
ചെന്നൈ: കൃത്രിമ ബുദ്ധിമ അഥവാ എഐ തൊഴിൽ മേഖലയെ വേഗത്തിൽ മാറ്റിമറിക്കുകയാണ്. പലർക്കും ഇത് ജോലി നഷ്‌ടപ്പെടുമോ എന്ന ഭയത്തിലേക്ക് നയിക്കുന്നു. പ്രത്യേകിച്ച് സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കിടയിൽ ജോലി നഷ്‍ടപ്പെടുമെന്ന ആശങ്ക ഉയരുകയാണ്. ഈ സാഹചര്യത്തിൽ, സോഹോയുടെ സ്ഥാപകനായ ശ്രീധർ വെമ്പു സോഫ്റ്റ്‌വെയർ പ്രൊഫഷണലുകൾക്ക് ചില പ്രായോഗിക നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നു. വേഗതയല്ല, ഗുണമേന്മയും ആഴവുമുള്ള അറിവുമാണ് ഭാവിയിൽ വിജയത്തിന്‍റെ താക്കോൽ എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. വേഗതയിൽ കുറച്ച് ശ്രദ്ധ കേന്ദ്രീകരിക്കുക, ഉള്ളടക്കത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അതിലും പ്രധാനമായി, നിങ്ങളുടെ ഡൊമെയ്‌നിൽ ഒരു വിദഗ്ദ്ധനാകുക എന്നാണ് ശ്രീധർ വെമ്പു വ്യക്തമാക്കുന്നത്.
എക്‌സ് പ്ലാറ്റ്‌ഫോമിലെ പുതിയ പോസ്റ്റിൽ, പ്രോഗ്രാമിംഗ് കഴിവുകൾ അടിസ്ഥാനമാണ് എങ്കിലും, ഉപഭോക്താക്കൾക്ക് യഥാർത്ഥ മൂല്യം നൽകുന്നത് ഡൊമെയ്ൻ വിദഗ്‌ധതയാണ് എന്ന് വെമ്പു വ്യക്തമാക്കി. “ഡൊമെയ്ൻ എക്‌സ്‌പെർട്ടാകുക. പ്രോഗ്രാമിംഗ് ഒരു അടിത്തറയാണ്, എന്നാൽ ഉപഭോക്താക്കൾ പണമിടുന്നത് ആഴത്തിലുള്ള അറിവിനും വിശ്വാസ്യതക്കും സുരക്ഷയ്ക്കും പിന്തുണയ്ക്കും നിയമാനുസൃതതയ്ക്കുമായാണ്”- എന്നാണ് ശ്രീധർ വെമ്പു കുറിച്ചത്.
എഐ ടൂളുകൾ ഇതിനകം സോഫ്റ്റ്‌വെയർ വികസനത്തിലെ ആദ്യഘട്ടങ്ങളായ പ്രോട്ടോടൈപ്പിംഗ് പോലുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നുവെന്ന് വെമ്പു ചൂണ്ടിക്കാട്ടി. എന്നാൽ ഒരു സമ്പൂർണ്ണവും വിശ്വസനീയവുമായ ഉൽപ്പന്നം സൃഷ്ടിക്കുന്നത് കൂടുതൽ സങ്കീർണ്ണമാണെന്നും അതിന് മനുഷ്യരുടെ ശ്രദ്ധയും പരിചയവും നിർണായകമാണെന്നും അദേഹം കൂട്ടിച്ചേർത്തു. സുരക്ഷ, നിയമാനുസൃതത, ദീർഘകാല പിന്തുണ എന്നിവ എഐ വഴി എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
ഡെവലപ്പർമാർ പ്രൊഡക്റ്റിവിറ്റിയെന്ന ഏക മാനദണ്ഡത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുത് എന്നും വെമ്പു മുന്നറിയിപ്പ് നൽകി. കോഡ് വരികളുടെ എണ്ണം അല്ലെങ്കിൽ വേഗത മാത്രമല്ല, ഉപഭോക്തൃ അനുഭവമാണ് പ്രധാനം എന്നും എഐ ഉപയോഗിച്ച് അത് എങ്ങനെ മെച്ചപ്പെടുത്താം എന്നതിലാണ് ശ്രദ്ധ വേണ്ടതെന്നും അദേഹം അഭിപ്രായപ്പെട്ടു.
കൂടാതെ, മെഷീനുകളോടൊപ്പം പ്രവർത്തിക്കാൻ പഠിക്കണമെന്നും അദേഹം നിർദേശിക്കുന്നു. ആധുനിക സോഫ്റ്റ്‌വെയറുകളിൽ “ഇൻസിഡൻറൽ കോംപ്ലെക്‌സിറ്റി” എന്നറിയപ്പെടുന്ന അനാവശ്യ സങ്കീർണ്ണതകൾ ഉണ്ടാകാറുണ്ട്. എഐ ഈ പ്രശ്‍നങ്ങൾ കുറച്ച് സിസ്റ്റങ്ങൾ ലളിതമാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ഇലോൺ മസ്‍ക് ഉയർത്തിയ യൂണിവേഴ്സൽ ബേസിക് ഇൻകം ആശയത്തെയും വെമ്പു വിമർശിച്ചു. എഐയും റോബോട്ടിക്‌സും ഉൽപ്പാദനം ഗണ്യമായി വർധിപ്പിക്കുമ്പോൾ, സാധ്യതയുള്ള തൊഴിൽ നഷ്‍ടം നേരിടാൻ സർക്കാരുകൾക്ക് വരുമാന പിന്തുണ നൽകേണ്ടിവരുമെന്നായിരുന്നു മസ്‌കിന്‍റെ വാദം. എഐ എല്ലാ ജോലികളും ഇല്ലാതാക്കുമെന്ന കാഴ്ചപ്പാട് ശ്രീധർ വെമ്പു തള്ളി. ഉൽപ്പാദനം കൂടുമ്പോൾ വില കുറയുന്നതാണ് സ്വാഭാവികമെന്നും അതിനാൽ വലിയ വരുമാന സഹായം ആവശ്യമില്ലെന്നും അദേഹം അഭിപ്രായപ്പെട്ടു. എഐ എല്ലാം ചെയ്യും എങ്കിൽ മനുഷ്യർ എന്ത് ചെയ്യും എന്നും നമുക്ക് എഐ ചെയ്യരുതെന്ന് തോന്നുന്ന കാര്യങ്ങൾ മനുഷ്യർ തന്നെ ചെയ്യും എന്നും പറഞ്ഞായിരുന്നു ശ്രീധർ വെമ്പു പോസ്റ്റ് അവസാനിപ്പിച്ചത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam