
ദില്ലി: പ്രമുഖ സമൂഹ മാധ്യമമായ ട്വിറ്ററിന്റെ ഇന്ത്യയിലെ രണ്ട് ഓഫീസുകൾ പൂട്ടി. ഇന്ത്യയിൽ ആകെ മൂന്ന് ഓഫീസുകളാണ് ട്വിറ്ററിന് ഉണ്ടായിരുന്നത്. ഇതിൽ ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളാണ് പൂട്ടിയത്. ബംഗളൂരുവിലെ ഓഫീസ് പ്രവർത്തനം തുടരും. നേരത്തെ ട്വിറ്ററിന്റെ ഇന്ത്യയിലെ 200ലധികം ജീവനക്കാരിൽ 90 ശതമാനം പേരെയും നേരത്തെ പിരിച്ചുവിട്ടിരുന്നു.
ഇലോൺ മസ്ക് ട്വിറ്ററിനെ ഏറ്റെടുത്ത ശേഷമുള്ള പരിഷ്കാര നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്. ബെംഗളൂരുവിലെ ഓഫീസിൽ പ്രവർത്തിക്കുന്നത് അധികവും എഞ്ചിനീയർമാരാണ്. ഇവർ അമേരിക്കയിലെ ട്വിറ്ററിന്റെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുന്നവരാണ്. ഇന്ത്യയിലെ ട്വിറ്ററിന്റെ സംഘത്തിൽ ആകെ മൂന്ന് ജീവനക്കാർ മാത്രമാണ് അവശേഷിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഏറ്റവും ഉയർന്ന സ്ഥാനത്ത് പ്രവർത്തിക്കുന്ന ഇവർ മൂവരോടും ഇനി വർക് ഫ്രം ഹോമിലേക്ക് മാറാനും വീട്ടിലിരുന്ന് തുടർന്ന് ജോലി ചെയ്യാനും ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പനി.
ട്വിറ്ററിനെ സാമ്പത്തിക സ്ഥിരതയിൽ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. 2023 അവസാനത്തോടെ കമ്പനിയെ സാമ്പത്തികമായി സ്ഥിരതയുള്ള കമ്പനിയാക്കുകയെന്ന ലക്ഷ്യത്തിലാണ് മസ്ക് മുന്നോട്ട് പോകുന്നത്. ട്വിറ്ററിനെ സംബന്ധിച്ച് ഇന്ത്യ പ്രധാനപ്പെട്ട മാർക്കറ്റാണ്. ലോകത്തെ അതിവേഗം വളരുന്ന ഇ-വിപണിയാണ് ഇന്ത്യ. മസ്കിന്റെ ഇപ്പോഴത്തെ നീക്കം ഇന്ത്യൻ വിപണിക്ക് അദ്ദേഹം കാര്യമായ പരിഗണന നൽകുന്നില്ലെന്നതിന്റെ തെളിവായി കൂടി വിലയിരുത്തപ്പെടുന്നുണ്ട്.
ട്വിറ്ററിന്റെ പുതിയ പെയ്‌ഡ് വെരിഫിക്കേഷൻ ഫീച്ചറായ ട്വിറ്റർ ബ്ലൂ ഇന്ത്യയിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഓഫീസുകൾ അടച്ചു പൂട്ടുന്നത്. മാസം 900 രൂപയാണ് ട്വിറ്റർ ബ്ലൂ വരിസംഖ്യ. പണം നൽകുന്നവർക്ക് നീല വെരിഫൈഡ് മാർക്ക് അടക്കമുള്ള അധിക സൗകര്യങ്ങൾ ലഭ്യമാകും. ഒരു ട്വീറ്റിൽ എഴുതാവുന്ന പരമാവധി അക്ഷരങ്ങളുടെ പരിധി 280ൽ നിന്ന് 4000മായി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബ്ലൂ സബ്സ്ക്രൈബർമാർക്ക് മാത്രമാണ് ഈ നീണ്ട പോസ്റ്റിടാനുള്ള സൗകര്യം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം