
തിരുവനന്തപുരം: മെറ്റയുടെ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് കൂടുതല്‍ മോണിറ്റൈസ് ചെയ്യുന്നു. വാട്‌സ്ആപ്പിന്‍റെ സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ പരസ്യങ്ങള്‍ കാണിക്കുക വഴിയും ചാനലുകള്‍ പ്രോമാട്ട് ചെയ്യുക വഴിയും വരുമാനം സൃഷ്‌ടിക്കുകയാണ് മെറ്റയുടെ ലക്ഷ്യം. വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്‌ഡ് ബീറ്റ വേര്‍ഷന്‍ 2.25.21.11-ല്‍ 'സ്റ്റാറ്റസ് ആഡ്', 'പ്രൊമോട്ടഡ് ചാനല്‍സ്' ഫീച്ചറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ മെറ്റ കൊണ്ടുവന്നതായി വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തു. തെരഞ്ഞെടുക്കപ്പെട്ട ആന്‍ഡ്രോയ്‌ഡ് ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ഇരു ഫീച്ചറുകളും ഇപ്പോള്‍ ലഭ്യമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പില്‍ ബിസിനസ് അക്കൗണ്ടുകൾക്കും കണ്ടന്‍റ് ക്രിയേറ്റേഴ്‌സിനും അവരുടെ റീച്ച് വര്‍ധിപ്പിക്കാന്‍ സഹായിക്കുകയാണ് ഈ രണ്ട് ഫീച്ചറുകളിലൂടെയും മെറ്റ ലക്ഷ്യമിടുന്നത്.
എന്താണ് വാട്‌സ്ആപ്പിന്‍റെ സ്റ്റാറ്റസ് ആഡ്?
ഇൻസ്റ്റാഗ്രാം സ്റ്റോറീസിലെ പരസ്യങ്ങൾക്ക് തുല്യമായ വാട്‌സ്ആപ്പ് പരസ്യങ്ങളായിരിക്കും സ്റ്റാറ്റസ് ആഡ് ഫീച്ചര്‍ എന്നാണ് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് സ്റ്റാറ്റസ് പരസ്യ സവിശേഷത ബിസിനസ് അക്കൗണ്ടുകളെ ഉപയോക്താക്കളുടെ സ്റ്റാറ്റസ് ഫീഡുകളിൽ സ്പോൺസർ ചെയ്ത ഉള്ളടക്കം പ്രദർശിപ്പിക്കാൻ അനുവദിക്കും. വാട്‌സ്ആപ്പ് കോണ്‍ടാക്റ്റുകളില്‍ നിന്ന് പ്രത്യക്ഷപ്പെടുന്ന അപ്‌ഡേറ്റുകൾക്കിടയിൽ ഈ പരസ്യങ്ങൾ ദൃശ്യമാകും. പക്ഷേ അവ സ്പോൺസേര്‍ഡ് കണ്ടന്‍റുകളാണ് എന്ന് പ്രത്യേകം അടയാളപ്പെടുത്തും. അതിനാൽ ഉപയോക്താക്കൾക്ക് വ്യക്തിഗത പോസ്റ്റുകളും പ്രൊമോഷണൽ ഉള്ളടക്കവും ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിയാം. മാത്രമല്ല, ഉപയോക്താക്കൾക്ക് സ്റ്റാറ്റസ് ആഡുകള്‍ കാണുന്നത് നിയന്ത്രിക്കുകയും ചെയ്യാം. അതായത്, പരസ്യദാതാക്കളെ തടഞ്ഞ് ഭാവിയിൽ അവരുടെ പരസ്യങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുന്നത് തടയാം.
എന്താണ് വാട്‌സ്ആപ്പിലെ പ്രൊമോട്ടഡ് ചാനല്‍സ്?
സ്റ്റാറ്റസ് ആഡ് ഫീച്ചറിന് പുറമെ ചാനല്‍ പ്രൊമോഷനും വാട്‍സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. ഇത് വാട്‌സ്ആപ്പ് ചാനലുകള്‍ക്ക് കൂടുതല്‍ വിസിബിളിറ്റി നല്‍കുക ലക്ഷ്യമിട്ട് തയ്യാറാക്കിയിരിക്കുന്ന ഫീച്ചറാണ്. സ്റ്റാറ്റസ് പരസ്യങ്ങളെപ്പോലെ, പ്രൊമോട്ട് ചെയ്‌ത ചാനലുകളിലും 'സ്‌പോൺസർ' എന്ന ലേബല്‍ പതിക്കും.
സ്വകാര്യ മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും പുത്തന്‍ ഫീച്ചറുകള്‍ ഉപയോക്തൃ സ്വകാര്യതയെ ബാധിക്കില്ലെന്ന് വാട്‌സ്ആപ്പ് അധികൃതര്‍ അവകാശപ്പെടുന്നതായി വാബീറ്റഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. സ്വകാര്യ ചാറ്റുകളില്‍ പരസ്യങ്ങള്‍ എത്തില്ലെന്നും മെറ്റ വാദിക്കുന്നു. പ്രൊമോഷണൽ ഫീച്ചറുകൾ സ്റ്റാറ്റസ്, ചാനലുകൾ പോലുള്ളവയ്ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും മെറ്റ പറയുന്നു. മുൻ ബീറ്റ പതിപ്പിൽ (2.25.19.15) വിശദമായ ആഡ് ആക്റ്റിവിറ്റി റിപ്പോർട്ടുകൾ ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഫീച്ചർ വാട്‌സ്ആപ്പ് പരീക്ഷിച്ചു തുടങ്ങിയിരുന്നു. ഏതൊക്കെ പരസ്യങ്ങളാണ് കാണിച്ചത്, പരസ്യദാതാക്കൾ ആരായിരുന്നു, ഉപയോക്താക്കൾ അവ ഏത് തീയതികളിലാണ് കണ്ടത് തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ഈ റിപ്പോർട്ടുകളിൽ ഉൾപ്പെടുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam