ഐഎസ്ആര്‍ഒയുടെ നേട്ടം ചൈനയ്ക്ക് രസിച്ചില്ല

By Web DeskFirst Published Feb 16, 2017, 10:07 AM IST
Highlights

ബെയ്ജിംഗ്: ഐഎസ്ആര്‍ഒയുടെ ബഹിരാകാശ നേട്ടത്തെ താഴ്ത്തിക്കെട്ടാന്‍ ചൈനീസ് മാധ്യമങ്ങള്‍. ഇപ്പോൾ ബഹിരാകാശത്ത് എന്ത് നേട്ടം കൈവരിച്ചാലും ഇന്ത്യ ഇപ്പോഴും ചൈനയ്ക്കു പിന്നിലാണെന്നാണ് ചൈനീസ് മാധ്യമങ്ങളുടെ ഇന്നത്തെ തലക്കെട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒറ്റ റോക്കറ്റിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ഐഎസ്ആർഒയെ മറ്റ് ലോകരാജ്യങ്ങളിലെ പത്രങ്ങള്‍ അഭിനന്ദിച്ചപ്പോഴാണ് ചൈനീസ് പത്രങ്ങളുടെ സമീപനം.

ഇന്ത്യക്ക് ഇതുവരെ ഒരു ബഹിരാകാശ നിലയം സ്ഥാപിക്കുവാൻ സാധിച്ചിട്ടില്ലെന്നും വലിയ ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള റോക്കറ്റ് എൻജിൻ സാങ്കേതിക വിദ്യ ഇന്ത്യക്കില്ലെന്നും ഗ്ലോബൽ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. കുറഞ്ഞ ചിലവിൽ വിക്ഷേപണം നടത്തുന്നതുകൊണ്ട് വലിയ മെച്ചമുണ്ടാകുമെന്നാണ് ഇന്ത്യ കരുതുന്നതെന്നും പത്രം പരിഹസിക്കുന്നു. 

ബുധനാഴ്ച രാവിലെയാണ് ഉപഗ്രഹ വിക്ഷേപണ ദൗത്യത്തിൽ പുതിയ ചരിത്രം ഐഎസ്ആർഒ കുറിച്ചത്. 104 ഉപഗ്രഹങ്ങളെയാണ് ഒറ്റ റോക്കറ്റിൽ ഭ്രമണപഥത്തിലെത്തിച്ചത്. 

പിഎസ്എൽവി-സി 37 റോക്കറ്റിലായിരുന്നു വിക്ഷേപണം. 2014ൽ ഒറ്റ വിക്ഷേപണത്തിൽ 37 ഉപഗ്രങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച റഷ്യയായിരുന്നു ഈ നേട്ടത്തിൽ ഇതുവരെ മുന്‍പില്‍. 

click me!