
ദില്ലി: 2025 ഫെബ്രുവരി 1 മുതൽ യുപിഐ ട്രാന്‍സാക്ഷന്‍ ഐഡികളിൽ സ്‍പെഷ്യൽ കാര്യക്ടറുകൾ അനുവദിക്കില്ലെന്ന് നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു. യുപിഐ ട്രാന്‍സാക്ഷന്‍ ഐഡികളില്‍ സ്‍പെഷ്യൽ കാര്യക്ടറുകൾ അടങ്ങിയിട്ടുണ്ടെങ്കിൽ 2025 ഫെബ്രുവരി 1-ന് ശേഷം പേയ്‌മെന്‍റുകൾ പരാജയപ്പെടുമെന്നും എൻപിസിഐ വ്യക്തമാക്കി.
ജനുവരി 9-ന് യുപിഐ ഇടപാടുകളിലെ മാറ്റം സംബന്ധിച്ച് എൻപിസിഐ ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. അതിൽ പുതിയ നിയമങ്ങൾ വ്യക്തമാക്കുന്നു. ഇനി മുതൽ യുപിഐ ട്രാന്‍സാക്ഷന്‍ ഐഡികളില്‍ ആൽഫാന്യൂമെറിക് മാത്രമേ ഉപയോഗിക്കാവൂ എന്ന് സർക്കുലറിൽ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു. അതായത്, അതിൽ അക്കങ്ങളും അക്ഷരങ്ങളും മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. പ്രത്യേക പ്രതീകങ്ങളൊന്നും (ക്യാരക്ടര്‍) അതിന്‍റെ ഭാഗമാകരുത്. ഏതെങ്കിലും ട്രാന്‍സാക്ഷന്‍ ഐഡികളില്‍ പ്രത്യേക ക്യാരക്ടറുകൾ അടങ്ങിയിട്ടുണ്ടെങ്കിൽ, സിസ്റ്റം അത് നിരസിക്കും. ഇത്തരം ഇടപാടുകള്‍ കേന്ദ്ര സംവിധാനം സ്വമേധയാ തള്ളുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നതെന്നും നാഷണല്‍ പേയ്‌മെന്‍റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.
ഫെബ്രുവരി 1-ന് ശേഷം നിങ്ങളുടെ യുപിഐ പേയ്‌മെന്‍റുകൾ തുടർച്ചയായി പരാജയപ്പെടുകയാണെങ്കിൽ, അത് നിങ്ങളുടെ യുപിഐ ട്രാന്‍സാക്ഷന്‍ ഐഡികളില്‍ ഉള്ള ഈ സ്‍പെഷ്യൽ കാര്യക്ടറുകൾ മൂലമാകാൻ സാധ്യതയുണ്ട്.
യുപിഐ ട്രാന്‍സാക്ഷന്‍ ഐഡികള്‍ സൃഷ്ടിക്കുന്ന പ്രക്രിയയെ നിലവാരമുള്ളതാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. എല്ലാ യുപിഐ പേയ്മെന്‍റ് സേവനദാതാക്കളും മാറ്റങ്ങള്‍ വരുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നാഷണല്‍ പേയ്‌മെന്‍റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍ക്കുലറില്‍ പറയുന്നു.യുപിഐ ട്രാന്‍സാക്ഷന്‍ ഐഡികള്‍ പ്രത്യേക പ്രതീകങ്ങൾ നിരോധിക്കാനുള്ള തീരുമാനം യുപിഐ ഇക്കോസിസ്റ്റം സ്റ്റാൻഡേർഡ് ചെയ്യുന്നതിനും സുരക്ഷിതമാക്കുന്നതിനുമുള്ള വിപുലമായ ശ്രമത്തിന്‍റെ ഭാഗമാണ്.
എൻപിസിഐ പുറത്തുവിട്ട ഡാറ്റ പ്രകാരം, യുപിഐ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനങ്ങളിലൊന്നായി മാറിയിരിക്കുന്നു. യുപിഐ വഴിയുള്ള ഇടപാടുകളുടെ മൂല്യം 2024 ഡിസംബറിൽ 16.73 ബില്യൺ എന്ന റെക്കോർഡ് ഉയരത്തിലെത്തി. മുൻ മാസത്തേക്കാൾ എട്ട് ശതമാനം വർധനവാണ് ഇത് എന്നാണ് കണക്കുകൾ.
Read more: നിങ്ങളുടെ സ്വകാര്യ ഫോട്ടോകൾ വാട്‍സ്‌ആപ്പിൽ സുരക്ഷിതമല്ല; ഈ അപ്‌ഡേറ്റ് ഉടൻ ഡൗൺലോഡ് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം