
ദില്ലി: മൊബൈല്‍ നിര്‍മ്മാണ ഭാഗങ്ങളുടെ പ്രതിസന്ധി തുടരുന്നതിനാല്‍ രാജ്യത്ത് ബജറ്റ്-സൗഹാര്‍ദ സ്‌മാര്‍ട്ട്‌ഫോണുകളുടെ വില്‍പന കുത്തനെ ഇടിഞ്ഞു. 2026-ന്‍റെ ആദ്യ പാദത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 59 ശതമാനത്തിന്‍റെ കുറവാണ് ബജറ്റ് ഫോണുകളുടെ വില്‍പനക്കാര്യത്തില്‍ സംഭവിച്ചതെന്ന് ഇന്‍റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍റെ (ഐഡിസി) റിപ്പോര്‍ട്ടില്‍ പറയുന്നു.
മൊബൈല്‍ ഫോണുകളുടെ നിര്‍മ്മാണത്തിന് അഭിവാജ്യ ഘടകങ്ങളായ റാം, സ്റ്റോറേജ് ചിപ്പുകളുടെ ലഭ്യതക്കുറവ് ആഗോളതലത്തില്‍ വലിയ പ്രതിസന്ധിയായിരിക്കുകയാണ്. മെമ്മറി ചിപ്പുകള്‍ ഇപ്പോള്‍ പ്രധാനമായും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഡാറ്റാ സെന്‍ററുകളുടെ വികസനത്തിനായാണ് കമ്പനികള്‍ നല്‍കുന്നത്. ഈ പ്രതിസന്ധി മൊബൈല്‍ ഫോണുകളുടെ വില വര്‍ധനവിന് കാരണമായിരുന്നു. ഇന്ത്യയിലും മിക്ക ബ്രാന്‍ഡുകളുടെയും എന്‍ട്രി-ലെവല്‍, ബജറ്റ്-ഫ്രണ്ട്‌ലി ഫോണുകളുടെ വിലയില്‍ വലിയ വര്‍ധനവ് ദൃശ്യമായി. ഇതോടെ ആളുകള്‍ പുത്തന്‍ ഫോണുകള്‍ വാങ്ങുന്നത് കുറയുകയായിരുന്നു.
1,000 രൂപ മുതല്‍ 3,500 രൂപ വരെയാണ് വിവിധ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളുടെ വില രാജ്യത്ത് വര്‍ധിച്ചത്. ചില ഫോണുകള്‍ക്ക് ഇതിലുമേറെ വില കൂടുകയും ചെയ്‌തു. പുതുതായി വിപണിയിലെത്തുന്ന ഫോണുകള്‍ക്കല്ല, നിലവിലുള്ള സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളിലാണ് ഈ വില വര്‍ധനവ് ദൃശ്യമായത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ബജറ്റ്, മിഡ്-റേഞ്ച് ഫോണുകള്‍ക്കാണ് പ്രധാനമായും വില വര്‍ധിക്കുന്നത്. അതിനാല്‍തന്നെ, പലരും ഫോണുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് പകരം നിലവിലുള്ള മോഡല്‍ കൂടുതല്‍ കാലം ഉപയോഗിക്കാന്‍ നിര്‍ബന്ധിതമാവുന്നു.
സപ്ലൈ ചെയിനിലുടനീളം നിര്‍മ്മാണ ചെലവ് സ്‌മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് വര്‍ധിച്ചിട്ടുണ്ട്. ഫോണ്‍ ഭാഗങ്ങള്‍ക്ക് വില കൂടിയതിനാല്‍ ഫോണുകളുടെ വില വര്‍ധിപ്പിക്കുക മാത്രമായി ബ്രാന്‍ഡുകളുടെ മുന്നിലുള്ള പോംവഴി. 5ജി ഫോണുകള്‍ 15,000 രൂപ പരിധിയില്‍ ലഭിക്കുക വലിയ പ്രയാസമാണ് എന്നാണ് നിഗമനങ്ങള്‍. ഇതേ നില തുടര്‍ന്നാല്‍ 5ജി ഫോണുകളുടെ കുറഞ്ഞ വില 20,000 രൂപയിലേക്ക് എത്തിയേക്കാം എന്നാണ് അനുമാനം. പുതിയ സ്‌മാര്‍ട്ട്‌ഫോണുകളുടെ വില വര്‍ധിക്കുന്നത് സെക്കന്‍ഡ്-ഹാന്‍ഡ് വിപണിക്ക് ഗുണകരമാകും എന്നും കരുതുന്നു. സെക്കന്‍ഡ്-ഹാന്‍ഡ് 5ജി ഫോണുകളുടെ ആവശ്യകത വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam