
കാലിഫോര്‍ണിയ: ഗ്രോക്ക് എഐ ദുരുപയോഗം ചെയ്‌ത് യൂസര്‍മാര്‍ പ്ലാറ്റ്‌ഫോമിലുടനീളം കുട്ടികളുടെയും സ്‌ത്രീകളുടെയും അശ്ലീല ഉള്ളടക്കങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതില്‍ നടപടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌കിന്‍റെ എക്‌സ്. നിയമവിരുദ്ധമായ എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്യുമെന്നും അവ അപ്‌ലോഡ് ചെയ്‌ത അക്കൗണ്ടുകള്‍ എന്നേക്കുമായി മരവിപ്പിക്കുമെന്നും ‘എക്‌സ് ഗ്ലോബല്‍ ഗവണ്‍മെന്‍റ് അഫയേഴ്‌സ്’ അക്കൗണ്ട് അറിയിച്ചു. അശ്ലീലകരമായ ഉള്ളടക്കം പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കം ചെയ്യുന്നതിനായി വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും എക്‌സ് അധികൃതര്‍ പ്രഖ്യാപിച്ചു. എക്‌സില്‍ ഗ്രോക്ക് ഉപയോഗിച്ച് അശ്ലീലവും ലൈംഗികവുമായ ഉള്ളടക്കങ്ങള്‍ സൃഷ്‌ടിക്കുന്നതും അവ പങ്കുവെയ്‌ക്കുന്നതും വ്യാപകമായതിന് പിന്നാലെയാണ് നടപടി പ്രഖ്യാപിച്ച് എക്‌സ് അധികൃതര്‍ രംഗത്തെത്തിയത്.
ഗ്രോക്ക് എഐ ഉപയോഗിച്ച് നിയമവിരുദ്ധമായ ഉള്ളടക്കം നിർമ്മിക്കുന്ന എല്ലാവരും, നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ എക്‌സില്‍ അപ്‌ലോഡ് ചെയ്യുമ്പോഴുണ്ടാകുന്ന അതേ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും- എന്ന് എക്‌സ് ഉടമ ഇലോണ്‍ മസ്‌കും വ്യക്തമാക്കി. മസ്‌കിന്‍റെ ഈ നിലപാട് അടിവരയിട്ടുകൊണ്ടാണ് എക്‌സ് ഗ്ലോബല്‍ ഗവണ്‍മെന്‍റ് അഫയേഴ്‌സ് അക്കൗണ്ട് ഇപ്പോള്‍ ഉള്ളടക്കങ്ങള്‍ നീക്കംചെയ്യലും അക്കൗണ്ടുകളുടെ വിലക്കും പ്രഖ്യാപിച്ചത്. കുട്ടികളെ ദുരുപയോഗം ചെയ്‌തുകൊണ്ടുള്ള ലൈംഗിക ഉള്ളടക്കങ്ങള്‍ യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്നും എക്‌സ് അധികൃതരുടെ പ്രഖ്യാപനത്തിലുണ്ട്. എക്‌സ് ഉപയോക്താക്കള്‍ പാലിക്കേണ്ട നിയമങ്ങള്‍ എന്തെല്ലാമെന്ന് വിശദീകരിച്ചുകൊണ്ട് എക്‌സ് റൂളുകളുടെ ലിങ്കും എക്‌സ് ഗ്ലോബല്‍ ഗവണ്‍മെന്‍റ് അഫയേഴ്‌സ് അക്കൗണ്ട് പങ്കുവെച്ചിട്ടുണ്ട്. എല്ലാവിധ അശ്ലീല ഉള്ളടക്കങ്ങളും ഇന്ത്യയില്‍ നിയമവിരുദ്ധമാണ് എന്നതിനാല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഉപയോക്താക്കള്‍ ഗ്രോക്ക് എഐ വഴി നിര്‍മ്മിച്ച ഇത്തരം എല്ലാ ചിത്രങ്ങളും വീഡിയോകളും എക്‌സിന് നീക്കം ചെയ്യേണ്ടിവരും.
ഗ്രോക്ക് വഴി സൃഷ്‌ടിച്ച ലൈംഗികവും അശ്ലീലകരവുമായ ഉള്ളടക്കങ്ങള്‍ 72 മണിക്കൂറിനകം നീക്കം ചെയ്‌ത് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എക്‌സ് കോര്‍പ്പറേഷന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (MeitY) മന്ത്രാലയം രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് അന്ത്യശാസനം നല്‍കിയിരുന്നു. ഈ കാലാവധി അവസാനിക്കാനിരിക്കേ എക്‌സ് ഉടന്‍ തന്നെ, സ്വീകരിച്ച നടപടികളെ കുറിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 2000-ത്തിലെ ഐടി ആക്‌ട്, 2021-ലെ ഐടി റൂള്‍സ് എന്നിവയില്‍ എക്‌സ് അധികൃതര്‍ വീഴ്‌ച വരുത്തിയതായി കേന്ദ്രമയച്ച നോട്ടീസില്‍ പറയുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ ദുരുപയോഗം ചെയ്‌ത് അശ്ലീലവും ലൈംഗികത പ്രകടമാക്കുന്നതുമായ ഉള്ളടക്കങ്ങള്‍ സൃഷ്‌ടിക്കുന്നതിനും പങ്കിടുന്നതിനും ഗ്രോക്ക് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകളിൽ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം കടുത്ത ആശങ്കയാണ് പ്രകടിപ്പിച്ചത്.
സാധാരണ ഫോട്ടോകളെ ഗ്രോക്ക് എഐ ഉപയോഗിച്ച് അശ്ലീലവും അധിക്ഷേപകരവുമായ ചിത്രങ്ങളാക്കി മാറ്റുന്ന പ്രവണത കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് എക്‌സില്‍ വ്യാപകമായത്. പുതുവത്സരദിനത്തില്‍ ഈ അപകടകരമായ ട്രെന്‍ഡ് കൂടുതല്‍ വ്യാപകമായി. എക്‌സ് ഉപയോക്താക്കള്‍ സ്‌ത്രീകളുടെയും കുട്ടികളുടെയും സാധാരണ ചിത്രങ്ങള്‍ ഗ്രോക്കില്‍ അപ്‌ലോഡ് ചെയ്‌ത ശേഷം നേരിട്ട് പ്രോംപ്റ്റുകള്‍ നല്‍കിയാണ് ഇവ നിര്‍മ്മിച്ചത്. ഇത്തരം ചിത്രങ്ങള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. സ്‌ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യതയെയും അവകാശങ്ങളെയും കുറിച്ച് ആഗോളതലത്തില്‍ വലിയ ചോദ്യങ്ങളുയര്‍ത്തി ഈ ദാരുണ സംഭവം. ആളുകളെ അപമാനിക്കാനും തേജോവധം ചെയ്യാനും പലരും ഇത്തരം എഐ നിര്‍മ്മിത ചിത്രങ്ങള്‍ ഉപയോഗിച്ചത് പ്രശ്‌നത്തിന്‍റെ തീവ്രത ചൂണ്ടിക്കാട്ടുന്നു. ഗ്രോക്ക് എഐ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് ഉടന്‍ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വനിതാ അവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam