
തിരുവനന്തപുരം: ഒരു ഐഫോൺ ഉടമയാണോ നിങ്ങൾ? നിങ്ങളുടെ ഐഫോണിന്‍റെ സ്‌ക്രീനിൽ ആവർത്തിച്ച് ടാപ്പ് ചെയ്ത് മടുത്തോ? എങ്കിൽ ഈ ഐഒഎസ് ഫീച്ചർ നിങ്ങൾക്ക് അവിശ്വസനീയമാംവിധം ഉപയോഗപ്രദമാകും. സ്‌ക്രീനിൽ തൊടാതെ തന്നെ നിരവധി പ്രധാനപ്പെട്ട ജോലികൾ ഐഫോണില്‍ ചെയ്യാൻ കഴിയുന്ന ബാക്ക് ടാപ്പ് ഫീച്ചറിനെക്കുറിച്ച് വിശദമായി അറിയാം.
ഐഒഎസിന്‍റെ ഒരു ആക്‌സസിബിലിറ്റി സവിശേഷതയാണ് ബാക്ക് ടാപ്പ് ഫീച്ചർ. ഐഫോണിന് പിന്നിൽ രണ്ടോ അല്ലെങ്കിൽ മൂന്നോ തവണ ലളിതമായി ടാപ്പ് ചെയ്‌ത് ചില പ്രവര്‍ത്തികള്‍ വേഗത്തിൽ ചെയ്യാൻ നിങ്ങളെ ഈ ഫീച്ചർ സഹായിക്കും. ഇതിന് പുതിയ ആപ്പുകളോ ഹാർഡ്‌വെയർ ബട്ടണുകളോ ആവശ്യമില്ല എന്നതാണ് ഈ ഫീച്ചറിനെ ശ്രദ്ധേയമാക്കുന്നത്. ബിൽറ്റ്-ഇൻ സെൻസറുകളാൽ പവർ ചെയ്യപ്പെടുന്ന ഈ സവിശേഷത ഐഫോണുകളിൽ ഇന്‍-ബില്‍റ്റായി ലഭ്യമാണ്.
എന്തെല്ലാം ജോലികൾ ഇതുപയോഗിച്ച് പൂർത്തിയാക്കാം?
ഐഫോണുകളിലെ ബാക്ക് ടാപ്പ് ഫീച്ചറിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്‍റെ കസ്റ്റമൈസേഷനാണ്. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഇതിനെ വിവിധ പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാൻ കഴിയും. ഉദാഹരണത്തിന് പെട്ടെന്നൊരു സ്ക്രീൻഷോട്ട് എടുക്കുക, കൺട്രോൾ സെന്‍റർ അല്ലെങ്കിൽ നോട്ടിഫിക്കേഷൻ പാനൽ തുറക്കുക, ക്യാമറയോ ഫ്ലാഷ്‌ലൈറ്റോ ഓണാക്കുക, ഫോൺ സൈലന്‍റ് മോഡിൽ വയ്ക്കുക തുടങ്ങിയ ജോലികൾ എളുപ്പത്തിൽ ചെയ്യാം. കൂടാതെ ബാക്ക് ടാപ്പ് ഷോർട്ട്കട്ട് ആപ്പുമായി സംയോജിപ്പിച്ച് ഒറ്റ ടാപ്പിൽ വൈ-ഫൈ അല്ലെങ്കിൽ ബ്ലൂടൂത്ത് ഓണാക്കുക, ഒരു പ്രത്യേക ആപ്പ് തുറക്കുക, അല്ലെങ്കിൽ ഒരു ഓട്ടോമേഷൻ പ്രവർത്തിപ്പിക്കുക തുടങ്ങിയ കൂടുതൽ വിപുലമായ ജോലികളും ചെയ്യാൻ കഴിയും. നിങ്ങൾ ഒരു കൈകൊണ്ട് ഫോൺ ഉപയോഗിക്കുമ്പോൾ ഈ സവിശേഷത വളരെ ഉപയോഗപ്രദമായിരിക്കും. സ്‌ക്രീനിൽ നോക്കാതെ തന്നെ നിങ്ങൾക്ക് ഒന്നിലധികം ജോലികൾ എളുപ്പത്തിൽ ചെയ്യാൻ കഴിയും. ഇത് ഉപയോക്തൃ അനുഭവം കൂടുതൽ സുഗമമാക്കുന്നു.
ബാക്ക് ടാപ്പ് ഫീച്ചർ ആക്‌ടീവാക്കുന്നത് വളരെ എളുപ്പമാണ്. ആദ്യം ഫോണിലെ സെറ്റിംഗ്‍സിലേക്ക് പോകുക. ആക്സസബിലിറ്റിയിൽ ടച്ച് തിരഞ്ഞെടുക്കുക. തുടർന്ന്, താഴേക്ക് സ്ക്രോൾ ചെയ്ത് ബാക്ക് ടാപ്പ് ക്ലിക്കുചെയ്യുക. ഡബിൾ ടാപ്പ് അല്ലെങ്കിൽ ട്രിപ്പിൾ ടാപ്പ് എന്നിവയിൽ ഒന്ന് തിരഞ്ഞെടുത്ത് നിങ്ങൾക്ക് ആവശ്യമുള്ള പ്രവർത്തനം സജ്ജമാക്കുക. ഓണാക്കിക്കഴിഞ്ഞാൽ ഒരു ആപ്പ് പോലും തുറക്കാതെ തന്നെ ഈ ഫീച്ചർ പ്രവർത്തിക്കും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam