
ദില്ലി: എല്ലാ കമ്പനികളുടെയുടെ മൊബൈല്‍ നിരക്കുകളും പ്ലാനുകളും വ്യക്തമാക്കുന്ന വെബ്സൈറ്റുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ രംഗത്ത്. നിലവിലുള്ള എല്ലാ മൊബൈൽ കമ്പനികളുടെ പ്ലാനുകളും, തുകയും സൈറ്റിലുണ്ടാകും. ഇതോടെ ഉപഭോക്താക്കൾക്ക് ഓരോ കമ്പനിയുടെയും നിരക്കുകൾ താരതമ്യം ചെയ്യാനാകും.
സ്പെഷ്യൽ താരിഫ് വൗച്ചറുകൾ, സാധാരണ നിരക്കുകൾ, പ്രമോഷനൽ താരിഫുകള്‍ വാല്യു ആഡഡ് സർവീസ് പായ്ക്കുകൾ തുടങ്ങിയവയും വെബ് സൈറ്റില്‍ നൽകിയിട്ടുണ്ട്. ഇത്രയും സുതാര്യമായി മൊബൈൽ നിരക്കുകൾ ലഭ്യമാക്കുന്ന ഒരു പ്ലാറ്റ്ഫോം സർക്കാർ പിന്തുണയില്‍ ആദ്യമായാണു നടപ്പാക്കുന്നതെന്ന് ട്രായ് അറിയിച്ചു.
ഈ സേവനം നിലവിൽ ദില്ലിയില്‍ മാത്രമാണ് ലഭ്യമാകുക. പൊതുജനങ്ങളിൽനിന്നു അഭിപ്രായങ്ങൾ സ്വീകരിച്ചശേഷം എല്ലായിടത്തേയ്ക്കും വ്യാപിപ്പിക്കും. വിവിധ താരിഫ് പ്ലാനുകളും മറ്റുള്ളവയും ഉപഭോക്താക്കളുടെ എളുപ്പത്തിനായി ട്രായ്‌യുടെ വെബ് സൈറ്റിൽ ഡൗൺലോഡ് ചെയ്യാവുന്ന ഫോർമാറ്റിൽ ലഭിക്കും.
പൊതുജനങ്ങൾക്കും മൊബൈൽ കമ്പനികൾക്കും വെബ്സൈറ്റ് പരിശോധിച്ച് നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാൻ 15 ദിവസമാണ് അനുവദിച്ചിരിക്കുന്നതെന്ന് ട്രായ് സെക്രട്ടറി സുനിൽ ഗുപ്ത അറിയിച്ചു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam