
കാലിഫോര്‍ണിയ: വീണ്ടും ലോകത്തെ അത്ഭുതപ്പെടുത്തി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ശബ്‌ദാധിവേഗത്തില്‍ നാസയുടെ എക്‌സ്-59 (X-59 Quesst) ജെറ്റ് വിമാനം അതിന്‍റെ കന്നി പരീക്ഷണ പറക്കൽ പൂർത്തിയാക്കി. നാസയും ലോക്ക്ഹീഡ് മാർട്ടിനും ചേർന്ന് വികസിപ്പിച്ചെടുത്ത ക്വയറ്റ് സൂപ്പർസോണിക് സാങ്കേതികവിദ്യയിലുള്ള എക്‌സ്-59 ജെറ്റ് 2025 ഒക്‌ടോബര്‍ 28-നാണ് കാലിഫോർണിയ മരുഭൂമിക്ക് കുറുകെ അനൗദ്യോഗിക പരീക്ഷണ പറക്കൽ പൂർത്തിയാക്കിയത്. കാലിഫോർണിയയിലെ പാംഡെയ്‌ലിൽ നിന്ന് എഡ്വേർഡ്‌സ് എയർഫോഴ്‌സ് ബേസിലേക്കായിരുന്നു ആദ്യ പറക്കൽ. ഈ കന്നിപ്പറ ക്കലിൽ വിമാനം ഒരു മണിക്കൂർ ആകാശത്ത് ചിലവഴിച്ചു. എക്‌സ്-59 ക്വസ്റ്റ് രാവിലെ 8:14-ന് പറന്നുയർന്ന് 9:21-ന് സുരക്ഷിതമായി ലാൻഡ് ചെയ്‌തു. മണിക്കൂറിൽ പരമാവധി 250 കിലോമീറ്റർ വേഗതയിലും 12,000 അടി ഉയരത്തിലും വിമാനം പറന്നു.
എക്സ്-59 ജെറ്റ് വിമാനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അത് സൂപ്പർസോണിക് വേഗതയിൽ ശബ്‍ദമുണ്ടാക്കാതെ പറക്കുന്നു എന്നതാണ്. അതുകൊണ്ടാണ് ഇതിനെ ക്വയറ്റ് സൂപ്പർസോണിക് റിസർച്ച് എയർക്രാഫ്റ്റ് എന്ന് വിളിക്കുന്നത്. വിമാനങ്ങൾ ശബ്‌ദ തടസം മറികടക്കുമ്പോൾ ഉണ്ടാകുന്ന സോണിക് ബൂം ശബ്‌ദം ഗണ്യമായി കുറയ്ക്കുന്ന രൂപത്തിലാണ് ഈ ജെറ്റ് നിർമ്മിച്ചിരിക്കുന്നത്.
എക്‌സ്-59-ന് 99.7 അടി നീളമുണ്ട്. മുൻവശത്ത് സൂചി പോലുള്ള ഒരു പ്രോട്രഷൻ ഉണ്ട്. ഷോക്ക് തരംഗങ്ങൾ താഴേക്ക് നയിക്കുന്നതിനുപകരം മുകളിലേക്ക് നയിക്കപ്പെടുന്ന തരത്തിൽ അതിന്‍റെ എഞ്ചിൻ മുകളിലേക്ക് ഘടിപ്പിച്ചിരിക്കുന്നു. സോണിക് ബൂമുകൾ കുറയ്ക്കുന്നതിനാണ് ഇതിന്‍റെ ആകൃതി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. വേഗതയേറിയതും വിശ്വസനീയവുമായി കണക്കാക്കപ്പെടുന്ന ഒരു ജിഇ എഫ് 414 എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഇതിന് മാക് 1.4 വേഗതയുണ്ട്. അതായത് മണിക്കൂറിൽ ഏകദേശം 1700 കിലോമീറ്റർ വേഗതയിൽ പറക്കാൻ കഴിയും. 55,000 അടിയാണ് എക്‌സ്-59ന് പറക്കാനാവുന്ന പരമാവധി ഉയരം.
നാസയുടെ ആംസ്ട്രോങ് സെന്‍ററിൽ നടക്കുന്ന പരീക്ഷണത്തിൽ, സൂപ്പർസോണിക് വിമാനങ്ങളുടെ സുരക്ഷാ ആശങ്കകൾ വിലയിരുത്തുന്നതിനായി ഷോക്ക് വേവുകൾ പഠിക്കും. സൂപ്പർസോണിക് യാത്രയെ പുനരുജ്ജീവിപ്പിക്കാനും സഞ്ചാരസമയം കുറയ്ക്കാനും കാതടപ്പിക്കുന്ന ശബ്‍ദമില്ലാതെ സുസ്ഥിര വ്യോമയാനത്തിനായുള്ള നാസയുടെ പദ്ധതികളെ മുന്നിൽ കൊണ്ടുവരാനും എക്‌സ്-59 സഹായിക്കുമെന്ന് വിദഗ്‌ധർ പറയുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം