ഷവോമി 17 മാക്‌സ്: 6.9 ഇഞ്ച് ഡിസ്‌പ്ലേയും 200എംപി ക്യാമറയും ഉൾപ്പെടുന്ന പുതിയ ഫ്ലാഗ്ഷിപ്പ് ലോഞ്ച് ഉടൻ

Published : May 13, 2026, 03:20 PM IST
Xiaomi-17-Ultra

Synopsis

ഷവോമി 17 മാക്‌സ് ചൈനയിൽ ഔദ്യോഗികമായി ടീസർ ചെയ്തു, ഈ മാസം അവസാനം ഫോൺ വിപണിയിലെത്തുമെന്നാണ് സൂചന. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ, 200-മെഗാപിക്സൽ ക്യാമറ, 8,000 എംഎഎച്ച് ബാറ്ററി തുടങ്ങിയ മികച്ച ഫീച്ചറുകളോടെ പൂർണ്ണമായും അപ്‌ഗ്രേഡ് ചെയ്‌ത ഒരു പ്രീമിയം ഫ്ലാഗ്ഷിപ്പ് അനുഭവമായിരിക്കും ഈ ഫോൺ നൽകുക.

ബെയ്‌ജിങ്: ഷവോമി 17 മാക്‌സ് ഔദ്യോഗികമായി ചൈനയിലെ വെബ്സൈറ്റിൽ ടീസർ ചെയ്‌തു. ഇതോടെ ഈ സ്‍മാർട്ട്‌ഫോൺ ഉടൻ തന്നെ വിപണിയിൽ എത്തുമെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഈ മാസം അവസാനത്തോടെ ചൈനയിൽ ഷവോമി 17 മാക്‌സിന്‍റെ ലോഞ്ച് നടക്കുമെന്നാണ് റിപ്പോർട്ട്. ഷവോമിയുടെ 17 സീരീസിലെ ആറാമത്തെ മോഡലായിരിക്കും ഇത്. നിലവിൽ ഷവോമി 17, 17 പ്രോ, 17 പ്രോ മാക്‌സ്, 17 അൾട്രാ, ലെയിക ലെയിറ്റ്സ് ഫോൺ തുടങ്ങിയവയാണ് ഈ സീരീസിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഷവോമി 17 മാക്‌സ്: ഡിസ്‌പ്ലെ, പ്രോസസര്‍, ക്യാമറ

ഷവോമി 17 മാക്‌സ് സാധാരണ 17 മോഡലിന്‍റെ വലിയ പതിപ്പ് മാത്രമല്ല പൂർണ്ണമായും അപ്‌ഗ്രേഡ് ചെയ്‌ത ഒരു പുതിയ അനുഭവമായിരിക്കും എന്നാണ് ഷവോമി ഗ്രൂപ്പ് പ്രസിഡന്‍റ് ലു വെയ്‌ബിംഗ് വ്യക്തമാക്കുന്നത്. ഡിസൈൻ വിഭാഗത്തിലും പെർഫോമൻസിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ലീക്കുകൾ പ്രകാരം ഈ സ്‌മാർട്ട്ഫോണിൽ 6.9 ഇഞ്ച് വലിപ്പമുള്ള 2K റെസല്യൂഷൻ എൽടിപിഒ ഒഎൽഇഡി ഫ്ലാറ്റ് ഡിസ്‌പ്ലേ ഉണ്ടായിരിക്കും. പരമാവധി 3,800 നിറ്റ്‌സ് ബ്രൈറ്റ്‌നസ് ലഭ്യമാകുമെന്നാണ് സൂചന. കണ്ണുകളുടെ സുരക്ഷയ്ക്കായി 3,840 ഹെര്‍ട്‌സ് PWM ഡിമ്മിംഗ് സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഡ്രാഗൺ ക്ലിസ്റ്റൽ ഗ്ലാസ് 3.0 പ്രൊട്ടക്ഷനും ലഭിക്കും.

പെർഫോമൻസിന്‍റെ കാര്യത്തിൽ ക്വാൽകോം സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് പ്രതീക്ഷിക്കുന്നത്. LPDDR5X RAM, യുഎഫ്‌എസ് 4.0 സ്റ്റോറേജ്, കൂടാതെ അഡ്രെനോ 840 ജിപിയു എന്നിവയും ഇതിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുവഴി ഗെയിമിംഗ്, മൾട്ടിടാസ്‍കിംഗ് എന്നിവയിൽ മികച്ച പ്രകടനം ലഭിക്കും. ക്യാമറ വിഭാഗം ഈ ഫോണിന്‍റെ പ്രധാന ആകർഷണമായിരിക്കും. പിൻഭാഗത്ത് 200-മെഗാപിക്‌സൽ സാംസങ് എച്ച്‌പി9 സെൻസർ അടങ്ങിയ ട്രിപ്പിൾ ക്യാമറ സജ്ജീകരണം പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം 50എംപി അൾട്രാവൈഡ് ലെൻസ്, 3x പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് എന്നിവയും ഉണ്ടാകും. മുൻവശത്ത് 32എംപി സെൽഫി ക്യാമറയും പ്രതീക്ഷിക്കാം.

ബാറ്ററി വിശേഷങ്ങള്‍

ബാറ്ററി വിഭാഗത്തിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. ഷവോമി 17 മാക്‌സിന് ഏകദേശം 8,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയുണ്ടാകുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. 100 വാട്‌സ് വയേഡ് ഫാസ്റ്റ് ചാർജിംഗ്, 50 വാട്‌സ് വയർലെസ് ചാർജിംഗ് എന്നിവയും ലഭ്യമാകും. മറ്റ് സവിശേഷതകളിൽ 3 ഡി അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സെൻസർ, ഡ്യുവൽ സ്റ്റീരിയോ സ്‌പീക്കറുകൾ, ഇൻഫ്രാറെഡ് ബ്ലാസ്റ്റർ, മെറ്റൽ ഫ്രെയിം, ഐപി68 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് തുടങ്ങിയവയും ഉൾപ്പെടും. മൊത്തത്തിൽ, ഷവോമി 17 മാക്‌സ് ഒരു പ്രീമിയം ഫ്ലാഗ്ഷിപ്പ് അനുഭവം ലക്ഷ്യമിടുന്ന ശക്തമായ സ്‍മാർട്ട്ഫോൺ ആയിരിക്കും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എച്ച്‌പിയുടെ എഐ കരുത്ത്; വിപണി കീഴടക്കാൻ പുതിയ നിര ഉപകരണങ്ങള്‍
വില വര്‍ധനവ് തിരിച്ചടിച്ചു; രാജ്യത്ത് ബജറ്റ്-ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്‌ഫോണ്‍ വില്‍പന കുത്തനെ കുറഞ്ഞു