എഐ+ നോവഫ്ലിപ്പ് സീരീസ് ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍ പ്രഖ്യാപിച്ചു. കമ്പനിയുടെ ആദ്യത്തെ ഫ്ലിപ്പ് ഫോണായ നോവഫ്ലിപ്പിന് ഇന്ത്യയിൽ 40,000 രൂപയിൽ താഴെയാകും വില.
ദില്ലി: എഐ+ ( Ai+) എന്ന സ്‌മാർട്ട്‌ഫോൺ കമ്പനി ഫ്ലാഗ്ഷിപ്പ് ഫോണായ നോവഫ്ലിപ്പ് പ്രഖ്യാപിച്ചു. കമ്പനിയുടെ ആദ്യത്തെ ഫ്ലിപ്പ് സ്‍മാർട്ട്‌ഫോണായിരിക്കും ഇത്. 2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ഈ സ്‍മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും എന്നാണ് പ്രഖ്യാപനം. നോവഫ്ലിപ്പിന് ഇന്ത്യയിൽ 40,000 രൂപയിൽ താഴെയാകും വില. റിയൽമി ഇന്ത്യയുടെ മുൻ സിഇഒയും സഹസ്ഥാപകനുമായ മാധവ് ഷേത്തിന്‍റെ നേതൃത്വത്തിലുള്ള കമ്പനിയുടെ ഈ നീക്കം ഫ്ലിപ്പ് ഫോൺ വിഭാഗത്തിൽ താങ്ങാനാവുന്ന വിലയുള്ള ഒരു ഓപ്ഷൻ അവതരിപ്പിക്കാനുള്ള ശ്രമമായാണ് കാണുന്നത്. എഐ+ ഈ വർഷം ജൂലൈയിൽ രണ്ട് ബജറ്റ് ഫോണുകൾ പുറത്തിറക്കിയിരുന്നു.
നോവ സീരീസ്
ആൻഡ്രോയ്‌ഡ് 15 അധിഷ്ഠിത എൻഎക്സ്റ്റി ഒഎസിൽ പ്രവർത്തിക്കുന്ന രണ്ട് ബജറ്റ് സ്‍മാർട്ട്‌ഫോണുകളായ പൾസ്, നോവ 5ജി എന്നിവയുമായിട്ടാണ് എഐ+ ( Ai+) ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണിയിൽ പ്രവേശിച്ചത്. ഈ രണ്ട് സ്‍മാർട്ട്‌ഫോണുകളും ഇന്ത്യയിൽ രൂപകൽപ്പന ചെയ്‌തവയാണ്. നോവ പ്രോ, നോവ അൾട്രാ, നോവ ഫ്ലിപ്പ് തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്ന നോവ സീരീസിലൂടെ തങ്ങളുടെ മുൻനിര ഓഫർ വിപുലീകരിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ഭാവിയിൽ ഒരു ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ പുറത്തിറക്കാനും പദ്ധതിയിട്ടിട്ടുണ്ടെന്നും എഐ+ പറയുന്നു. നോവ സീരീസിലെ എഐ+ സ്‌മാർട്ട്‌ഫോണുകളുടെ ഭാഗമായാണ് നോവ ഫ്ലിപ്പ് പുറത്തിറക്കുന്നത്. നൂതന സാങ്കേതികവിദ്യ താങ്ങാനാവുന്ന വിലയിലേക്ക് കൊണ്ടുവരുന്നതിലാണ് നോവ സീരീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കമ്പനി പറയുന്നു. ഭാവിയിൽ നോവ സീരീസിൽ ഒരു ഫോൾഡ് വേരിയന്‍റ് പുറത്തിറക്കിയേക്കാമെന്നും കമ്പനി സൂചന നൽകിയിട്ടുണ്ട്. എങ്കിലും സ്ഥിരീകരിച്ച സമയക്രമമോ വിശദാംശങ്ങളോ ഇതുവരെ പങ്കുവച്ചിട്ടില്ല. ഫ്ലിപ്പ് ഫോം ഫാക്‌ടറുള്ള ഈ സീരീസിലെ ആദ്യത്തെ സ്‌മാർട്ട്‌ഫോണാണ് നോവഫ്ലിപ്പ് എന്നാണ് റിപ്പോർട്ടുകൾ.
എഐ+
നോവഫ്ലിപ്പ് എൻഎക്സ്റ്റി ക്വാണ്ടം ഒഎസിൽ (NxtQuantum OS) പ്രവർത്തിക്കുമെന്ന് എഐ+ ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു. ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ഫ്ലിപ്പ് ഡിസൈൻ മനസ്സിൽ വെച്ചുകൊണ്ടാണ് പ്രത്യേകം രൂപകൽപ്പന ചെയ‌്‌തിരിക്കുന്നതെന്നും കമ്പനി പറയുന്നു. മടക്കിയതും തുറന്നതുമായ അവസ്ഥകളിൽ പൊരുത്തപ്പെടാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതായിരിക്കും ഈ ഫോൺ എന്നും കമ്പനി പറയുന്നു. മടക്കിയ അവസ്ഥയിൽ പ്രധാന പ്രവർത്തനങ്ങൾ വാഗ്‌ദാനം ചെയ്യുന്നതിനായി സോഫ്റ്റ്‌വെയർ ഒപ്റ്റിമൈസ് ചെയ്‌തിട്ടുണ്ടെന്നും ഫോണിൽ മുൻകൂട്ടി ലോഡുചെയ്‌ത ബ്ലോട്ട്‌വെയറുകളും ട്രാക്കറുകളും ഇല്ല എന്നും ഉപയോക്താവിന് അവരുടെ സ്വകാര്യ ഡാറ്റയിൽ പൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.



