
വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇതാ ആശ്വാസ വാർത്ത. ഇനി പ്രവാസികളായ ഇന്ത്യക്കാർക്ക് അവരുടെ അന്താരാഷ്‌ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഇന്ത്യയിൽ യുപിഐ പേയ്‌മെന്‍റുകൾ നടത്താം. പ്രാദേശിക ഇന്ത്യൻ സിം കാർഡ് ഇല്ലാതെ തന്നെ NRE അല്ലെങ്കിൽ NRO ബാങ്ക് അക്കൗണ്ടുകൾ വഴി ഇനി പേയ്‌മെന്‍റ് നടത്താനാകും. സാധാരണ യുപിഐ ആപ്പ് ഉപയോഗിച്ച് പേയ്‌മെന്‍റ് നടത്തുന്നത് പോലെ തന്നെ പേടിഎം ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് പണം അയയ്ക്കാനും, കറൻസി കൺവേർഷനുകളോ അന്താരാഷ്ട്ര പേയ്‌മെന്‍റ് ഗേറ്റ്‌വേകളോ ഇല്ലാതെ ഇന്ത്യൻ പ്ലാറ്റ്‌ഫോമുകളിൽ ഷോപ്പിംഗ് നടത്താനും ക്യുആർ കോഡുകൾ വഴി വ്യാപാരികൾക്ക് പണം നൽകാനും മറ്റെല്ലാവരെയും പോലെ പ്രവാസികൾക്കും ഇനിമുതൽ സാധിക്കും.
യുപിഐ സേവനദാതാക്കളായ പേടിഎമ്മില്‍ അന്താരാഷ്‌ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് യുപിഐ ഇടപാട് നടത്താനുള്ള സൗകര്യം നിലവില്‍ വന്നിട്ടുണ്ട്. പുതിയ യുപിഐ പേയ്‌മെന്‍റ് സംവിധാനം നിലവിൽ സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ, അമേരിക്ക, സൗദി അറേബ്യ, യുഎഇ, യുകെ, ഫ്രാൻസ്, മലേഷ്യ തുടങ്ങിയ 12-ഓളം രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരായ പ്രവാസികൾക്കാണ് ലഭ്യമാകുക. നാഷണൽ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഈ സേവനത്തിന് അനുമതി നൽകിയിരിക്കുന്നത്.
പ്രവാസികള്‍ക്കുള്ള യുപിഐ പേയ്‌മെന്‍റ് സൗകര്യം ലഭിക്കാന്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി അന്താരാഷ്‌ട്ര നമ്പര്‍ ലിങ്ക് ചെയ്‌തിട്ടുണ്ടാവണം. പുതിയ സേവനം ലഭിക്കുന്നതിനായി പ്രവാസികൾ പേടിഎം പോലുള്ള യുപിഐ ആപ്പുകൾ ഡൗൺലോഡ് ചെയ്‌തതിന് ശേഷം അവരുടെ അന്താരാഷ്‌ട്ര മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുകയും എസ്എംഎസ് വഴി വെരിഫിക്കേഷൻ പൂർത്തിയാക്കുകയും വേണം. ശേഷം നിങ്ങളുടെ NRE അല്ലെങ്കിൽ NRO ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്യുന്നതോടെ ഈ സൗകര്യം ഉപയോഗിച്ച് ഇന്ത്യയിൽ എളുപ്പത്തിൽ യുപിഐ പേയ്‌മെന്‍റുകൾ നടത്താവുന്നതാണ്. അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ചുള്ള യുപിഐ ഇടപാടുകള്‍ ബാങ്കുകളുടെ നിബന്ധനകളും വ്യവസ്ഥകള്‍ക്കും വിധേയമായിരിക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം