പൊതുയിടങ്ങളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ജാഗ്രത വേണമെന്ന് കേരള പൊലീസ്; എന്താണ് ജ്യൂസ് ജാക്കിങ്? വിശദമായറിയാം

Published : Oct 18, 2025, 10:42 AM IST
Juice jacking

Synopsis

ജ്യൂസ് ജാക്കിങ് എന്നത് ഒരുതരം സൈബര്‍ ആക്രമണമാണ്. ഇതിലൂടെ ഒരു പൊതു യുഎസ്‌ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ഫോണില്‍ നിന്നോ ടാബ്‌ലെറ്റ്, ലാപ്‌ടോപ് എന്നിവയില്‍ നിന്നോ ഡാറ്റ മോഷ്‌ടിക്കാനോ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ കഴിയും.

ദീര്‍ഘദൂരയാത്രയിലോ അല്ലെങ്കില്‍ പെട്ടെന്ന് ഫോണില്‍ ചാര്‍ജ് തീര്‍ന്നാലോ എവിടെയാണ് എങ്ങനെയാണെന്നൊന്നും നാം നോക്കാറില്ല. ഒരു പ്ലഗ് കണ്ടാല്‍ ഉടനെ നാം ഫോണ്‍ ചാര്‍ജ് ചെയ്യാറല്ലേ പതിവ്... എന്നാല്‍ ഇനി അങ്ങനെ എവിടെനിന്നെങ്കിലും ഒക്കെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വരട്ടെ. പൊതു ഇടങ്ങളില്‍ നിന്ന് ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. 'ജ്യൂസ് ജാക്കിങ്' എന്ന പേരില്‍ അറിയപ്പെടുന്ന സൈബര്‍ തട്ടിപ്പിന് നിങ്ങള്‍ ഇരയായേക്കുമെന്നാണ് പൊലീസ് പറയുന്നത്. പലവട്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് മീഡിയ സെന്‍റര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

എന്താണ് ജ്യൂസ് ജാക്കിങ്?

കേരള പൊലീസിന്‍റെ മുന്നറിയിപ്പ് വന്ന പശ്ചാത്തലത്തില്‍ ജ്യൂസ് ജാക്കിങ് എന്താണെന്ന് വിശദമായി അറിയാം. ജ്യൂസ് ജാക്കിങ് എന്നത് ഒരുതരം സൈബര്‍ ആക്രമണമാണ്. ഇതിലൂടെ ഒരു പൊതു യുഎസ്‌ബി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ഫോണില്‍ നിന്നോ ടാബ്‌ലെറ്റ്, ലാപ്‌ടോപ് എന്നിവയില്‍ നിന്നോ ഡാറ്റ മോഷ്‌ടിക്കാനോ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ കഴിയും. 'ജ്യൂസ് ജാക്കിങ്' എന്ന പദം നിങ്ങളുടെ ഫോണിനെ 'ജ്യൂസ് അപ്പ്' ചെയ്യുക എന്ന ആശയത്തെയും അതിനെ 'ഹൈജാക്ക്' ചെയ്യുക എന്ന പ്രവര്‍ത്തിയേയും സംയോജിപ്പിക്കുന്നതാണ്. വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, കോഫി ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന പൊതു ചാര്‍ജിങ് സ്റ്റേഷനുകളില്‍ പലപ്പോഴും യുഎസ്‌ബി പോര്‍ട്ടുകള്‍ ഉണ്ടാവും. ഈ യുഎസ്‌ബി കണക്‌ടറുകള്‍ പവര്‍, ഡാറ്റ ട്രാന്‍സ്‌ഫര്‍ എന്നിവ സുഗമമാക്കാന്‍ കഴിവുള്ളവയാണ്, ഇത് ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ഫോണ്‍ ആക്‌സസ് ചെയ്യുന്നതിനുള്ള എളുപ്പവഴിയാകുന്നു. അതേസമയം, ജ്യൂസ് ജാക്കിങിന് വളരെ സങ്കീര്‍ണമായ സാങ്കേതികവിദ്യകളൊന്നും ആവശ്യമില്ലെന്നതാണ് ശ്രദ്ധേയം. ഒരു പൊതു യുഎസ്‌ബി പോര്‍ട്ടോ കേബിളോ മാത്രം മതിയാകും. ഇതിലൂടെ നിങ്ങളുടെ പാസ്‌വേര്‍ഡുകള്‍, ഇ-മെയിലുകള്‍ സാമ്പത്തിക വിവരങ്ങള്‍ എന്നിവ ഹാക്കര്‍മാരുടെ കൈയിലേക്കെത്തുന്നു.

ജ്യൂസ് ജാക്കിങില്‍ നിന്ന് എങ്ങനെ രക്ഷനേടാം?

ജ്യൂസ് ജാക്കിങ് ഒഴിവാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം പൊതു യുഎസ്ബി പോര്‍ട്ടിനു പകരം നിങ്ങളുടെ സ്വന്തം ചാര്‍ജിംഗ് കേബിളുകളും പവര്‍ അഡാപ്റ്ററുകളും ഉപയോഗിക്കുക എന്നതാണ്. യുഎസ്‌ബി ഡേറ്റ ബ്ലോക്കര്‍ ഉപയോഗിക്കുക. ദീര്‍ഘദൂര യാത്രകളില്‍ നിര്‍ബന്ധമായും പോര്‍ട്ടബിള്‍ ചാര്‍ജര്‍ കരുതുക. സുരക്ഷിത ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഉപയോഗിക്കുക. നിങ്ങളുടെ സ്‌മാര്‍ട്ട്‌ഫോണിന്‍റെ ഓപ്പറേറ്റിങ് സിസ്റ്റവും ആപ്ലിക്കേഷനുകളും പതിവായി അപ്‌ഡേറ്റ് ചെയ്യുക. യുഎസ്ബി പോര്‍ട്ടിലേക്ക് കണക്റ്റ് ചെയ്യുമ്പോള്‍ ഡാറ്റാ ട്രാന്‍സ്‌ഫറുകള്‍ പ്രവര്‍ത്തനരഹിതമാക്കുക.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍