വർക്ക് ഫ്രം ഹോം വ്യാപകമായി നടപ്പാക്കില്ലെന്ന് സോഹോ സ്ഥാപകൻ; കാരണമിത്

Published : May 19, 2026, 03:30 PM IST
Sridhar Vembu

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദി വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും, സോഫ്‌റ്റ്‌വെയര്‍ കമ്പനിയായ സോഹോ ഈ രീതി വ്യാപകമാക്കില്ലെന്ന് സ്ഥാപകൻ ശ്രീധർ വെമ്പു വ്യക്തമാക്കി. ഗവേഷണ-വികസന ജോലികളിൽ ജീവനക്കാരുടെ നേരിട്ടുള്ള സഹകരണം കൂടുതൽ ഫലപ്രദമാണെന്ന് അദ്ദേഹം വാദിക്കുന്നു.

ചെന്നൈ: സൂം മീറ്റിംഗുകളും ഓൺലൈൻ കോൺഫറൻസുകളും വീണ്ടും പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വർക്ക് ഫ്രം ഹോം വ്യാപകമായി നടപ്പാക്കില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ സോഫ്‌റ്റ്‌വെയര്‍ കമ്പനിയായ സോഹോയുടെ സ്ഥാപകനായ ശ്രീധർ വെമ്പു. ഗവേഷണ-വികസന ജോലികളിൽ ജീവനക്കാരുടെ നേരിട്ടുള്ള സഹകരണവും ഇടപെടലും കൂടുതൽ ഫലപ്രദമാണ് എന്നാണ് അദേഹത്തിന്‍റെ നിലപാട്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് ശ്രീധര്‍ വെമ്പു കമ്പനിയുടെ തീരുമാനം വിശദീകരിച്ചത്. പുതിയ ജോലി സംസ്‍കാരത്തെക്കുറിച്ചുള്ള തന്‍റെ നേരത്തെയുള്ള അഭിപ്രായങ്ങൾക്ക് പിന്നാലെ സ്ഥാപനത്തിനുള്ളിൽ വലിയ ചർച്ച നടന്നുവെന്നും എന്നാൽ ഒടുവിൽ വർക്ക് ഫ്രം ഹോം സമ്പ്രദായം വികസിപ്പിക്കേണ്ടതില്ല എന്നാണ് തീരുമാനിച്ചതെന്നും അദേഹം പറഞ്ഞു. ഗവേഷണ-വികസന വിഭാഗങ്ങളിൽ പ്രശ്നപരിഹാരത്തിന് മുഖാമുഖം തന്നെയുള്ള ഇടപെടൽ ഏറെ സഹായകരമാണെന്നാണ് അദേഹത്തിന്‍റെ വിലയിരുത്തൽ.

“ഓഫീസിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ആശയവിനിമയം സ്വാഭാവികമായി നടക്കുന്നു. പ്രശ്‍നങ്ങൾ വേഗത്തിൽ പരിഹരിക്കാനും പുതിയ ആശയങ്ങൾ രൂപപ്പെടാനും അത് സഹായിക്കുന്നു,” എന്നാണ് ശ്രീധര്‍ വെമ്പു കുറിച്ചത്. സ്വന്തം ഡെവലപ്പ്മെന്‍റ് ടീമിലെ അനുഭവം ചൂണ്ടിക്കാട്ടിയ അദേഹം, ദൂരെയിരുന്ന് ജോലി ചെയ്യുമ്പോൾ പല വിഷയങ്ങളും തീർപ്പാക്കാൻ കൂടുതൽ സമയം എടുക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.

ഇതിനിടെ, പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ ഇന്ധന ഉപഭോഗം കുറയ്ക്കാൻ രാജ്യത്തെ ജനങ്ങളോടും സ്ഥാപനങ്ങളോടും പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌തിരുന്നു. കൊവിഡ് കാലത്ത് വ്യാപകമായിരുന്ന വർക്ക് ഫ്രം ഹോം, ഓൺലൈൻ മീറ്റിംഗുകൾ, അനാവശ്യ യാത്രകൾ ഒഴിവാക്കൽ തുടങ്ങിയ രീതികൾ വീണ്ടും പരിഗണിക്കണമെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു. ഇന്ധന ഇറക്കുമതിയിലുള്ള ആശ്രയം കുറയ്ക്കേണ്ടത് രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയ്ക്കും നിർണായകമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

അതേസമയം, വർക്ക് ഫ്രം ഹോം നടപ്പിലാക്കില്ല എങ്കിലും ഇന്ധന ലാഭത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി മറ്റ് നടപടികൾ സോഹോ പരിശോധിക്കുകയാണെന്ന് ശ്രീധർ വെമ്പു വ്യക്തമാക്കി. ഇലക്‌ട്രിക് ബസ് സർവീസുകൾ, കമ്പനിയുടെ കാന്റീനുകളിൽ ഇലക്‌ട്രിക് കുക്കിംഗ് സംവിധാനം, സൗരോർജ നിക്ഷേപങ്ങൾ എന്നിവ ഇതിനകം പരിഗണനയിലുണ്ടെന്ന് അദേഹം പറഞ്ഞു.

ഇന്ത്യൻ ഐടി മേഖലയിലെ പുതിയ ജോലി സംസ്‍കാരത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ശ്രീധര്‍ വെമ്പുവിന്‍റെ പരാമർശങ്ങൾ ശ്രദ്ധ നേടുന്നത്. ചില കമ്പനികൾ ഹൈബ്രിഡ് ജോലി രീതി പിന്തുടരുമ്പോൾ, മറ്റു ചില കമ്പനികൾ ജീവനക്കാർ ഓഫീസിൽ നേരിട്ട് എത്തിയാൽ ആണ് മികച്ച കാര്യക്ഷമത ഉണ്ടാകുന്നതെന്ന് വിശ്വസിക്കുന്നു.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അന്യഗ്രഹ ജീവികൾക്കായുള്ള തിരച്ചിലിൽ വിപ്ലവം; ബയോസിഗ്നേച്ചർ പഠനത്തിൽ നിർണായക മുന്നേറ്റം
ഐഫോൺ 18 പ്രോയിൽ വമ്പൻ മാറ്റങ്ങൾ; ക്യാമറ, ബാറ്ററി, ഡിസൈനിൽ ആകെ പുതുമകൾ