
കാലിഫോര്‍ണിയ: ചൈനീസ് എഐ സ്റ്റാർട്ടപ്പായ ഡീപ്‌സീക്ക് ആഗോള വിപണിയിൽ ചലനം സൃഷ്‍ടിക്കുകയാണ്. അതിന്‍റെ പ്രതികൂല സ്വാധീനം അമേരിക്കൻ വിപണിയിലും കാണുന്നു. ഇതുവരെ ഒന്നാം സ്ഥാനത്തായിരുന്ന പല എഐ കമ്പനികളും ഡീപ്സീക്ക് കാരണം വലിയ തിരിച്ചടി നേരിട്ടു. ഈ ചൈനീസ് എഐ ചാറ്റ്‌ബോട്ട് വിലകുറവുള്ളതാണെന്ന് മാത്രമല്ല, ശക്തി കുറഞ്ഞ പ്രൊസസറുകളിലും ചിപ്‌സെറ്റുകളിലും പോലും എളുപ്പത്തിൽ പ്രവർത്തിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, പല എഐ ചിപ്പ് നിർമ്മാതാക്കളുടെ ഓഹരികളും അതിവേഗം ഇടിഞ്ഞു. ഇപ്പോഴിതാ ഏറ്റവും വലിയ എഐ സ്ഥാപനങ്ങളിലൊന്നായ ഓപ്പൺ എഐ, ഡീപ്‌സീക്ക് എഐക്ക് എതിരെ കോപ്പിയടി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നു.
ചൈനീസ് കമ്പനികൾ തങ്ങളുടെ എഐ സാങ്കേതികവിദ്യ പകർത്താൻ ശ്രമിക്കുന്നതായി ചാറ്റ് ജിപിടി ചാറ്റ്ബോട്ടിന്‍റെ നിർമ്മാതാക്കളായ ഓപ്പൺ എഐ അവകാശപ്പെടുന്നു. ഡീപ്‌സീക്ക്, ഓപ്പൺ സോഴ്‌സ് ഓപ്പൺ എഐ ഉപയോഗിച്ചതായും ആരോപണം ഉണ്ട്. ചൈന അധിഷ്‌ഠിത കമ്പനികളും മറ്റും മുൻനിര യുഎസ്എ എഐ കമ്പനികളുടെ മോഡലുകൾ പകർത്തിയെടുക്കാൻ നിരന്തരം ശ്രമിക്കുന്നുണ്ടെന്ന് ഒരു ഓപ്പൺ എഐ വക്താവ് പറഞ്ഞു.
എന്നാൽ, ഇത്തരം ആരോപണങ്ങളെല്ലാം ഡീപ്‌സീക്ക് പൂർണമായും നിഷേധിച്ചു. അതേസമയം ഓപ്പൺ എഐയും അതിൻ്റെ പങ്കാളി കമ്പനിയായ മൈക്രോസോഫ്റ്റും ചൈനീസ് കമ്പനികൾ എഐ മോഡലുകൾ പകർത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഓപ്പൺ എഐയുടെ പ്രൊപ്രൈറ്ററി ടെക്‌നോളജി 'ഡിസ്‌റ്റിലേഷൻ' ടെക്‌നിക് വഴി ഡീപ്‌സീക്ക് ദുരുപയോഗം ചെയ്‌തിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്. ചൈനീസ് കമ്പനികൾ നടത്തുന്ന തെറ്റായ നടപടികളുടെ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് കഴിഞ്ഞ ബുധനാഴ്ച ഓപ്പൺ എഐ പറഞ്ഞിരുന്നു. യുഎസ് സാങ്കേതികവിദ്യ കൈക്കലാക്കാനുള്ള എതിരാളികളുടെ ശ്രമങ്ങളിൽ നിന്ന് ഏറ്റവും കഴിവുള്ള മോഡലുകളെ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിന് തങ്ങൾ യുഎസ് ഗവൺമെന്‍റുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഓപ്പൺ എഐ പറയുന്നു.
അതേസമയം സ്വന്തം എഐ മോഡൽ നിർമ്മിക്കാൻ ഡീപ്‌സീക്ക് ഒരു 'ഡിസ്റ്റിലേഷൻ' പ്രക്രിയ ഉപയോഗിച്ചതായി ഓപ്പൺ എഐ സംശയിക്കുന്നതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രക്രിയ ചെറിയ എഐ മോഡലുകൾക്ക് വലിയ മോഡലുകളേക്കാൾ മികച്ചതും വേഗത്തിലുള്ളതുമായ പ്രകടനം കാഴ്ചവയ്ക്കുന്നതിന് സഹായിക്കുന്നു. കാരണം അവ ലാര്‍ജ് ലാംഗ്വേജ് മോഡലുകളില്‍ നിന്ന് മികച്ചത് മാത്രം പഠിക്കുകയും ആവശ്യമില്ലാത്തതെന്തും ഒഴിവാക്കുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം