ബഹിരാകാശത്തും ഗതാഗതക്കുരുക്ക്! പരിഹരിക്കാൻ ഇലോൺ മസ്‌ക്, സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ താഴ്‌ത്തും

Published : Jan 04, 2026, 12:15 PM IST
STARLINK

Synopsis

ഈ വര്‍ഷം ആയിരക്കണക്കിന് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ ഭ്രമണപഥം സ്പേസ് എക്സ് താഴ്ത്തും. നിലവില്‍ ഭൂമിയില്‍ നിന്ന് ഭൂമിയിൽ നിന്ന് ഏകദേശം 550 കിലോമീറ്റർ ഉയരത്തിലാണ് ഈ ഉപഗ്രഹങ്ങളുള്ളത്. 

ടെക്‌സസ്: ഇലോൺ മസ്‌കിന്‍റെ കമ്പനിയായ സ്‌പേസ് എക്‌സ് ബഹിരാകാശ സംരക്ഷണത്തിനായി ഒരു പ്രധാന നടപടി പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി ഈ വര്‍ഷം (2026) ആയിരക്കണക്കിന് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ ഭ്രമണപഥം താഴ്ത്തും. ബഹിരാകാശ അവശിഷ്‌ടങ്ങളുടെ അപകടസാധ്യതയും കൂട്ടിയിടിയും കുറയ്ക്കുക എന്നതാണ് ഈ തീരുമാനത്തിന്‍റെ പ്രധാന ലക്ഷ്യം. നിലവിൽ ഭൂമിയിൽ നിന്ന് ഏകദേശം 550 കിലോമീറ്റർ (342 മൈൽ) ഉയരത്തിൽ ഭ്രമണം ചെയ്യുന്ന ആയിരക്കണക്കിന് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ ഉയരം കമ്പനി കുറയ്ക്കും. അവ താഴ്‌ത്തി ഭൂമിയില്‍ നിന്ന് ഏകദേശം 480 കിലോമീറ്റർ (298 മൈൽ) എന്ന സുരക്ഷിതമായ അകലത്തിൽ വിന്യസിക്കും. 2026-ഓടെ ഈ മുഴുവൻ പ്രക്രിയയും പൂർത്തിയാകുമെന്ന് സ്‌പേസ് എക്‌സിന്‍റെ എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്‍റ് മൈക്കൽ നിക്കോൾസ് പറഞ്ഞു.

ഈ നീക്കത്തിന് പിന്നിലെ കാരണം

ബഹിരാകാശം ഇപ്പോൾ പഴയതുപോലെ ശൂന്യമല്ല. ലോകമെമ്പാടുമുള്ള ടെക് കമ്പനികളും സർക്കാരുകളും ഇന്‍റർനെറ്റ്, ആശയവിനിമയം, നിരീക്ഷണം എന്നിവയ്ക്കായി നിരന്തരം ഉപഗ്രഹങ്ങൾ നിരന്തരം വിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ സ്റ്റാർലിങ്ക് മാത്രം ഏകദേശം 10,000-ത്തോളം ഉപഗ്രഹങ്ങൾ വിന്യസിച്ചിട്ടുണ്ട്. ഇത് താഴ്ന്ന ഭ്രമണപഥത്തിൽ (LEO) വലിയ തിരക്കിന് കാരണമായി. 2025 ഡിസംബറിൽ, സാങ്കേതിക തകരാർ കാരണം ഒരു സ്റ്റാർലിങ്ക് ഉപഗ്രഹം പൊട്ടിത്തെറിച്ചിരുന്നു. ഇതിന്‍റെ അവശിഷ്‍ടങ്ങൾ ബഹിരാകാശത്തേക്ക് വ്യാപിച്ചു. ഈ സംഭവം ബഹിരാകാശ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കൂടുതൽ വർധിപ്പിച്ചു.

ഭൂമിയില്‍ നിന്ന് 500 കിലോമീറ്ററിൽ അകലെ ബഹിരാകാശ അവശിഷ്‍ടങ്ങളുടെയും ഉപഗ്രഹങ്ങളുടെയും അളവ് താരതമ്യേന കുറവായതിനാൽ, താഴ്ന്ന ഉയരത്തിൽ ഉപഗ്രഹങ്ങൾ സ്ഥാപിക്കുന്നത് കൂട്ടിയിടികളുടെ സാധ്യത കുറയ്ക്കുമെന്ന് സ്‍പേസ് എക്സ് പറയുന്നു. ഉപഗ്രഹങ്ങൾ അവയുടെ അവസാന കാലഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ ഘർഷണം കാരണം കൂടുതൽ വേഗത്തിൽ അവ കത്തിത്തീരുകയും ചെയ്യും.

ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ അവശിഷ്‌ടങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബറിൽ, ഭ്രമണപഥത്തിനിടെ തങ്ങളുടെ ഒരു ഉപഗ്രഹം തകരാറിലായതായും, ചെറിയ അളവിൽ അവശിഷ്‌ടങ്ങൾ ഉത്പാദിപ്പിക്കപ്പെടുകയും ബന്ധം നഷ്‌ടപ്പെടുകയും ചെയ്‌തതായും സ്റ്റാർലിങ്ക് വെളിപ്പെടുത്തി. ഏകദേശം 260 മൈൽ ഉയരത്തിലാണ് ഈ സംഭവം നടന്നത്. ഇത് ഒരു അപൂർവ സാങ്കേതിക അപകടമായി വിശേഷിപ്പിക്കപ്പെട്ടു. സമീപ വർഷങ്ങളിൽ ഭൂമിയെ ചുറ്റുന്ന ബഹിരാകാശ പേടകങ്ങളുടെ എണ്ണത്തിൽ കുത്തനെ വർധനവുണ്ടായിട്ടുണ്ട്. ഉപഗ്രഹ ഇന്‍റർനെറ്റ് സേവനങ്ങൾ കാരണം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥം ഇപ്പോൾ വാണിജ്യ പ്രവർത്തനങ്ങളുടെ ഒരു കേന്ദ്രമായി മാറിയിരിക്കുന്നു.

അതേസമയം, ഒരുകാലത്ത് റോക്കറ്റുകൾ മാത്രം വിക്ഷേപിച്ചിരുന്ന സ്‌പേസ് എക്‌സ് ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഉപഗ്രഹ ഓപ്പറേറ്ററായി മാറിയിരിക്കുന്നു. ലോകമെമ്പാടും അതിവേഗ ഉപഗ്രഹ ബ്രോ‍ഡ്‌ബാന്‍ഡ് ഇന്‍റർനെറ്റ് നൽകുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. എന്നാൽ ബഹിരാകാശ സുരക്ഷയും ഒരുപോലെ പ്രധാനമാണ്. ബഹിരാകാശത്തെ തിരക്ക് കൂടിക്കൊണ്ടിരുന്നാൽ ഇവിടുത്തെ ഭാവിയിലെ പ്രവർത്തനങ്ങൾ വളരെ ദുഷ്‌കരമാകുമെന്ന് റെഗുലേറ്റർമാരും ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബഹിരാകാശം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള ഒരു വലിയ നടപടിയായി സ്റ്റാർലിങ്കിന്‍റെ ഈ പുതിയ നീക്കം കണക്കാക്കപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

'മുള്ള് തൊണ്ടയിൽ കുടുങ്ങില്ല, ഇത് ചൈനയുടെ ഉറപ്പ്', മുള്ളില്ലാ മത്സ്യത്തെ വികസിപ്പിച്ച് ചൈന
എൻസെലാഡസിന്റെ ഉപരിതലത്തിന് താഴെയുള്ള സമുദ്രത്തിൽ ജൈവ തന്മാത്രകൾ, ഭൂമിക്ക് പുറത്ത് ജീവൻ?