്വലിക്കും!

Published : Oct 18, 2025, 09:52 AM IST
perseid meteor shower

Synopsis

2025-ലെ ഓറിയോണിഡ് ഉൽക്കാവർഷം ഒക്ടോബർ 21-22 തീയതികളിൽ ഉച്ചസ്ഥായിയിലെത്തും. ഓറിയോണിഡ് ഉൽക്കാവർഷം ഇന്ത്യയില്‍ നിന്ന് എങ്ങനെ, എപ്പോള്‍ കാണാമെന്ന് വിശദമായി അറിയാം.

തിരുവനന്തപുരം: ഹാലി ധൂമകേതുവിന്‍റെ അവശിഷ്‌ടങ്ങള്‍ കടന്നുപോകുമ്പോൾ സംഭവിക്കുന്ന അത്യാകര്‍ഷകമായ ഉൽക്കാവർഷമായ ഓറിയോണിഡ് ഉൽക്കാവര്‍ഷം (Orionid Meteor Shower) കാണാൻ ഇന്ത്യൻ വാനനിരീക്ഷകർക്ക് വരും ദിവസങ്ങളില്‍ അവസരം. ഇന്ത്യയില്‍ നിന്ന് ഒക്‌ടോബര്‍ 21 രാത്രി മുതൽ ഒക്‌ടോബര്‍ 22 പുലർച്ചെ വരെ ഓറിയോണിഡ് ഉൽക്കാവര്‍ഷം ഉച്ചസ്ഥായിയിൽ എത്തുന്നത് കാണാനാകും. ഒക്‌ടോബര്‍ 20 രാത്രി മുതൽ ഒക്‌ടോബര്‍ 21 പുലർച്ചെ വരെയാണ് അമേരിക്കയിലെ ബഹിരാകാശകുതുകികള്‍ക്ക് ഈ ആകാശ പ്രതിഭാസം ഏറ്റവും വ്യക്തമായി കാണാൻ കഴിയുന്ന സമയം. ദീപാവലക്കാലത്ത് മാനത്തെ ദീപാലങ്കാരമാകും ഓറിയോണിഡ് ഉൽക്കാവര്‍ഷം. 

മണിക്കൂറിൽ 20 ഉൽക്കകൾ വരെ കാണാം

ഓറിയോണിഡ് ഉൽക്കാവര്‍ഷ ദിനങ്ങളില്‍ മണിക്കൂറിൽ 20 ഉൽക്കകൾ വരെ ആകാശ നിരീക്ഷകർക്ക് കാണാൻ കഴിയും. ഓറിയോണിഡുകൾ വേഗതയേറിയതും തിളക്കമുള്ളതും, പലപ്പോഴും കുറച്ച് നിമിഷങ്ങൾ മാത്രം ദൃശ്യമാകുന്ന ഉല്‍ക്കാശകലങ്ങളുമാണ്. ഹാലിയുടെ വാൽനക്ഷത്രം അവശേഷിപ്പിച്ച ബഹിരാകാശ പൊടികളുടെ പാതയിലൂടെ ഭൂമി കടന്നുപോകുമ്പോൾ സംഭവിക്കുന്ന ഒരു വാർഷിക ആകാശ പ്രതിഭാസമാണ് ഓറിയോണിഡ് ഉൽക്കാവർഷം. ഈ പൊടിപടലങ്ങൾ അതിവേഗത്തിൽ ഭൂമിയുടെ അന്തരീക്ഷവുമായി കൂട്ടിയിടിക്കുകയും കത്തുകയും, ഉൽക്കകൾ അല്ലെങ്കിൽ ഷൂട്ടിംഗ് സ്റ്റാര്‍സ് എന്നറിയപ്പെടുന്ന തിളക്കമുള്ള പ്രകാശരേഖകൾ സൃഷ്‍ടിക്കുകയും ചെയ്യുന്നു. സെക്കൻഡിൽ 41 മൈൽ (238,000km/h) വേഗതയിൽ സഞ്ചരിക്കുന്ന ഉൽക്കകളാണ് ഓറിയോണിഡുകൾ.

ഓറിയോണിഡ് ഉൽക്കാവർഷം 2025 നവംബർ 22 വരെ സജീവം

ഈ വർഷം സെപ്റ്റംബർ 26ന് ആരംഭിച്ച ഓറിയോണിഡ് ഉൽക്കാവർഷം 2025 നവംബർ 22 വരെ സജീവമായിരിക്കും എന്ന് നാസ പറയുന്നു. ഒക്‌ടോബര്‍ 21 രാത്രിയിൽ (യുഎസിൽ ഒക്‌ടോബര്‍ 20) ഓറിയോണിഡ് ഉൽക്കാവർഷം അതിന്‍റെ ഉച്ചസ്ഥായിയിൽ എത്തും. ഒക്‌ടോബര്‍ 22ന് (യുഎസിൽ ഒക്‌ടോബര്‍ 21) അതിരാവിലെ വരെ ഇവ ആകാശത്ത് തിളങ്ങുന്ന പാതകൾ സൃഷ്‍ടിക്കുന്നത് തുടരും. അനുയോജ്യമായ കാലാവസ്ഥാ സാഹചര്യങ്ങളിൽ ഓറിയോണിഡ് ഉൽക്കാവർഷം മണിക്കൂറിൽ ഏകദേശം 10 മുതൽ 20 വരെ ഉൽക്കകൾ ദൃശ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ജ്യോതിശാസ്ത്ര സംഭവം കാണാൻ ഏറ്റവും അനുയോജ്യമായ സമയം അർധരാത്രിക്ക് ശേഷം പ്രഭാതം വരെയാണ്. ഈ സമയം ഓറിയോൺ നക്ഷത്രസമൂഹത്തിനടുത്തുള്ള വികിരണബിന്ദു ആകാശത്ത് ഏറ്റവും ഉയർന്ന നിലയിൽ ആയിരിക്കും.

 

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും